Around us

മാധ്യമ വിലക്ക് : മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തി മീഡിയ വണ്‍ 

THE CUE

രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ നിരോധനം ഏര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം മീഡിയ വണ്‍ ചാനലും ഓണ്‍ എയറില്‍ തിരിച്ചെത്തി. 14 മണിക്കൂറിന് ശേഷമാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസും പുലര്‍ച്ചെ 2 മണിയോടെ ലഭ്യമായിത്തുടങ്ങിയിരുന്നു. 9.36 മുതലാണ് മീഡിയ വണ്‍ ലൈവ് സ്ട്രീമിങ് ഉള്‍പ്പെടെ പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്‍ ചാനലിന്റെയും പ്രക്ഷേപണത്തിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായത്. എന്നാല്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രക്ഷേപണം പുനരാരംഭിക്കുകയായിരുന്നു. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ച് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമാണ് നടപടിയെടുത്തത്.

48 മണിക്കൂര്‍ നേരത്തേക്ക് ചാനലുകളുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്ന് അപ് ലിങ്കിങ് സെന്ററിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ എസ് എല്‍ ശ്യാം എന്ന സ്വകാര്യ കമ്പനിയാണ് ചാനലുകളുടെ അപ് ലിങ്കിങ്ങ് നിര്‍വഹിക്കുന്നത്. 7.25 നാണ് ഇതുസംബന്ധിച്ച് ചാനലുകള്‍ക്ക് പ്രസ്തുത കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മെയില്‍ വന്നു. അഞ്ചുമിനിട്ടിനകം താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം നിഷേധിക്കാനാണ് പൊടുന്നനെ വെള്ളിയാഴ്ച വൈകീട്ടോടെ ഇത്തരത്തില്‍ നടപടിയുണ്ടായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മീഡിയ വണ്ണും ഏഷ്യാനെറ്റും വിശദമായ മറുപടിയും നല്‍കിയതാണ്.

തുടര്‍ന്നാണ് അതിവേഗ നടപടിയുണ്ടായത്. സംഭവം മാധ്യമ സ്വാതന്ത്ര്യന്‍മേലുള്ള പച്ചയായ കടന്നുകയറ്റമാണെന്നായിരുന്നു ദ ക്യുവിനോടുള്ള മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസിന്റെ പ്രതികരണം.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയുണ്ടായത്. മെയില്‍ അയച്ച് അഞ്ച് മിനിട്ടുകൊണ്ടാണ് തിടുക്കപ്പെട്ട് പ്രക്ഷേപണം തടഞ്ഞത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിത്. അതിനായി കേബിള്‍ ടിവി ആക്ടിലെ വകുപ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. ജനമറിയേണ്ട പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍, അത് ഭരണക്കാര്‍ക്ക് എതിരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്ന തീരുമാനമാണ് ഇത്തരമൊരു നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT