Around us

മതം നോക്കി വോട്ട് പിടിക്കുന്നത് കേരളത്തിന് അപമാനം, തൃക്കാക്കരയില്‍ സ്വന്തം വോട്ട് പോകാതെ മുഖ്യമന്ത്രി നോക്കട്ടെ; വി.ഡി സതീശന്‍

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എല്ലാ മുഖ്യമന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തില്‍ എത്താറുണ്ട്. പക്ഷെ തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടത്. പാര്‍ട്ടി നേതാക്കള്‍ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാര്‍ഥിയെ നൂലില്‍കെട്ടിയിറക്കിയതിന്റെ പരിഭവത്തില്‍ പാര്‍ട്ടി വോട്ടുകള്‍ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാര്‍ട്ടി വോട്ടുകള്‍ പിടിച്ച് നിര്‍ത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

യു.ഡി.എഫ് പുതുതായി 6500 വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകളില്‍ നിന്നും ആകെ 3600 വോട്ടുകള്‍ മാത്രമാണ് ചേര്‍ക്കപ്പെട്ടത്. യു.ഡി.എഫ് നല്‍കിയ അയ്യായിരത്തോളം അപേക്ഷകളാണ് ഒഴിവാക്കിയത്. ഒഴിവാക്കിയ വോട്ടുകള്‍ ചേര്‍ക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ തയാറാകണം. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥയെയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപരമായ നടപടി എടുത്തില്ലെങ്കില്‍ യു.ഡി.എഫ് നിയമനടപടികള്‍ സ്വീകരിക്കും.

1999- 2000 കാലഘട്ടത്തിന് ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ്. ആറ് വര്‍ഷക്കാലത്തെ ഇടത് സര്‍ക്കാരിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ച് ട്രഷറി നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാനേജ്മെന്റ് കൊടുക്കട്ടേയെന്നാണ് മന്ത്രി പറയുന്നത്. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇതു തന്നെയാണ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥ. വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉള്‍പ്പെടെ സാധാരണക്കാരുമായി നേരിട്ട് ബന്ധമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് എങ്ങനെയാണ് വരുത്തിവച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നിലവിലുള്ള സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം.

വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ പ്രതിസന്ധി ശ്രീലങ്കയില്‍ ഏത് ഘട്ടം വരെ പോയി എന്നത് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച് യു.ഡി.എഫ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. കിഫ്ബി വഴി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ പൊതുകടമായി വരും. ആയിരം കോടി പോലും കടമെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഈ അവസ്ഥയിലാണ് രണ്ട് ലക്ഷം കോടി രൂപയുടെ കമ്മീഷന്‍ റെയിലിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത്.

കൊലപാതക രാഷ്ട്രീയത്തിനും കേരളത്തെ തകര്‍ക്കുന്ന കെ-റെയിലിനും എതിരാണെന്ന് ട്വന്റി ട്വന്റിയും എ.എ.പിയും വ്യക്തമാക്കിയിട്ടുണ്ട്. അവരുടേത് സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ്. സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തില്‍ ആ വോട്ടുകളും യു.ഡി.എഫിന് കിട്ടും. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയുമായി യു.ഡി.എഫ് സന്ധി ചെയ്യില്ല. വോട്ടിന് വേണ്ടി വര്‍ഗീയ നിലപാടുള്ള ഒരു സംഘടനയുമായും ഒരു ചര്‍ച്ചയും നടത്തില്ല എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT