കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുടേയും പരാതിക്കാരിയുടേയും ഹർജികൾ സുപ്രീംകോടതി തള്ളി. കേസില്‍ പ്രതിയായ ഫാദർ റോബിന്‍ വടക്കഞ്ചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നല്‍കിയ ഹർജിയും വിവാഹം കഴിക്കാന്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കഞ്ചേരി നല്‍കിയ ഹർജിയുമാണ് സുപ്രീംകോടതി തള്ളിയത്.
ഹർജികളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റോബിനെ വിവാഹം കഴിക്കാന്‍ അനുമതി തേടി യുവതിയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താന്‍ വിവാഹം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. യുവതിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് റോബിനും സുപ്രീംകോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളിവികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്.