Around us

സാമ്പത്തികപ്രതിസന്ധിക്കിടയിലും അംബാനിയുടെ വരുമാനം കുതിക്കുന്നു; 48 മണിക്കൂറില്‍ വര്‍ധിച്ചത് 29,000 കോടി

THE CUE

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുകേഷ് അംബാനിയുടെ വരുമാനത്തില്‍ വന്‍ കുതിപ്പ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുടെ സമ്പത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 29,000 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. റിലയന്‍സ് ഓഹരി ഉടമകളുടെ 42-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി നടത്തിയ പ്രഖ്യാപനങ്ങള്‍ കമ്പനിയുടെ ഓഹരി വില കൂട്ടിയതാണ് കുതിപ്പിന് കാരണമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭൂരിഭാഗം ഓഹരികളും അംബാനിയുടെ ഉടമസ്ഥതയിലാണ്.

ഓയില്‍ കെമിക്കല്‍ സെക്ടറിലെ 20 ശതമാനം ഓഹരികള്‍ സൗദി കമ്പനിയായ അരാംകോയ്ക്ക് വില്‍ക്കാനുള്ള തീരുമാനം, 18 മാസത്തിനുള്ളില്‍ കടമില്ലാത്ത അവസ്ഥയിലെത്തിക്കുമെന്ന പ്രഖ്യാപനം, അടുത്ത മാസം നടത്താനിരിക്കുന്ന ജിയോ ഫൈബര്‍ ലോഞ്ച് എന്നിവ ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. ബുധനാഴ്ച്ച 1,162 രൂപയില്‍ നടത്തിയിരുന്ന റിലയന്‍സ് ഓഹരിയുടെ വ്യാപാരം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചത് 1,288 രൂപയിലാണ്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വര ഇന്‍ഡക്‌സ് പ്രകാരം ലോകകോടീശ്വരന്‍മാരില്‍ അംബാനി 13-ാം സ്ഥാനത്താണ്. ആകെ സമ്പത്ത് 49.9 ശതകോടി ഡോളര്‍.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗമായ രഥിന്‍ റോയ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെയാണിത്. ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും നേരിടേണ്ടി വന്ന പ്രതിസന്ധിയിലൂടെയാകും രാജ്യത്തിന് കടന്ന് പോകേണ്ടി വരിക എന്നും രഥിന്‍ ചൂണ്ടിക്കാണിച്ചു.

സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളെ ബാധിക്കുന്നതിന്റെ വാര്‍ത്തകള്‍ കുറച്ചു നാളുകളായി പുറത്തുവരുന്നുണ്ട്. രാജ്യത്തെ വാഹന വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഒന്നരവര്‍ഷത്തിനിടെ മാത്രം 300ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) പറയുന്നു. 15,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കഴിഞ്ഞവര്‍ഷം ജൂലൈയിലെ കണക്കെടുത്താല്‍ 19 ശതമാനം ഇടിവാണ് ടൂവീലര്‍-പാസഞ്ചര്‍ വാഹനവില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ആത്മവിശ്വാസം ഇല്ലാത്തതാണ് വില്‍പന കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

രാജ്യത്തെ അടിവസ്ത്ര വില്‍പനയേപ്പോലും പ്രതിസന്ധി ബാധിച്ചു. പ്രമുഖ ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ജോക്കിയുടെ വില്‍പന 2008ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടി നേരിടുകയാണ്. ഡോളര്‍ ഇന്‍ഡസ്ട്രീസിന്റെ വില്‍പനയില്‍ നാല് ശതമാനവും വിഐപി ക്ലോത്തിങ് 20 ശതമാനവും ഇടിവ് നേരിട്ടു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT