Around us

'മോദിഭരണത്തിന്റെ കത്രികയില്‍ അടര്‍ന്നുവീഴുന്നതല്ല വീരചരിത്രം'; വാരിയംകുന്നന്‍ രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമെന്ന് കോടിയേരി

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടക്കം പേരുകള്‍ വെിട്ടിമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബ്രിട്ടീഷുകാരെ ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലീങ്ങളെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോടിയേരി പറയുന്നു.

'രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാം. മോദി ഭരണത്തിന്റെ കത്രികയില്‍ അടര്‍ന്നുവീഴുന്നതല്ല ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം', കോടിയേരി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങള്‍. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവര്‍ ഇന്ത്യന്‍ ദേശീയതയെ ഉള്‍ക്കൊണ്ടു.

ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേര്‍ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കള്‍പോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.

മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുള്‍ കലാം ആസാദ് ഒരു സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം ഈ വേളയില്‍ ഓര്‍ക്കേണ്ടതാണ്. ഇന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളില്‍നിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക: 'ഹിന്ദു- മുസ്ലിം ഐക്യത്തെ ഇന്ത്യ ഉപേക്ഷിക്കുകയാണെങ്കില്‍ സ്വരാജ് നിങ്ങള്‍ക്ക് അടുത്ത 24 മണിക്കൂറുകള്‍ക്കകം ലഭ്യമാക്കും. അങ്ങനെയെങ്കില്‍ ഞാന്‍ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാല്‍, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കില്‍ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.'

മതവൈരമില്ലാത്ത, ബഹുസ്വരതയില്‍ ഊന്നുന്ന ഈ തരത്തിലുള്ള പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരില്‍നിന്ന് ജനങ്ങള്‍ ഇന്നും പ്രതീക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആര്‍എസ്എസ് നയിക്കുന്ന മോദി സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാല്‍, മോദി ഭരണത്തിന്റെ കത്രികയില്‍ അടര്‍ന്നുവീഴുന്നതല്ല ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.'

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT