Around us

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ‍റഡാർ ഉപയോഗിച്ച് പരിശോധന തുടരുന്നു; അർജുൻ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ നാട്

ഉത്തര കന്നഡയിലെ ഷിരൂരിൽ നാല് ദിവസം മുമ്പുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തെരിച്ചിലിന് നേതൃത്വം നൽകുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത് എങ്കിലും കാലാവസ്ഥയും മണ്ണിനടിയിൽ ഉള്ള വലിയ കല്ലുകളും തെരച്ചിലിനെ ബാധിക്കുന്നുണ്ട്. നേരത്തെ ലഭിച്ച സിഗ്നൽ പ്രകാരം മണ്ണിനടിയിൽ ലോറി അകപ്പെട്ടു എന്ന് കരുതപ്പെടുന്ന പ്രദേശത്താണ് ഇപ്പോൾ തെരച്ചിൽ പുരോഗമിക്കുന്നത്.

ഇന്ന് കാലത്ത് മംഗളൂരിൽ നിന്നാണ് ഈ അത്യാധുനിക സൗകര്യങ്ങളുള്ള റഡാർ എത്തിച്ചത്. ആദ്യഘട്ടത്തിൽ സിഗ്നൽ ലഭ്യമായെന്ന് കണക്കാക്കുന്ന പ്രദേശത്ത് മണ്ണ് മാറ്റി പരിശോധന നടത്തിവരുന്നു.എൻഐടി വിദഗ്ധ സംഘം,എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ ഉൾപ്പടെ എഴുപത് പേരാണ് ഇപ്പോൾ പരിശോധനയിൽ ഉള്ളത്. കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയപാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. കർണാടകയിലെ ബെളഗാവിയിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരികയായിരുന്നു അർജുൻ. 

അപകടശേഷം പ്രവർത്തനരഹിതമായ അർജുനിന്റെ ഫോൺ വെള്ളിയാഴ്ച്ച വീണ്ടും റിങ് ചെയ്തത് പ്രതീക്ഷ നൽകി. ലോറിയുടെ എൻജിൻ ഓൺ ആണെന്ന വിവരം കൂടി വെള്ളിയാഴ്ച്ച ലഭ്യമായി. നിലവിൽ സിഗ്നൽ ലഭ്യമായെന്ന് കരുതുന്ന പ്രദേശത്ത് പത്ത് മീറ്ററിലേറെ ഉയരത്തിൽ മണ്ണ് കുമിഞ്ഞ്‍കൂടി കിടക്കുകയാണ്. അതിനിടെ സമീപത്തെ പുഴയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടാകാമെന്ന നിഗമനത്തിൽ നേവി സംഘമെത്തി പുഴയിൽ പരിശോധന നടത്തി. മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചെങ്കിലും പുഴയിൽ ലോറി ഉള്ളതായി കണ്ടെത്താനായില്ല.ഈ സാചര്യത്തിലാണ് നേരത്തെ സിഗ്നൽ ലഭിച്ച പ്രദേശത്തേക്ക് തെരച്ചിൽ കേന്ദ്രീകരിച്ചത്.

ഈ പ്രദേശത്ത് അഞ്ഞൂറ് മീറ്ററോളം മണ്ണിടിഞ്ഞിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലിനാണ് കുന്നിടിഞ്ഞുവീണത്.

സാധാരണ രാത്രി ഡ്രൈവ് ചെയ്ത് കാലത്ത് ലോറി നിർത്തി വിശ്രമിക്കുന്നതാണ് അർജുനിന്റെ രീതി. പത്ത് മണി വരെ ഈ വിശ്രമം നീളും.

പതിനൊന്ന് മണിയായിട്ടും അർജുനെ വിളിച്ച് കിട്ടാതായതോടെയാണ് അർജുനൊപ്പം ജോലി ചെയ്യുന്ന സമീർ വീട്ടുകാരെ ബന്ധപ്പെട്ടത്. അർജുനെ വിളിച്ച് കിട്ടുന്നില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്നും സമീർ ചോദിക്കുന്നു. ഇല്ലെന്ന് വീട്ടുകാർ മറുപടി പറഞ്ഞപ്പോളാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക സമീർ വീട്ടുകാരുമായി പങ്കുവെച്ചത്.'10 മീറ്റർ വരെ മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണിടിയുന്നതിനു മുൻപ് ആ പ്രദേശം കടന്നിട്ടുണ്ടെങ്കിൽ പ്രശ്നമില്ല, അല്ലെങ്കിൽ വളഞ്ഞു ചുറ്റി 2 ദിവസം യാത്ര ചെയ്തേ വരാൻ പറ്റൂ' എന്നായിരുന്നു സമീർ അർജുനിന്റെ വീട്ടുകാരോട് പറഞ്ഞത്.

പിന്നീട് പരിശോധന ആരംഭിക്കുന്ന ഘട്ടത്തിൽ ജിപിഎസ് ലൊക്കേഷൻ ഇവർ സ്ഥിരമായി വിശ്രമിക്കുന്ന സ്ഥലത്തു തന്നെയാണെന്നു കാണിക്കുന്നത്. ഇതോടെയാണ് അർജുൻ വാഹനമടക്കം മണ്ണിൽ അകപ്പെട്ടുപോയിട്ടുണ്ടാകാം എന്ന നിഗമനത്തിൽ എത്തുന്നത്.

റഡാർ ഉപയോഗിച്ച് കാലത്ത് തുടങ്ങിയ പരിശോധന തുടരുകയാണ്. റഡാറിൽ നിന്ന് ലോറിയുടെ എന്തെങ്കിലുംവിവരങ്ങൾ ലഭിച്ചാൽ ആ ഭാഗത്തെ മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. റഡാർ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT