Around us

കേരളം നമ്പര്‍ വണ്‍; പോഷകാഹാര സര്‍വേയില്‍ ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി മുന്നില്‍ 

THE CUE

ദേശീയ വിദ്യാഭ്യാസ, ആരോഗ്യ സര്‍വേകള്‍ക്ക് പിന്നാലെ സമഗ്ര പോഷകാഹാര സര്‍വേയിലും കേരളം ഒന്നാമത്. ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി മുന്നിലാണ്. രണ്ടു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സര്‍വേയില്‍ പറയുന്നു എന്നാല്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണ്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച (അനീമിയ) യുണ്ടെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളില്‍ പോയിത്തുടങ്ങിയ കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിലാണ്. കൗമാരക്കാരില്‍ ഏറ്റവും കുറവ് വിളര്‍ച്ച കാണപ്പെടുന്ന സംസ്ഥാനങ്ങളിലും കേരളം മുന്നിലാണ്. യൂണിസെഫിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയുള്ള ആയിരം ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചുവരുന്നത്. അതാണ് ഈ നേട്ടം കൈവരിക്കാനായതെന്നും സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതോടെ, ഇതിനേക്കാള്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് സമ്പുഷ്ട കേരളം. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയ്യാറാക്കിയ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാനിന് കഴിഞ്ഞ വര്‍ഷം ദേശീയ അംഗീകാരവും ലഭിച്ചിരുന്നു. സമ്പുഷ്ട കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ നല്‍കി വരികയാണ്. ഈ ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ് ലോഡ് ചെയ്യാന്‍ സാധിക്കും.

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കാനും സാധിക്കുന്നു. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാര കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT