Around us

സുബി സുരേഷ്; വേദനകളിലും ചിരിപ്പിച്ചതിന് നന്ദി

അലി അക്ബർ ഷാ

വേദിയിൽ നിന്ന് കൊളുത്തി വിടുന്ന ചിരിയും ചിരിയുടെ വെടിക്കെട്ടുമെല്ലാം മിമിക്രിയിലും മിമിക്സ് പരേഡ് ഷോകളിലും ആൺ കുത്തകയായിരുന്നിടത്താണ് സുബി സുരേഷ് മലയാളിയെ ചിരിപ്പുറത്തേറ്റിയത്. പവർ പാക്ക്ഡ് പെർഫോർമൻസിലൂടെ മിനിസ്ക്രീനിലും റിയാലിറ്റി ഷോയിലും സ്കിറ്റിലും സ്റ്റേജ് ഷോയിലുമെല്ലാം സുബി സുരേഷ് തകർത്തുമുന്നേറി. കോമഡിയിലെ ടൈമിം​​ഗും കൗണ്ടറുകളിലെ ചടുലതയും സ്വതസിദ്ധമായ ശൈലിയുമെല്ലാം സുബി സുരേഷിന് സ്റ്റേഷ് ഷോകളിലും കോമഡി ഷോകളിലും ആരാധകരെ സൃഷ്ടിച്ചു.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബൈക്ക് ആക്സിഡന്റിൽപ്പെട്ട് അച്ഛന് വയ്യാതായതോടെ ജീവിതവും പഠനവും പ്രതിസന്ധിയിലായതിനെക്കുറിച്ച് സുബി പലപ്പോഴും വാചാലമാകുമായിരുന്നു. അച്ഛനെ ആശുപത്രിയിൽ പരിചരിക്കുന്നതിനൊപ്പം തയ്യൽ പണിയെടുത്ത് ചികിൽസയും ജീവിതവും മുന്നോട്ട് നീക്കിയതിനെക്കുറിച്ച് കണ്ണീരണിഞ്ഞാണ് സുബി സംസാരിച്ചിരുന്നത്. ജീവിതം നിലയില്ലാക്കയത്തിലായ ഈ അപകടസന്ധിയാണ് തന്നെ കരുത്തയാക്കിയതെന്നും സുബി പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസ് മുതൽ തന്നെ കരയിപ്പിച്ച ജീവിതത്തെയാണ് വേദിയിലും സ്ക്രീനിലും മിനിസ്ക്രീനിലുമെല്ലാം സുബി ചിരിച്ചുതോൽപ്പിച്ചത്. ഏഷ്യാനെറ്റിലെ സിനിമാലയാണ് മറ്റ് പല മിമിക്രി കലാകാരൻമാർക്കെന്ന പോലെ സുബിക്കും വലിയ വിസിബിലിറ്റി നൽകിയത്.

അഞ്ഞൂറ് രൂപ പ്രതിഫലത്തിൽ തുടങ്ങിയ മിമിക്രിയും സ്കിറ്റുകളുമാണ് പ്രതിസന്ധികളോട് പൊരുതാൻ പ്രേരിപ്പിച്ചതെന്ന് സുബി പറഞ്ഞിട്ടുണ്ട്. അവസാനമായി പങ്കെടുത്ത ടിവി ഷോയിൽ തന്റെ രോ​ഗാവസ്ഥയെ തമാശയായിട്ടായിരുന്നു സുബി അവതരിപ്പിച്ചത്. ആയ കാലത്ത് ഭക്ഷണത്തെ സ്നേഹിക്കാതിരുന്നതിന്റെ കുഴപ്പം ഇപ്പോൾ ശരീരത്തിലുണ്ടെന്നും, ബ്ലഡിൽ പൊട്ടാസ്യവും കാൽസ്യവും മ​ഗ്നീഷ്യവും ഇത്യാദി സംഭവങ്ങൾ കുറഞ്ഞുപോയത് കൊണ്ട് രാജ​ഗിരി ഹോസ്പിറ്റൽ തന്നെ ദത്തെടുത്തിരിക്കുയാണെന്നുമാണ് സുബി തന്റെ ​ഗുരുതര രോ​ഗാവസ്ഥയെ കുറിച്ച് ചിരിയോടെ ആ ഷോയിൽ പറഞ്ഞത്.

അച്ഛന്റെ മരണശേഷമുണ്ടായ അസാധാരണ ജീവിത സാഹചര്യത്തിന് മുന്നിൽ പകച്ചുപോകാതെ, താങ്ങില്ലാതായ അമ്മയ്ക്കും അനിയനും കരുത്തായി പോരാട്ട വീര്യത്തോടെ സുബി മുന്നിൽ നിന്നു. സ്കൂൾ പഠന കാലത്ത് നൃത്തം അഭ്യസിച്ചിരുന്ന സുബി സുരേഷ് കൂടുതൽ ശ്രദ്ധയൂന്നിയത് ഷോകൾക്കായിരുന്നു. അപ്പോഴും തനിക്ക് ഏറ്റവും പ്രിയം നൃത്തത്തോടായിരുന്നുവെന്ന് പിന്നീട് പല വേദികളിലും സുബി പറഞ്ഞിട്ടുണ്ട്.

കൽപ്പനക്ക് ശേഷം മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും തന്നെ അൽഭുതപ്പെടുത്തിയ പെർഫോർമറെന്നാണ് ജയറാം സുബിയെ വിശേഷിപ്പിച്ചത്. ഓൾറൗണ്ടറെന്ന നിലയിൽ സ്റ്റേജിൽ എന്തും ചെയ്യാൻ സാധിക്കുന്ന പ്രതിഭയായിരുന്നു സുബിയെന്നും ജയറാം പറഞ്ഞിട്ടുണ്ട്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബത്തിനുണ്ടായ സാമ്പത്തിക തകർച്ചയെ തുടർന്ന് അതുവരെ താമസിച്ച വീട് നഷ്ടപ്പെട്ടപ്പോൾ മുതൽ സ്വന്തമായാരു വീട് സുബിക്ക് സ്വപ്നമായിരുന്നു. മിമിക്രിയും സ്റ്റേജ് ഷോയും ടിവി ഷോയും സീരീയലും സിനിമയും ചേർന്ന് വീടെന്ന സ്വപ്നം സഫലമാക്കിയപ്പോൾ, സ്വന്തമായി പണികഴിപ്പിച്ച വീടിന് എന്റെ വീട് എന്നായിരുന്നു സുബി പേരിട്ടത്.

അമ്പതിൽ താഴെ സിനിമകൾ മാത്രമാണ് സുബി ചെയ്തത്. സുബിയിലെ പെർഫോർമറെ കൃത്യമായി ഉപയോ​ഗപ്പെടുത്താവുന്ന കഥാപാത്രമോ സിനിമകളോ അക്കൂട്ടത്തിൽ വിരളവുമായിരുന്നു. സിനിമ സുബിയെ സജീവമായി പരി​ഗണിക്കാതിരുന്നിട്ടും ലോകത്ത് ഏത് കോണിലുള്ള മലയാളിക്കും സുപരിചിതയും പ്രിയങ്കരിയുമായ സ്റ്റേജ് പെർഫോർമറായി സുബി സുരേഷ് മാറി. സുബിയുടെ അപ്രതീക്ഷിത വിയോ​ഗം മലയാളിക്ക് ഷോക്ക് ആയി മാറുന്നതും അവരിലെ പെർഫോർമറെ അത്രയടുത്തറിഞ്ഞത് കൊണ്ടാണ്. നന്ദി സുബി സുരേഷ് -വേദനകളെയും ജീവിത പ്രതിസന്ധികളെയും ഉള്ളിലൊതുക്കി ഇത്ര കാലം ഞങ്ങളെ ഹൃദയം തുറന്ന് ചിരിപ്പിച്ചതിന്, സ്റ്റേജുകളെയെും ഷോകളെയും അത്രയേറെ പ്രകാശിപ്പിച്ചതിന്.

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

SCROLL FOR NEXT