സുരക്ഷിതവും നീതിപൂര്‍വ്വകവുമായ ഒരു അധികാരക്കൈമാറ്റം നടത്താനാകുന്നത് വരെ അമേരിക്ക വെനസ്വേലയുടെ ഭരണം നിയന്ത്രിക്കും. അമേരിക്കന്‍ ഓയില്‍ കമ്പനികള്‍ വെനസ്വേലയിലേക്ക് നീങ്ങുകയും അവിടെ താറുമാറായി കിടക്കുന്ന എണ്ണ ഖനന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. വെനസ്വേലയില്‍ ആക്രമണം നടത്തുകയും ആ രാജ്യത്തിന്റെ തലവനെയും ഭാര്യയെയും കടത്തിക്കൊണ്ട് പോകുകയും ചെയ്തതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ രണ്ട് വാചകങ്ങളാണ് ഇവ. അമേരിക്കയിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന രാജ്യം എന്ന് ആരോപിച്ചു കൊണ്ടാണ് വെനസ്വേലയെ അവര്‍ ആക്രമിച്ചത്. എന്നാല്‍ ആ രാജ്യത്തെ പ്രതിപക്ഷത്തെ പോലും പരിഗണിക്കാതെ അമേരിക്ക തന്നെ ഭരണം കയ്യാളുമെന്നും അവിടുത്തെ എണ്ണ ശേഖരത്തില്‍ അമേരിക്കന്‍ കമ്പനികള്‍ കൈവെക്കുമെന്നും ട്രംപ് പറയുമ്പോള്‍ ആശയം വ്യക്തമാണ്. അമേരിക്കയുടെ അഥവാ ട്രംപിന്റെ കണ്ണുകള്‍ വെനസ്വേലയുടെ എണ്ണ നിക്ഷേപത്തിലേക്കാണ് നീളുന്നത്.
വെനസ്വേലയുടെ എണ്ണ സമ്പത്ത്
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും സ്ഥാനമില്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. 303 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപം വെനസ്വേലയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് കണക്കുകള്‍ അനുസരിച്ച് ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ 17 മുതല്‍ 20 ശതമാനം വരെ വരും ഇത്. സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടേറിയ ഹെവി ക്രൂഡ് നിക്ഷേപമാണ് ഇവിടെയുള്ളതെങ്കിലും അമേരിക്കയിലെ റിഫൈനിംഗ് സംവിധാനങ്ങള്‍ എല്ലാം തന്നെ ഹെവി ക്രൂഡിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉദ്പാദിപ്പിക്കുന്ന അമേരിക്കയുടെ ക്രൂഡ് നിക്ഷേപം വളരെ കുറവാണെന്നത് വെനസ്വേലയിലേക്ക് അവരുടെ കണ്ണുകള്‍ എത്തിക്കുന്നുണ്ടെന്ന് സാരം. പ്രകൃതി വാതക നിക്ഷേപത്തിലും രാജ്യം മുന്‍പന്തിയിലാണ്. 5.5 ട്രില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതക നിക്ഷേപം ഇവിടെയുണ്ട്. തെക്കേ അമേരിക്കയുടെ ആകെ പ്രകൃതി വാതക നിക്ഷേപത്തിന്റെ 73 ശതമാനം! ഇത്രയും പ്രകൃതി വിഭവങ്ങള്‍ ഉണ്ടായിട്ടും വെനസ്വേല ഒരു ദരിദ്ര രാഷ്ട്രമായി മാറിയത് എങ്ങനെയാണ്?
ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് രാജ്യത്തെ എണ്ണയുദ്പാദനത്തില്‍ ദേശസാത്കരണം കൊണ്ടുവന്നു. 51 ശതമാനം ഗവണ്‍മെന്റ് പങ്കാളിത്തത്തോടെ മാത്രമേ ഉദ്പാദനം സാധ്യമാകുമായിരുന്നുള്ളു. ഇതോടെ മേഖലയിലുണ്ടായിരുന്ന അമേരിക്കന്‍ എണ്ണക്കമ്പനികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകളുമായി മുന്നോട്ടു പോയി. ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, ചരക്ക് കൈമാറ്റം തുടങ്ങിയ മേഖലകളില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു അമേരിക്കയുടെ തിരിച്ചടി. സാമ്പത്തിക മേഖലയിലും ഉപരോധം വന്നു. ജോര്‍ജ് ബുഷ് ജൂനിയറിന്റെ കാലത്താണ് വെനസ്വേലക്ക് എതിരെ അമേരിക്ക ഉപരോധങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വന്ന പ്രസിഡന്റുമാരും ഇത് തുടര്‍ന്നു. വിലക്കുകള്‍ മൂലം പല രാജ്യങ്ങളും എണ്ണ വാങ്ങാതെ വന്നതും സാങ്കേതിക മേഖലയിലെ ഉപരോധം മൂലം ഖനനം തന്നെ കുറയുകയും ചെയ്തത് ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. 2013ല്‍ ഷാവേസിന്റെ കാലത്ത് 3.5 കോടി ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിരുന്ന വെനസ്വേല 2025ല്‍ രേഖപ്പെടുത്തിയത് 9 ലക്ഷം ബാരലുകള്‍ മാത്രമാണ്. 2024ല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ കടുപ്പിച്ചതോടെ എണ്ണ വാങ്ങുന്നത് അവര്‍ അവസാനിപ്പിച്ചു. ഒരിക്കല്‍ വെനസ്വേലയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നത് അമേരിക്കയായിരുന്നു.
ദശകങ്ങളായി തുടര്‍ന്നു വരുന്ന ഉപരോധങ്ങള്‍ എണ്ണ ഖനനത്തെയും കയറ്റുമതിയെയും ബാധിച്ചതാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത്. അതിനൊപ്പം ഏകാധിപതിയായ നിക്കോളാസ് മദൂറോയുടെ ഭരണത്തില്‍ രാജ്യം ഏറെ പിന്നോട്ട് പോകുകയും ചെയ്തു. എണ്ണ വരുമാനം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്താന്‍ ആരംഭിച്ചു. 2020 മാര്‍ച്ചിലാണ് മദൂറോക്ക് എതിരെ അമേരിക്ക നാര്‍ക്കോ-തീവ്രവാദ കുറ്റങ്ങള്‍ ചുമത്തിയത്. അമേരിക്കയിലേക്ക് കൊക്കെയ്ന്‍ കയറ്റി അയക്കാന്‍ ലോസ് സോളേസ് കാര്‍ട്ടലിന് രൂപം കൊടുത്തതായി അമേരിക്ക മദൂറോയെ കുറ്റപ്പെടുത്തി. രാഷ്ട്രത്തലവന്‍ എന്നതിനേക്കാള്‍ അധോലോക നായകന്‍ എന്ന തരത്തിലാണ് അമേരിക്ക മദൂറോയെ കണക്കാക്കിയത്. അമേരിക്കന്‍ താല്‍പര്യങ്ങളാണ് ഇവക്ക് പിന്നിലെന്ന് വെനസ്വേല പ്രതികരിക്കുകയും മദൂറോക്ക് എതിരായ ആരോപണങ്ങളെ തള്ളുകയും ചെയ്തു.
2024 ജൂലൈയില്‍ വെനസ്വേലയില്‍ നടന്ന തെരഞ്ഞെടുപ്പ് അധികാരത്തില്‍ മദൂറോക്കുണ്ടായിരുന്ന അപ്രമാദിത്വത്തിന് ചെറിയ ഇടിവുണ്ടാക്കി. തെരഞ്ഞെടുപ്പില്‍ മദൂറോയുടെ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും വന്‍ വിജയമാണ് തങ്ങള്‍ നേടിയതെന്നും പ്രതിപക്ഷം അവകാശപ്പെട്ടെങ്കിലും മദൂറോ തന്നെ അധികാരത്തില്‍ എത്തി. ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവായ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീനോ മച്ചാഡോ അടക്കമുള്ള നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മദൂറോ ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുന്ന അനധികൃതമായി ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒരാളായി അമേരിക്ക മദൂറോയെ നിര്‍വചിച്ചു.
ട്രംപിന്റെ രണ്ടാം വരവില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. സാമ്പത്തിക, ക്രൂഡ് മേഖലകളില്‍ ഉപരോധങ്ങള്‍ ശക്തമാക്കി. മദൂറോയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 കോടി ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചു. കരീബിയന്‍, കിഴക്കന്‍ പസഫിക് സമുദ്രങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുകയും ബോട്ടുകള്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. 35 ബോട്ടുകള്‍ ഇത്തരത്തില്‍ അമേരിക്ക തകര്‍ത്തു. 110 പേര്‍ക്കാണ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ വെനസ്വേലയില്‍ മയക്കുമരുന്ന് കടത്ത് സംശയിക്കുന്ന ഒരു തുറമുഖത്ത് നടത്തിയ ഡ്രോണ്‍ ആക്രമണമാണ് അമേരിക്ക ആ രാജ്യത്ത് നേരിട്ട് നടത്തുന്ന ആദ്യ ആക്രമണം. യുദ്ധക്കപ്പലുകളും വിമാനങ്ങളും വിമാന വാഹിനികളും അടക്കം വലിയ സന്നാഹങ്ങള്‍ ഇതിന് വേണ്ടി അമേരിക്ക ഒരുക്കിയിരുന്നു. ഇതോടെ അമേരിക്ക വലിയൊരു നീക്കത്തിനായി തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ നല്‍കിയിരുന്നു.
ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് അമേരിക്കന്‍ ഹെലികോപ്ടറുകളും വിമാനങ്ങളും വെനസ്വേലന്‍ ആകാശത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തുകയും ഡെല്‍റ്റ ഫോഴ്‌സ് സേനാംഗങ്ങള്‍ പ്രസിഡന്റിന്റെ വസതിയില്‍ കയറി മദൂറോയെയും ഭാര്യയെയും പിടികൂടുകയുമായിരുന്നു.