Around us

അവാര്‍ഡ് ജേതാക്കളെ അപമാനിച്ചു, പിണറായി സര്‍ക്കാരിന്റെ വേഷം കെട്ടലുകളില്‍ അവസാനത്തേതെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ്ദാന ചടങ്ങ് അവാര്‍ഡ് ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി മാറ്റിയ പിണറായി വിജയന്റെ സര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വേഷം കെട്ടലുകളില്‍ അവസാനത്തേതാണ് ഇതെന്നും ചെന്നിത്തലയുടെ പ്രസ്താവന. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നേരിട്ട് നല്‍കാത്തതിലെ വിവാദത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

രമേശ് ചെന്നിത്തലയുടെ പ്രതികരണം

ചലച്ചിത്ര അക്കാദമി അവാര്‍ഡ് സംഘടിപ്പിക്കാന്‍ സാഹചര്യം ഉണ്ടാകുകയും അതു സംഘടിപ്പിക്കുകയും, അതിനുശേഷം പുരസ്‌കാര ജേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മര്യാദകേടാണ്.

കോവിഡ് പ്രോട്ടോകോള്‍ ആണ് വിഷയം എങ്കില്‍ അവാര്‍ഡുകള്‍ തപാലില്‍ അയച്ചു കൊടുക്കാന്‍ സാഹചര്യം ഉണ്ടായിരുന്നല്ലോ? അവാര്‍ഡ് ജേതാക്കള്‍ വന്ന് മേശപ്പുറത്തെ അവാര്‍ഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബുഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു. സര്‍ക്കാറിന്റെ തന്നെ അനവധി പരിപാടികള്‍ പരിശോധിച്ചു നോക്കിയാല്‍ ഇപ്പോള്‍ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നു.

പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിക്കുക, പ്രവാസികളെയും മറുനാടന്‍ മലയാളികളെയും അതിര്‍ത്തിയില്‍ തടയുക, പി ആര്‍ തള്ളുകള്‍ നടത്തുക തുടങ്ങി പിണറായി വിജയന്‍ സര്‍ക്കാരിന്റെ വേഷം കെട്ടലുകളില്‍ അവസാനത്തേതാണ് ഇത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലെന്ന് വിവരം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ജേതാക്കള്‍ക്ക് നേരിട്ട് നല്‍കാത്തത് ചടങ്ങിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലെന്ന് വിവരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താനിരുന്ന അവാര്‍ഡ് വിതരണ ചടങ്ങിന് മുന്നോടിയായി പങ്കെടുക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയ ജേതാക്കളില്‍ ഒരാള്‍ക്ക് കോവിഡ് പൊസിറ്റിവ് സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റിവ് ആയ വ്യക്തിയെ അവാര്‍ഡ് ദാനത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സമ്പര്‍ക്ക സാധ്യത നിലനില്‍ക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു.

അവാര്‍ഡ് ജേതാവ് പോസിറ്റീവായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാന വികസനത്തെക്കുറിച്ച് രാവിലെ വി ജെ ടി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി കോവിഡ് സാഹചര്യത്തില്‍ ആ ചടങ്ങ് ഒഴിവാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അവാര്‍ഡുകള്‍ നേരിട്ട് കൈമാറുന്നത് പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചതും ഇതേ തുര്‍ന്നാണെന്നറിയുന്നു. തന്റെ സാന്നിധ്യത്തില്‍ പുരസ്‌ക്കാരങ്ങള്‍ മേശപ്പുറത്തു വെക്കുകയും ജേതാക്കള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതിയില്‍ ചടങ്ങ് നടക്കട്ടെ എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

നേരിട്ട് കൈമാറാത്തത് അവാര്‍ഡ് ലഭിച്ചവരെ അപമാനിക്കുന്നത് ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം തടയാന്‍ അവസാന നിമിഷത്തില്‍ നടത്തിയ പുനക്രമീകരണമായിരുന്നു ഇതെന്നാണ് സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT