Around us

400 വീടുകളുണ്ടായിരുന്ന ഗ്രാമത്തിൽ ബാക്കിയായത് 30 വീടുകൾ; മണ്ണിലമർന്ന് മുണ്ടക്കൈ

400 വീടുകളുള്ള മുണ്ടക്കൈ ഗ്രാമം. ജൂലായ് 30 ന് അർദ്ധരാത്രിയുണ്ടായ ഉരുൾപൊട്ടലിനിപ്പുറം ആ ഗ്രാമത്തിൽ ആകെ ബാക്കിയായത് 30 വീടുകൾ മാത്രം. മണ്ണിൽ പുതഞ്ഞു പോയ വീടുകൾ, വീട് നിന്നതിന്റെ അവശേഷിപ്പുകൾ പോലും ഇല്ലാത്ത അവസ്ഥ, കൂറ്റൻ പാറകളും മരങ്ങളും കൂടി കിടക്കുന്നു, അതിനടിയിൽ ഇനിയുമെത്ര മനുഷ്യരുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല.

"എല്ലാം മണ്ണിൻ അടിയിലായി, 400 വീടുകളിൽ ഇനി 30 വീടുകൾ മാത്രമേ ഉള്ളു, മുണ്ടക്കൈയിൽ ഞങ്ങളെത്തുമ്പോൾ ഭീകരമായിരുന്നു അവസ്ഥ, എവിടേയും രക്ഷയ്ക്കായി നിലവിളിക്കുന്നവർ, സ്ഥലമൊന്നും മനസിലാകുന്നില്ല, അവിടവിടെയായി ശരീരഭാഗങ്ങളും മറ്റും കിടക്കുന്നു, രക്ഷപ്പെട്ടോടിയവരിൽ റിസോർട്ടിലും മദ്രസയിലും കയറി നിന്നവരെ രക്ഷിച്ചു, അവരെ ക്യാമ്പുകളിലേക്കും ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്". മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് അംഗം ബാബു ഇത് പറയുമ്പോൾ ജനവാസ മേഖലയുടെ അവശേഷിപ്പിന്റെ ശൂന്യത നമുക്ക് തിരിച്ചറിയാനാകും.

മഴ മുന്നറിയിപ്പ് മാത്രമുണ്ടായിരുന്ന ഒരു മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലെന്ന പോലെ അന്നും ഉറങ്ങാൻ പോയതായിരുന്നു, നിനച്ചിരിക്കാതെ പൊട്ടിയൊഴുകിയെത്തിയ മലവെള്ളം,ഒപ്പം കല്ലും മണ്ണും മരങ്ങളും കൂറ്റൻ പാറകളും വന്നു പതിച്ചത് ഈ മനുഷ്യരുടെ ജീവൻ അപഹരിക്കുന്നതിലേക്കായിരുന്നു.

കോൺക്രീറ്റ് പാളികൾക്കടിയിൽ സോഫയിൽ കെട്ടിപിടിച്ചു കിടക്കുന്ന മൂന്നു കുട്ടികൾ അടക്കമുള്ള കുടുംബത്തിന്റെ ദയനീയ കാഴ്ച്ച രക്ഷാപ്രവർത്തകർ വിവരിക്കുന്നുണ്ട്.

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ പ്രാഥമിക രക്ഷാപ്രവർത്തനത്തിന് ആർക്കും അങ്ങോട്ട് എത്താൻ കഴിയാത്ത സ്ഥിതിയിൽ നേരം വെളുപ്പിക്കേണ്ടി വന്നു. എൻ ഡി ആർ എഫ് രക്ഷാദൗത്യത്തിന് ശ്രമം നടത്തിയെങ്കിലും അത് വിഫലമായി. കര സേനാംഗങ്ങൾ എത്തി താത്കാലിക പാലം നിർമ്മിച്ചതോടെയാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങാനായത്. പ്രതികൂല കലാവസ്ഥ മൂലം തിരിച്ച് പറന്ന ഇന്ത്യൻ എയർഫോർസിന്റെ ഹെലികോപ്ടറും ചൊവ്വാഴ്ച്ച വൈകീട്ട് മുണ്ടക്കൈയുടെ ചതുപ്പിലിറങ്ങി രക്ഷാദൗത്യം വേഗത്തിലാക്കി. ദുരന്ത ഭൂമിയിൽ നിന്നും ഈ മൃതദേഹങ്ങൾ എങ്ങനെ പുറത്തെത്തിക്കും എന്നതാകും അടുത്ത പടി.

റൂഫ് നീക്കി കോൺഗ്രീറ് പൊളിച്ചു വേണം പലരെയും പുറത്തെടുക്കാൻ സാധിക്കൂ.

വയനാട് ജില്ലയിലെ മൂന്നാർ എന്നാണ് മുണ്ടക്കൈ സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. ഏലം- തേയില തോട്ടങ്ങൾ നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലം. വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ വനമേഖലയോട് ചേർന്ന സ്ഥലം. ഒരുപാട് റിസോർട്ടുകളുമുണ്ട് മുണ്ടകൈയിൽ. താമസക്കാരിൽ കൂടുതലും തോട്ടം തൊഴിലാളികളാണ്.

മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള പ്രധാനപ്പെട്ട വാർഡ് ആണ് മുണ്ടക്കൈ. 900 പേരാണ് വോട്ടർപട്ടികയിലുള്ളത്. എസ്റ്റേറ്റുകളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾ, റിസോർട്ടിലെ ജീവനക്കാരും അതിഥികളും ഒഴികെയുള്ള കണക്കാണിത്. മുണ്ടക്കൈയിൽ മാത്രം ആകെയുള്ളത് 431 കെട്ടിടങ്ങളാണ്. പാഡികളിലെ ഓരോ റൂമും ഉൾപ്പെടെയുള്ള കണക്ക്. എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതിൽ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT