കെ എ രതീഷ്   
Around us

കോടികളുടെ അഴിമതിക്കേസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എംഡി സ്ഥാനം; കേസുള്ള കാര്യം രതീഷ് പറഞ്ഞില്ലെന്ന് സഹകരണ വകുപ്പ് സെക്രട്ടറി

THE CUE

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തേക്ക് ഡോ. കെ എ രതീഷിനെ പരിഗണിച്ചത് യോഗ്യത മാത്രം നോക്കിയാണെന്ന് സഹകരണവകുപ്പ് സെക്രട്ടറി. ഇന്റര്‍വ്യൂ സമയത്ത് കേസുണ്ടോ എന്ന് പരിശോധിച്ചില്ലെന്ന വാദവുമായി സെക്രട്ടറി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വിശദീകരണം നല്‍കി. കേസിന്റെ കാര്യങ്ങള്‍ അന്വേഷിച്ചില്ല. ഇന്റര്‍വ്യൂ സമയത്ത് രതീഷ് കേസിന്റെ കാര്യം പറഞ്ഞില്ലെന്നും വകുപ്പ് സെക്രട്ടറിയുടെ വിശദീകരണത്തിലുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായി നിയമിക്കാനുള്ള നീക്കം പുറത്തായിരുന്നു. നീക്കം വിവാദമായതിനേത്തുടര്‍ന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്.

ഇരുമുന്നണികളിലും വന്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് ഡോ കെ എ രതീഷ്. 11 വര്‍ഷമാണ് ഇയാള്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ എം ഡി സ്ഥാനത്തിരുന്നത്. ഏകദേശം 500 കോടി രൂപയുടെ അഴിമതിക്കേസില്‍ ഇയാള്‍ സിബിഐ അന്വേഷണം നേരിടുന്നുണ്ട്.

കണ്‍സ്യൂമര്‍ ഫെഡ് എംഡി ആര്‍ സുകേശന്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് നിയമന നീക്കങ്ങള്‍ ആരംഭിച്ചത്. ജൂണ്‍ 18ന് അപേക്ഷകള്‍ ക്ഷണിച്ച് പരസ്യം നല്‍കി. 14 പേര്‍ അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ അന്തിമപ്പട്ടികയിലെത്തി. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡുള്ള കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡി എസ് രത്‌നാകരന്‍, ജനറല്‍ മാനേജര്‍ കെ തുളസീധരന്‍ നായര്‍, സപ്ലൈകോ മുന്‍ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ എന്നിവരെ പിന്തള്ളി രതീഷ് ഒന്നാം റാങ്കുകാരനായി.

3,000 കോടി രൂപയുടെ വിറ്റുവരവുണ്ട് കണ്‍സ്യൂമര്‍ ഫെഡിന്. 1,000 കോടിയുടെ അഴിമതി നടന്ന സ്ഥാപനത്തില്‍ 44 വിജിലന്‍സ് കേസുകളും 65 എന്‍ക്വയറി റിപ്പോര്‍ട്ടുകളുമുണ്ട്.

തുടര്‍ച്ചയായുള്ള അഴിമതി ആരോപണങ്ങള്‍ വിവാദമായതോടെ കെ എ രതീഷിനെ കശുവണ്ടി വികസന കോര്‍പറേഷനില്‍ നിന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇടത് സര്‍ക്കാര്‍ വന്നതോടെ എംഡിയായിരുന്ന കാലത്ത് രതീഷിനെതിരെയുണ്ടായിരുന്ന കേസുകളിലെല്ലാം ക്ലീന്‍ ചിറ്റ് കിട്ടി. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ രതീഷിനെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലുണ്ട്.

കെ എ രതീഷിന്റെ നിയമനനീക്കം പുറത്തറിഞ്ഞത് സിപിഐഎമ്മില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

വിജിലന്‍സിന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ രതീഷ് കണ്‍സ്യൂമര്‍ ഫെഡ് എംഡിയാകും. രതീഷിന്റെ ഫയല്‍ തല്‍ക്കാലം വിജിലന്‍സ് ക്ലിയറന്‍സിനായി അയക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംഡി നിയമനത്തിനുള്ള അന്തിമപട്ടിക തയ്യാറാക്കിയത് സഹകരണ വകുപ്പ് സെക്രട്ടറിയാണെന്നാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരുടെ വിശദീകരണം.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT