Around us

മേപ്പയ്യൂരില്‍ സീബ്ര വരയിലൂടെ റോഡ് കടക്കുന്ന ഇന്ത്യന്‍ സിവെറ്റ് ; മനുഷ്യ അനക്കത്തില്‍ അപ്രത്യക്ഷമാകുന്ന ജീവി പകല്‍വെളിച്ചത്തില്‍ 

കെ. പി.സബിന്‍

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചിരിക്കെ കോഴിക്കോട് മേപ്പയ്യൂര്‍ അങ്ങാടിയില്‍ ഒരു അപ്രതീക്ഷിത അതിഥി. കാടുകളിലും ഗ്രാമവനങ്ങളിലും വൃക്ഷനിബിഡമായ ഇടങ്ങളിലും മാത്രം കാണപ്പെടുന്ന പുള്ളിവെരുക് അഥവാ സ്‌മോള്‍ ഇന്ത്യന്‍ സിവെറ്റ് ആണ് നഗരത്തിലിറങ്ങിയത്. സാധാരണ പകല്‍വെളിച്ചത്തില്‍ ഇവയെ കാണാനാകില്ല. രാത്രി മാത്രം ഇരതേടാനിറങ്ങുന്നവയുമാണ്. എന്നാല്‍ ആളനക്കം ഒഴിഞ്ഞുനില്‍ക്കുന്നതിനാല്‍ ഇത് അങ്ങാടിയില്‍ ഇറങ്ങിയതാകാമെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങള്‍ അന്യമായ നിരത്തിലെ സീബ്ര വര മുറിച്ചുകടന്ന് പതിയെ നടന്നുപോകുന്ന പുള്ളിവെരുകിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ബുധനാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. മലബാര്‍ വെരുക് എന്ന പേരിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടത്.

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രമുഖ പക്ഷി നിരീക്ഷകന്‍ ഡോ. അബ്ദുളള പാലേരി, ഇന്ത്യന്‍ സ്‌മോള്‍ സിവെറ്റ് എന്നറിയപ്പെടുന്ന പുള്ളിവെരുകാണ് ഇതെന്ന് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വ്യക്തമാക്കി. മേപ്പയ്യൂര്‍ അങ്ങാടിയില്‍ തന്നെ ചിത്രീകരിക്കപ്പെട്ട ദൃശ്യമാണിതെന്ന് അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. വീഡിയോയുടെ ആധികാരികതയും പുള്ളിവെരുക് തന്നെയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രചരിച്ചപോലെ വംശനാശ ഭീഷണി നേരിടുന്ന മലബാര്‍ വെരുക് അല്ല. സ്‌മോള്‍ ഇന്ത്യന്‍ സിവെറ്റ് അഥവാ പുള്ളിവെരുക്, പൂവെരുക്, മെരു എന്നീ പേരുകളില്‍ അറിയപ്പെടുന്നതാണ്. മനുഷ്യ നിഴല്‍ കണ്ടാല്‍ ഇവ അപ്രത്യക്ഷരാകും. രാത്രി കാലങ്ങളിലാണ് ഇരതേടാനിറങ്ങുക. ചെറുജീവികളാണ് ഭക്ഷണം. ഇരുട്ടില്‍ മനുഷ്യന്റെ ഒച്ചയനക്കങ്ങള്‍ അനുഭവപ്പെട്ടാലും പൊടുന്നനെ കുതിച്ചുകളയും. ഇത് പകല്‍വെളിച്ചത്തില്‍ അങ്ങാടിയിലിറങ്ങുകയെന്നത് അദ്ഭുതമുളവാക്കുന്നതാണ്.

ലോകത്തുതന്നെ ഇത്തരമൊരു കാഴ്ച അത്യപൂര്‍വമായിരിക്കും. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ ആളനക്കങ്ങളില്ലാത്തതിനാല്‍ പുറത്തിറങ്ങിയതാകാം. അല്ലെങ്കില്‍ എന്തോ അസുഖം ബാധിച്ചതാകാം. ചിലര്‍ നില്‍ക്കുമ്പോള്‍ നടന്നുപോയതിനാല്‍ ചിലപ്പോള്‍ കാഴ്ചയില്ലാത്തതാകാമെന്നും അദ്ദേഹം പറയുന്നു. എങ്കിലും റോഡ് കടക്കുന്ന പുള്ളിവെരുക് വിസ്മയാവഹമാണെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. അങ്ങാടിയോട് ചേര്‍ന്ന് കുറ്റിക്കാടുകളോ വൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലമോ ഇല്ല. അതിനാല്‍ എവിടുന്ന് വന്നതാണെന്ന് പറയാനാകില്ല. എവിടേക്കാണ് പോയതെന്നും അറിയില്ല. അതേസമയം ഈ ജീവിയില്‍ കൊറോണ വൈറസിന്റ സാന്നിധ്യമുണ്ടാകാമെന്ന സംശയങ്ങളെ അബ്ദുള്ള പാലേരി തള്ളുകയും ചെയ്യുന്നു.

ഈനാംപേച്ചിയില്‍ നിന്നോ ഒരു പ്രത്യേക ഇനം വലിയ വെരുകില്‍ നിന്നോ ആകാം കൊറോണ പടര്‍ന്നതെന്ന ഊഹങ്ങളുണ്ട്. അത് ഊഹം മാത്രമാണ്. എന്നാല്‍ പുള്ളിവെരുകില്‍ കൊറോണ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. . മുന്‍പൊരിക്കലും ഈ മേഖലയില്‍ പുള്ളിവെരുകിനെ കണ്ടിട്ടില്ലെന്നും അബ്ദുള്ള പാലേരി പറഞ്ഞു. മലബാര്‍ വെരുക് പത്തിരുപത് വര്‍ഷമായി എവിടെയും കാണപ്പെടുന്നില്ല. അപൂര്‍വമായി എവിടെയെങ്കിലുമുണ്ടാകാം. അത് കനത്ത വംശനാശഭീഷണി നേരിടുന്ന ഇനമാണ്. മനുഷ്യ ഇടപെടല്‍ കൊണ്ടാണ് പലപ്പോഴും ഇത്തരം ജീവികളെ പുറമെ കാണാത്തത്. വയനാട്ടിലൊക്കെ റോഡെല്ലാം വിജനമായതിനാല്‍ കാടിനോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ മൃഗങ്ങള്‍ ഇറങ്ങുന്നത് ഇനിയും കാണാനാകുമെന്നും പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ അബ്ദുള്ള പാലേരി ദ ക്യുവിനോട് പറഞ്ഞു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT