Around us

‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും നിരാശയുണ്ടാക്കുന്നതും’; ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്നും സച്ചിദാനന്ദന്‍ 

THE CUE

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും, ചായ കുടിക്കാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടതല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ജനാധിപത്യ പ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് കവി കെ സച്ചിദാനന്ദന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും നിരാശയുണ്ടാക്കുന്നതുമാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളുന്ന യുവതീയുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന രാജ്യത്ത്, അതിന്റെ ഭാഗമാകുന്ന പ്രവൃത്തി ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അലന്‍-താഹ മനുഷ്യാവകാശ സമിതിക്ക് അയച്ച സന്ദേശത്തിലാണ് സച്ചിദാനന്ദന്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസ് എന്‍ഐഎ നേരിട്ട് ഏറ്റെടുത്തതാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേസ് തിരിച്ചെടുക്കാനുള്ള സ്വാന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇതുപയോഗിച്ച് കേസ് ശരിയായ രീതിയില്‍ വിചാരണ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സച്ചിദാനന്ദന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സച്ചിദാനന്ദന്റെ സന്ദേശത്തിന്റെ പൂര്‍ണരൂപം

അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. യുഎപിഎ സ്വയം തന്നെ ഒരു കരിനിയമമായിരുന്നു. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടു വന്ന, വ്യക്തികളെയും ഭീകരവാദികളായി കാണാമെന്ന ഭേദഗതി അതിനെ ഒന്നുകൂടി കറുത്തതാക്കിയിരിക്കുന്നു. ആ നിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുപക്ഷവും, വിശേഷിച്ച് ഇടതുപക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. അത് ഉപയോഗിച്ചാണ് ഈ രണ്ട് കുട്ടികള്‍ തടവിലാക്കപ്പെട്ടത് എന്നത് അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്ന് എതിര്‍ക്കേണ്ട വസ്തുതയാണ് അത്.

എന്‍ഐഎ ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെയാണ്, അറിവില്ലാതെയാണ് എന്ന് ഗവണ്‍മെന്റ് പ്രസ്താവിച്ച് കണ്ടു. അത് ശരിയാണെങ്കില്‍ തിരിച്ചെടുത്ത് കേസ് നടത്താനുള്ള സ്വാതന്ത്ര്യം എന്‍ഐഎ തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കേസ് തിരിച്ചെടുത്ത് സംസ്ഥാനത്തേക്ക് കൊണ്ടു വരണം. ശരിയായ രീതിയില്‍ വിചാരണ ചെയ്യപ്പെടണം. ഇന്നോളമുള്ള ഹൈക്കോടതി, സുപ്രീംകോടതി വിധികള്‍ നോക്കുകയാണെങ്കില്‍ ഒരാള്‍ ഒരു വിചാരം കൊണ്ടു നടക്കുന്നത്, വിശ്വാസം അല്ലെങ്കില്‍ പ്രത്യയശാസ്ത്രം മനസ്സില്‍ കൊണ്ടു നടക്കുന്നത് അതിന്റെ പ്രചാരണത്തിലേര്‍പ്പെടുത്തത്, ലഘുലേഖകളോ പുസ്തകങ്ങളോ കൈയ്യില്‍ വെക്കുന്നത് ഒന്നും തന്നെ തടവിലാക്കാവുന്ന കുറ്റമല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റം അലനോ താഹയോ നടപ്പിലാക്കിയതായി കാണുന്നില്ല.

ഗവണ്‍മെന്റ് പോലും അവരെന്തെങ്കിലും കുറ്റം ചെയ്തതായി പറയുന്നില്ല. എന്നുമാത്രമല്ല അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന് കിട്ടുന്ന മറുപടി വളരെ നിരാശാജനകവും അഹങ്കാരപൂര്‍ണ്ണവുമാണ്. ഈ കുട്ടികള്‍ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോളല്ല അറസ്റ്റ് ചെയ്തതെന്ന് ഒരിക്കലും ഒരു ജനാധിപത്യ പ്രതിനിധി പറഞ്ഞു കൂടാത്ത വാചകങ്ങളാണ്. അതുകൊണ്ട് ഒരു ന്യായീകരണവുമില്ലാത്ത അലന്റെയും താഹയുടെയും അറസ്റ്റ് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ജനങ്ങളുടെ ബോധം ഉയര്‍ന്നേ തീരൂ.

ഇപ്പോള്‍ ഇന്ത്യയാകെ യുവജനകമ്പനം വ്യാപിച്ചു കൊണ്ടിരിക്കുന്ന കാലത്ത്. യുവാക്കളും യുവതികളുമെല്ലാം ജനാധിപത്യത്തിന് വേണ്ടിയും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളുന്ന സമയത്ത്, നിരവധി പേര്‍ കള്ളക്കേസുകളില്‍ കുടുക്കപ്പെടുന്ന കാലത്ത്, അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഒരു ഇടതുപക്ഷത്തിന് ചേര്‍ന്ന പ്രവര്‍ത്തിയല്ല. അതുകൊണ്ട് നാമെല്ലാം ഒന്നിച്ച് നില്‍ക്കണം, ശബ്ദം ഉയര്‍ത്തണം. കാരണം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള ശബ്ദമാണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT