Around us

'പിഎം കെയേഴ്‌സ് ഫണ്ട് പബ്ലിക് അതോറിറ്റിയല്ല' ; വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് മോദിയുടെ ഓഫീസ്

അടിയന്തര സാഹചര്യങ്ങളില്‍ ദുരിതാശ്വാസമെത്തിക്കാനെന്ന് വിശദീകരിച്ച് ആരംഭിച്ച പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങളില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. വിവരാവകാശ നിയമം 2005 ന്റെ സെക്ഷന്‍ 2 (h) പ്രകാരമുള്ള പബ്ലിക് അതോറിറ്റിയില്‍ വരുന്നതല്ല പിഎം കെയേഴ്‌സ് ഫണ്ട് എന്ന് പരാമര്‍ശിച്ചാണ് വിവരാവകാശ അപേക്ഷ നിരസിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹര്‍ഷ കന്‍ദുകുരിയെന്നയാള്‍ ഏപ്രില്‍ 1 നാണ് രേഖകള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. ബംഗളൂരു അസിം പ്രേംജി സര്‍വകാലാശാലയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയാണ് ഹര്‍ഷ. പിഎം കെയേഴ്‌സ് ഫണ്ടിന്റെ നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകളും വിജ്ഞാപനങ്ങളും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാല്‍ ആവശ്യം നിരസിച്ച് മെയ് 29 ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കുകയായിരുന്നു.

വിവരാവകാശനിയമം 2005 ന്റെ സെക്ഷന്‍ 2 (h) പ്രകാരമുള്ള പബ്ലിക് അതോറിറ്റിയില്‍ വരുന്നതല്ല പിഎം കെയേഴ്‌സ് ഫണ്ട്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ pmcares.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇങ്ങനെയായിരുന്നു മറുപടി. ഹര്‍ഷയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയോ രേഖകളോ ലഭിച്ചില്ല. ഇദ്ദേഹം ആവശ്യപ്പെട്ട രേഖകള്‍ വെബ്‌സൈറ്റില്‍ ലഭ്യവുമല്ല. ഭരണഘടനാനുസൃതമായോ, പാര്‍ലമെന്റോ, സംസ്ഥാന നിയമസഭകളോ ആവിഷ്‌കരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലോ, സര്‍ക്കാര്‍ ഉത്തരവിലൂടെയോ രൂപീകരിക്കപ്പെട്ട സമിതിയോ, അല്ലെങ്കില്‍ അധികാരപ്പെട്ട സംവിധാനമോ ആണ് വിവരാവകാശ നിയമത്തിലെ പബ്ലിക് അതോറിറ്റി എന്ന ഗണത്തില്‍ വരുന്നത്. പിഎം കെയേഴ്‌സ് ഫണ്ട് അത്തരത്തില്‍ ആരംഭിക്കപ്പെട്ട സംവിധാനമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

സര്‍ക്കാരല്ല പിഎം കെയേഴ്‌സ് ഫണ്ട് നിയന്ത്രിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് ഹര്‍ഷ ലൈവ് ലോയോട് പ്രതികരിച്ചു. പിന്നെയാരാണ് അത് നിയന്ത്രിക്കുന്നതെന്നും ഇദ്ദേഹം ചോദിക്കുന്നു. പേര്, എംബ്ലം, Gov -ഡൊമൈന്‍, തുടങ്ങിയവയെല്ലാം ഇത് സര്‍ക്കാരിന്റേതായ പൊതു സംവിധാനമാണെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ അക്കാര്യം നിഷേധിച്ച് രഹസ്യാത്മകത തുടരുകയാണ് കേന്ദ്രം. എങ്ങനെയാണ് ഫണ്ടിന്റെ വിനിയോഗമെന്നതും ആശങ്കയുണര്‍ത്തുന്നതാണ്. 4 ക്യാബിനറ്റ് മന്ത്രിമാര്‍ ഭാഗമായ ട്രസ്റ്റ് പബ്ലിക് അതോറിറ്റിയല്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ അതിനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്നും ഹര്‍ഷ പറയുന്നു. നേരത്തെയും ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചിരുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT