Around us

വ്യാജവാര്‍ത്തയുമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും; ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ആയുധമാക്കിയത് ആക്ഷേപഹാസ്യ ലേഖനം 

THE CUE

പാര്‍ലമെന്റില്‍ വ്യാജവാര്‍ത്ത ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി 6ന് മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ളതായിരുന്നു പ്രസംഗം. പൗരത്വ ഭേദഗതി നിയമവും, ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും മോദി പരാമര്‍ശിച്ചു. ഇതിനിടെയാണ് ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിമര്‍ശിക്കാന്‍ മോദി വ്യാജ വാര്‍ത്ത ആയുധമാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുന്നത് കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുന്ന തരത്തില്‍ വലിയ ഭൂകമ്പമുണ്ടാക്കുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞതായായിരുന്നു മോദിയുടെ പ്രസ്താവന. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് അദ്ദേഹത്തോട് യോജിക്കാന്‍ കഴിയുമോ എന്നും മോദി ചോദിച്ചിരുന്നു. പിഎംഒ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലുള്‍പ്പടെ മോദിയുടെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ബിജെപി ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ഒമര്‍ അബ്ദുള്ള നടത്തിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഫെയ്ക്കിങ് ന്യൂസ് എന്ന ആക്ഷേപ ഹാസ്യസൈറ്റിലെ വ്യാജവാര്‍ത്തയാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ ഉദ്ദരിച്ചത്. പ്രധാനമന്ത്രി പറഞ്ഞ അതേ വാചകം 'ഫെയ്ക്കിങ് ന്യൂസ്' 2014ല്‍ ട്വീറ്റ് ചെയ്തിരുന്നു.

ഫെയ്ക്കിങ് ന്യൂസില്‍ ഈ ലേഖനം വന്നതിന്റെ അടുത്ത ദിവസം തന്നെ ഒമര്‍അബ്ദുള്ള ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് ട്വീറ്റും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 എപ്പോഴും നിലനില്‍ക്കുമെന്നായിരുന്നു ട്വീറ്റ്. കാശ്മീരില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയില്ലെന്നും എന്ത് സംഭവിച്ചാലും നിയമം കയ്യിലെടുത്തുകൊണ്ടുള്ള ആക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ആറുമാസമായി ഒമര്‍ അബ്ദുള്ള വീട്ടുതടങ്കലിലാണ്. ആര്‍ട്ടിക്കില്‍ 370 നീക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഒമര്‍ അബ്ദുള്ള അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT