Around us

വിദ്യാര്‍ത്ഥിസമര നിരോധനം മൗലികാവകാശ ലംഘനമെന്ന് എസ്എഫ്‌ഐ ; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് കെഎസ്‌യു  

കെ. പി.സബിന്‍

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എഫ്‌ഐ. വിദ്യാഭ്യാസം കച്ചവടമായി കാണുന്ന മാനേജ്‌മെന്റുകളെ സഹായിക്കുന്നതാണ് വിധിയെന്നും സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് ദ ക്യുവിനോട് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയമ പരിരക്ഷ ഉറപ്പാക്കണമെന്നും സച്ചിന്‍ദേവ് ആവശ്യപ്പെട്ടു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് ദ ക്യുവിനോട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവസരം ഇല്ലാതാക്കി പ്രതികരണശേഷി ഷണ്ഡീകരിക്കപ്പെട്ട തലമുറയെ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വിധികള്‍. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നുയരുന്ന എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ കാലങ്ങളായി ശ്രമിച്ചുവരികയാണെന്നും കെഎം അഭിജിത്ത് പറഞ്ഞു. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതികരണങ്ങള്‍ക്ക് വിലങ്ങിടുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജിയും ദ ക്യുവിനോട് പ്രതികരിച്ചു. പ്രതിഷേധിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഷാജി ആവശ്യപ്പെട്ടു.

സച്ചിന്‍ ദേവ് : എസ് എഫ്‌ഐ സംസ്ഥാന സെക്രട്ടറി

മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഉത്തരവാണിത്. സംഘടിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നതാണ്. ആയുധങ്ങളില്ലാതെ സംഘടിക്കാനുള്ള അവകാശം ഏവര്‍ക്കുമുണ്ട്. അതിനാല്‍ ജനാധിപത്യ വിരുദ്ധ ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്. രാജ്യത്ത് എറ്റവും ശക്തമായി ആശയ സംവാദം നടക്കുന്ന വേദികളാണ് ക്യാംപസുകള്‍. സമീപകാല സംഭവങ്ങളില്‍ ക്യാംപസുകള്‍ ശരിയായ നിലപാട് സ്വീകരിച്ച് പ്രക്ഷോഭരംഗത്താണെന്ന് കാണാനാകും. ജെഎന്‍യു,ജാമിയ, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ശരിയായ വിധത്തില്‍ ഒരു വിഷയത്തെ തുറന്നുകാണിക്കാന്‍ സഹായകരമായതാണ്. ആശയസംവാദത്തിന് സൗകര്യമുള്ളതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നിലപാട് പ്രകടിപ്പിക്കാനാകുന്നത്. എന്നാല്‍ ആശയപ്രചരണം നടത്താനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോടതി ഉത്തരവിലൂടെയുണ്ടാകുന്നത്.

വിദ്യാഭ്യാസം കച്ചവടമായി മാത്രം കാണുന്ന കോളജുകള്‍ക്കാണ് ഇത്തരം വിധികള്‍ സഹായകരമാകുക. പ്രതികരിക്കുന്ന തലമുറയെ അവര്‍ ഇല്ലാതാക്കുന്നു. അവകാശ സമരങ്ങളെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നോക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലാതാകുമ്പോള്‍ കച്ചവടവല്‍ക്കരണം എളുപ്പം നടപ്പാക്കാന്‍ മാനേജ്ന്റുകള്‍ക്ക് സാധിക്കും, തോന്നിയ പോലെ ഫീസ് വര്‍ധിപ്പിക്കാം. കോളജുകളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളാക്കം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാം. ഇടിമുറികള്‍ തീര്‍ക്കാം.

മാനേജ്‌മെന്റിന്റെ മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നത് മറുന്നുകൂട. ക്യാംപസുകളില്‍ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ഗ്യാങ്ങുകളെ ചെറുത്തുതോല്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. കൂടാതെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് നിയമപരിരക്ഷ ഉറപ്പാക്കുകയും വേണം.

കെ എം അഭിജിത്ത് : കെ എസ് യു സംസ്ഥാന പ്രസിഡന്റ്

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വലിയ പോരാട്ടം നടക്കുന്ന കാലയളവാണ്. രാജ്യത്തെ കലാലയങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴാണ് കേരള ഹൈക്കോടതിയില്‍ നിന്ന് ഒരിക്കലും അംഗീകരിക്കാനാവാത്ത വിധിയുണ്ടാകുന്നത്. വോട്ടവകാശമുള്ളവരാണ് ക്യാംപസുകളില്‍ പഠിക്കുന്നത്. അങ്ങനെയുള്ളവര്‍ അവകാശസമരങ്ങളുടെയോ മറ്റ് പ്രതിഷേധങ്ങളുടെയോ ഭാഗമായി പഠിപ്പുമുടക്കാന്‍ പാടില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിഷയത്തില്‍ അവസാന സമര മാര്‍ഗമാണ് പഠിപ്പുമുടക്ക്. ജനാധിപത്യമാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് പഠിപ്പുമുടക്ക് അനിവാര്യമായി വരുന്നത്. അത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്ന ഘട്ടമാണിത്. അതിനാല്‍ സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോകണം. കെഎസ്‌യു അപ്പീല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. രാഷ്ട്രീയമായും ഈ വിധിയെ എതിര്‍ക്കും. പൗരനെ വാര്‍ത്തെടുക്കുന്നതില്‍ ക്യാംപസുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

പ്രതിഷേധിക്കാനുള്ള അവസരം ഇല്ലാതാക്കി പ്രതികരണശേഷി ഷണ്ഡീകരിക്കപ്പെട്ട തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായിരുന്നെങ്കില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് പൊതുസമൂഹം വിലയിരുത്തിയത്

തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കാലങ്ങളായി മാനേജ്‌മെന്റുകള്‍ ശ്രമിച്ചുവരുന്നുണ്ട്. ആ ലക്ഷ്യം വെച്ചാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്. ഏകസംഘടനാ ക്യാംപസുകളാക്കി കോളജുകളെ മാറ്റാനുള്ള എസ്എഫ്‌ഐയുടെ ശ്രമങ്ങളും, രാഷ്ട്രീയമേ പാടില്ലെന്ന കോടതി വിധികളും എതിര്‍ക്കപ്പെടേണ്ടതാണ്.

എംഎം ഷാജി : എബിവിപി സംസ്ഥാന സെക്രട്ടറി

ജനാധിപത്യ സമൂഹത്തില്‍ എല്ലാവരേയും പോലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രതികരിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അത്തരം ഇടപെടലുകള്‍ക്ക് വിലങ്ങിടുന്ന തരത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാനേജ്‌മെന്റുകളില്‍ നിന്ന് നിരന്തരം വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ പോലും നിര്‍ബന്ധിതരാകുന്ന സംഭവങ്ങളുമുണ്ടാകുന്നു. ആവശ്യമെങ്കില്‍ പഠിപ്പുമുടക്ക് അടക്കം നടത്തി പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണം. സംഘടനാ പ്രവര്‍ത്തനത്തിനുള്ള അവസരം ചില പ്രസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. എങ്കില്‍ പോലും വിദ്യാര്‍ത്ഥികകളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം അനിവാര്യമാണ്. വിഷയത്തില്‍ നിയമപരമായ സാധ്യതകളെക്കുറിച്ച് പരിശോധിച്ച് വരികയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ ഉതകുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT