Around us

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കെതിരെയും 8 ഡോക്ടർമാർക്കെതിരെയും അന്വേഷണം

മസ്തിഷ്ക മരണം നടന്നെന്ന റിപ്പോർട്ടിന്മേൽ അവയവദാനം. എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയ്‌ക്കെതിരെയും 8 ഡോക്ടർമാർക്കെതിരെയും നോട്ടീസ് അയച്ച് കോടതി. വാഹനാപകടത്തിൽപ്പെട്ട വി.ജെ എബിൻ എന്ന പതിനെട്ടുകാരന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി, വിദേശികൾക്ക് അവയവദാനം നടത്തി എന്ന പരാതിയിലാണ് ലേക്‌ഷോർ ആശുപത്രിയിലെ എട്ട് ഡോക്ടർമാരുൾപ്പെടെ ഉള്ളവർക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തലയിൽ രക്തം കട്ടപിടിച്ച യുവാവിനെ അത് നീക്കം ചെയ്യാതെ മസ്തിഷ്ക മരണത്തിനു വിട്ടുകൊടുത്തു എന്നാണ് പരാതി. തലയിൽ രക്തം കട്ടപിടിക്കുമ്പോൾ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് നീക്കം ചെയ്യുന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും, മരണശേഷം അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തതിൽ സധാരണഗതിയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല എന്നും നിരീക്ഷിച്ച കോടതി പ്രതികൾക്ക് സമൻസ് അയച്ചു.

2009 നവംബര് 29 ന് ഇടുക്കി ഉടുമ്പൻചോലയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ വി.ജെ എബിനെ ആദ്യം കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത ദിവസം തന്നെ മസ്തിഷ്കമരണം സംഭവിച്ചെന്ന് പറഞ്ഞ് ഡോക്ടർമാർ അവയവദാനം നടത്തി. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും, ദുരൂഹതയുണ്ടെന്നും ആരോപിച്ചുകൊണ്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതിയാണ് പരാതിയുമായി എത്തിയത്. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ കോടതി വിസ്തരിക്കുകയും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലൊന്നുമില്ലെന്നും, വിദേശികൾക്ക് അവയവദാനം നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഡോക്ടർ ഗണപതി ചൂണ്ടിക്കാണിക്കുന്നു.

ആരോപണങ്ങൾ നിഷേധിച്ച ലേക് ഷോർ ആശുപത്രി തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, നിരപരാധിത്വം കോടതിയെ ബോധിപ്പിക്കുമെന്നും പറഞ്ഞു. ഹ്യൂമൻ ഓർഗൻ ട്രാൻസ്‌പ്ലാന്റ് റൂൾ അനുസരിച്ചുള്ള എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും, സർക്കാർ ഏജൻസിയായ സൊസൈറ്റി ഫോർ ഓർഗൻ റിട്രീവൽ ആൻഡ് ട്രാൻസ്‌പ്ലാന്റേഷൻ നൽകിയ നിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് അവയവദാനം നടത്തിയെന്നും. എബിന്റെ അമ്മ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT