നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഡാലോചന കേസില്‍ സ്വകാര്യ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ സായ് ശങ്കറിനെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. നിലവില്‍ സാക്ഷിയെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സായ് ശങ്കറിന്റെ ആവശ്യം.
അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും സായ് ശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റൈ ഓഫീസില്‍ വെച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കൊച്ചിയില്‍ സായ് ശങ്കര്‍ താമസിച്ച ഹോട്ടലിലെ ബില്ലുകളുള്‍പ്പെടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.