Around us

'അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്'; വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം

പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ വിമര്‍സിച്ച് തിരുവനന്തുപരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി. വര്‍ഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം. പരാമര്‍ശങ്ങളില്‍ പിസി ജോര്‍ജ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷയെന്നും ഇമാം പറഞ്ഞു. തിരുവനന്തപുരത്ത് പെരുന്നാള്‍ ദിന സന്ദേശം നല്‍കുകയായിരുന്നു ഇമാം.

കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ട് വരരുത്. പിസി ജോര്‍ജിന്റേത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണ്. സമൂഹത്തോട് മാപ്പ് പറയാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഉചിതമായ നടപടി.

നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ സമുദായങ്ങള്‍ക്കിടയില്‍ വൈര്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും മതമുള്ളവനും മതമില്ലാത്തവനും അത് സമ്മതിച്ച് തരാന്‍ പോകുന്നില്ല. വര്‍ഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ അവര്‍ ആരായാലും, അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും അവര്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരാണെങ്കിലും എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്താന്‍ മുന്നോട്ട് വരണമെന്നും ഇമാം പറഞ്ഞു.

എന്തുമാത്രം വിഷം ചീറ്റലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വ്യാപാരത്തിലേര്‍പ്പെടരുത്. അങ്ങനെ പറഞ്ഞാല്‍ നമ്മുടെ നാടിന്റെ മതേതര ബോധം അതിനെ അംഗീകരിക്കുമോ? ഇല്ല. നമുക്ക് അത് വിചിത്രമാണ്. കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണ്. മുസ്ലിങ്ങള്‍ ചായയില്‍ മരുന്ന് കലര്‍ത്തി മറ്റു മതസ്ഥരെ വന്ധ്യംകരിക്കുന്നു എന്ന് പറയുന്നത് എന്ത് മാത്രം അപകടകരമായ പ്രയോഗങ്ങളാണ്.

വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമമാണിത്. ഈ സാഹചര്യത്തെയും വിശ്വാസികള്‍ക്ക് അതിജീവിക്കാന്‍ കഴിയണം. ഈ സാഹചര്യത്തെ കത്തിക്കുന്നവനല്ല, കെടുത്തുന്നവനാണ് വിശ്വാസിയെന്നും ഇമാം പറഞ്ഞു.

വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഭക്തര്‍ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നതെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT