Around us

'എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യത മങ്ങി', തോമസ് ഐസകും എകെ ബാലനും നടത്തിയ പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് കാനം

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണസാധ്യതയ്ക്ക് മങ്ങലേറ്റതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് എല്‍ഡിഎഫിന് തിരിച്ചുവരാനാകും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കമ്മീഷനുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മന്ത്രിമാരായ തോമസ് ഐസകും എകെ ബാലനും നടത്തിയ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാനം പറഞ്ഞു.

സിപിഐ മന്ത്രിമാര്‍ വിവാദങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് എടുത്ത് ചാടാറില്ല. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടടറി എം ശിവശങ്കറുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം സംബന്ധിച്ച് അറിയില്ലെന്നും കാനം.

മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ശിവശങ്കറിന് ഒറ്റയ്ക്കു നടപ്പാക്കാന്‍ കഴിയുന്ന ഒരു കാര്യമായിരുന്നോ ആ കരാര്‍ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല എന്നും കാനം പ്രതികരിച്ചു. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധം നമുക്ക് അറിയില്ലല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നയാള്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി അടുത്ത സൗഹൃദമുണ്ടെന്ന് വരുമ്പോള്‍ മറ്റ് തട്ടിപ്പുകളും നടന്നെന്ന് ജനം സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സ്പ്രിംഗ്‌ളര്‍ കരാര്‍ അനാവശ്യമായിരുന്നു എന്നാണ് കാലാവധി കഴിഞ്ഞിട്ട് ഇത് പുതുക്കാതിരുന്നതിലൂടെ മനസ്സിലാകുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണോ കരാര്‍ ഒപ്പിട്ടത് എന്നറിയില്ല. ഡാറ്റ സ്വകാര്യത സംബന്ധിച്ച ഇടതുപക്ഷത്തിന്റെ നയത്തിന് വിരുദ്ധമാണ് കരാര്‍ എന്നാണ് സിപിഐ തുടക്കം മുതല്‍ പറഞ്ഞത്. താനാണ് എല്ലാ തീരുമാനവുമെടുത്തത് എന്നാണ് തന്നെ വന്ന് കണ്ട ശിവശങ്കര്‍ ആ സമയത്ത് പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് സ്പ്രിംഗ്ളര്‍ കരാര്‍ ഒപ്പിട്ടത്. നിയമ വകുപ്പിന്റേയോ ധന വകുപ്പിന്റേയോ പരിശോധന നടത്തിയിട്ടില്ല. ശിവശങ്കറിനെ മാറ്റിനിര്‍ത്തണെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.

ഇടതുപക്ഷത്തിന്റെ വികസനനയം നടപ്പാക്കാന്‍ ചുമതലപ്പെട്ട സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ ഭാഷ ഇപ്പോള്‍ ലോകബാങ്കിന്റേതാണ്. കണ്‍സള്‍ട്ടന്‍സികള്‍ വേണ്ട എന്നതായിരുന്നു ഞങ്ങളുടെ നയം. ചില പ്രത്യേക കാര്യങ്ങളില്‍ വേണ്ടി വന്നാല്‍ പരമാവധി ചുരുക്കി ഇത്തരക്കാരുടെ പങ്ക് അനുവദിക്കാം എന്നതാണ് സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പുകമറയില്‍ നിര്‍ത്തുകയാണ് കേന്ദ്ര ഏജന്‍സികളിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഈ ഏജന്‍സികളെ ഉപയോഗിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അട്ടിമറികള്‍ അനുഭവിക്കുന്ന പാര്‍ട്ടിയുടെ നേതാവായ രമേശ് ചെന്നിത്തല ഈ ഏജന്‍സികള്‍ക്ക് പരവതാനി വിരിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള പ്രചാരണത്തിന് ഇടതുമുന്നണി 29ന് തുടക്കം കുറിക്കും. പ്രതിരോധം നടത്തിയിട്ട് കാര്യമില്ല. പ്രത്യാക്രമണമാണ് വേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു.

എന്തെങ്കിലും വിതരണം ചെയ്യാന്‍ വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റ് മന്ത്രിയോട് ആവശ്യപ്പെടുകയോ മന്ത്രി അതിന് മുന്‍കൈയെടുക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കാനം പറഞ്ഞു. പ്രോട്ടോക്കോളിന് വിരുദ്ധമാണിത്. ചോദ്യം ചെയ്തതിന്റെ പേരില്‍ ആരെങ്കിലും രാജി വച്ചിട്ടുണ്ടോ. അതേസമയം ഒരു ദേശീയ ഏജന്‍സി മന്ത്രിയെ വിളിപ്പിച്ചാല്‍ എന്തിനാണ് രഹസ്യമായി പോകുന്നത്. ദുരൂഹതയുണ്ടാകുമ്പോളാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുങ്ങുന്നത് എന്നും കാനം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങള്‍ നിസ്സാരമല്ല. കോടിയേരി തന്നെ ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയോ സര്‍ക്കാരോ ഇടപെടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ജോസ് കെ മാണി, ബിജെപിയടക്കം എല്ലാവരുമായും ചര്‍ച്ച നടത്തുന്നുണ്ടാകും. രാജ്യസഭാംഗത്വം രാജി വച്ച് എല്‍ഡിഎഫിലേയ്ക്ക് വരണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെ. കെ എം മാണി ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. ബാര്‍ കോഴ സമരത്തെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞ കാര്യങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യാത്തവയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT