Around us

‘കവര്‍ ഒന്നിന് 59 രൂപ, മൂന്നെണ്ണത്തിന് 177, പരസ്യമുള്ള ബാഗ് എന്തിന് വാങ്ങണം’ ; കൊവിഡ് 19 ദുരിതത്തിലും കടുത്ത ചൂഷണമെന്ന് രതീഷ് വേഗ 

THE CUE

കൊവിഡ് 19 പടരുന്ന ദുരിത സാഹചര്യത്തിലും സാധാരണക്കാര്‍ നേരിടേണ്ടിവരുന്ന കടുത്ത ചൂഷണത്തിനെതിരെ തുറന്നടിച്ച് സംഗീത സംവിധായകന്‍ രതീഷ് വേഗ. തൃശൂരിലെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്യാരി ബാഗിന് 59 രൂപ ഈടാക്കുന്നതിനെതിരെയാണ് രതീഷ് വേഗ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ഒരു വയസ്സുള്ള കുഞ്ഞിനുവേണ്ടി തിങ്കളാഴ്ച സാധനങ്ങള്‍ വാങ്ങാനായി തൃശൂരിലെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ മൂന്നെണ്ണത്തിന്‌ 177 രൂപ ഈടാക്കിയെന്ന് രതീഷ് വേഗ പറഞ്ഞു. ഈ ചൂഷണത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യുവ സംഗീത സംവിധായകന്‍ വ്യക്തമാക്കി. ചൂഷണം ചോദ്യം ചെയ്തപ്പോള്‍ ഇവിടെ ഇങ്ങനെയാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്തിന് ഇത്രയും ഉയര്‍ന്ന തുക കൊടുത്ത് കല്യാണിന്റെ പരസ്യമുള്ള കവര്‍ ഉപഭോക്താവ് വാങ്ങണമെന്ന് മാനേജരോട് ചോദിച്ചു.

നൈലോണ്‍ കൊണ്ടുള്ള കവറാണെന്നും വില മുതലാകണമെങ്കില്‍ ഇത്രയും ചുമത്തണമെന്നുമായിരുന്നു മറുപടി. ഈ വിലയ്ക്ക് തന്നെ നല്‍കുന്നത് തങ്ങളുടെ ത്യാഗമാണെന്നുമായിരുന്നു മാനേജരുടെ വാദമെന്നും രതീഷ് വേഗ പറയുന്നു. ആളുകള്‍ക്ക് താങ്ങാവുന്ന നിശ്ചിത വിലയ്ക്ക് ക്ലോത്ത് ബാഗുകള്‍ പലരും ലഭ്യമാക്കുമ്പോള്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും രതീഷ് വേഗ ചോദിച്ചു. എന്നാല്‍ സംഭവത്തില്‍ രതീഷ് വേഗയ്ക്കുണ്ടായ മോശം അനുഭവത്തില്‍ മാപ്പുപറഞ്ഞ് മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍ രംഗത്തെത്തി. രതീഷ് വേഗയ്‌ക്കൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. രതീഷ് വേഗയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ക്ഷമ ചോദിക്കുന്നു. കല്യാണിനെ വിശ്വസിച്ച് വരുന്ന ഉപഭോക്താവിന് ഇത്തരമൊരു അനുഭവമുണ്ടായതില്‍ വിഷമമുണ്ട്.

സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയപ്പോള്‍ പേപ്പര്‍ ബാഗിലേക്കും ക്ലോത്ത് ബാഗിലേക്കും കമ്പനി മാറി. 15, 20 ,25 വിലകളില്‍ കവറുകള്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നത് അനുസരിച്ച് നല്‍കുന്നുണ്ട്. കോറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായത്. അതോടെ പേപ്പര്‍ ബാഗും ക്ലോത്ത് ബാഗും തീര്‍ന്നു. അതുകൊണ്ടാണ് പരസ്യമുള്ള ബാഗ് വിലയീടാക്കി നല്‍കേണ്ടി വന്നത്. ജീവനക്കാര്‍ ഇത് കൃത്യമായി രതീഷ് വേഗയോട് വിശദീകരിക്കേണ്ടിയിരുന്നു. പരസ്യം ഉള്ളതിന്റെ വിലയും ഇല്ലാത്തതിന്റെ വിലയും സ്റ്റാഫ് വ്യക്തമാക്കണമായിരുന്നു. ഒരു കാലത്തും കല്യാണ്‍ ഗ്രൂപ്പ് അനര്‍ഹമായ വില ഈടാക്കിയിട്ടില്ല. ഇനിയും ചെയ്യില്ലെന്നും സ്‌നേഹ സഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും എംഡി പ്രകാശ് പട്ടാഭിരാമന്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ വിശദീകരണത്തിന് പിന്നാലെ ഈ വിവാദം അവസാനിപ്പിക്കുകയാണെന്ന് രതീഷ് വേഗയും അറിയിച്ചു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT