Around us

ടീസ്റ്റ സെതൽവാദിന്റെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി; ഇടക്കാല ഇളവനുവദിച്ച് സുപ്രീം കോടതി

ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ഇളവ് അനുവദിച്ച് സുപ്രീം കോടതി. ശനിയാഴ്ച രാത്രിയിൽ നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് മൂന്നംഗ ബെഞ്ച് ടീസ്റ്റക്ക് ഒരാഴ്ചത്തെ സാവകാശം നൽകിയത്. 2002 ലെ ഗുജറാത്ത് വംശീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിച്ച സർക്കാരിനെതിരെ വ്യാജ തെളിവുകൾ സൃഷ്ടിച്ചെന്ന കേസിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം റദ്ദാക്കി ഉടൻ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് ടീസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ടീസ്റ്റയുടെ ഹർജി ആദ്യം രണ്ടംഗ ബെഞ്ചാണ് പരിഗണിച്ചത്. ജസ്റ്റിസ് അഭയ് എസ് ഓക, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന് ഇടക്കാല ഇളവ് അനുവദിക്കുന്നതിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ സാധിക്കാതിരുന്നതോടെയാണ് മൂന്നംഗ ബെഞ്ചിന് വിട്ടത് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ജസ്റ്റിസ് ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരാണ് രാത്രിയിൽ നടന്ന പ്രത്യേക സിറ്റിങ്ങിൽ വാദം കേട്ടത്.

ജാമ്യം റദ്ദാക്കിയതിനു പുറമെ ഉടൻ കീഴടങ്ങണമെന്ന് ഉത്തരവിടുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതിയുടെ സമീപനത്തെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. 'ജാമ്യം റദ്ദാക്കിയ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഹർജിക്കാരന് ലഭിക്കേണ്ടതുണ്ട്' സുപ്രീംകോടതി നിരീക്ഷിച്ചു.

ഉടൻ കീഴടങ്ങണമെന്ന് പറയാൻ മാത്രം എന്താണിത്ര തിടുക്കം എന്ന് ജസ്റ്റിസ് ഗവായ് വാക്കാൽ ആരാഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. 'കുറച്ച് ദിവസത്തേക്ക് സാവകാശം നൽകിയാൽ മാനം ഇടിഞ്ഞുവീഴുമോ? എന്താണിത്ര അടിയന്തര പ്രാധാന്യം?' കോടതി ചോദിച്ചു. ടീസ്റ്റക്കെതിരെ ചുമത്തിയ കേസിന്റെ മെരിറ്റിനെ കുറിച്ച് പറയുന്നില്ലെന്നും ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയെ ഉത്തരവ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്ന് സംസ്ഥാനം ഭരിച്ച നരേന്ദ്ര മോദി സർക്കാരിനെതിരെ ടീസ്റ്റ സെതിൽവാദും ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടും ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാറും വ്യാജമായി തെളിവുകൾ സൃഷ്ടിച്ചു എന്നാണു കേസ്. മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ടീസ്റ്റ ശ്രമിച്ചതെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് നിർസാർ ദേശായ് ജാമ്യം റദ്ദാക്കുന്നതിന് മുമ്പായി പരാമർശിച്ചതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ ഫണ്ടിന്റെ പിൻബലത്തിൽ രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങൾക്ക് വേണ്ടി കലാപത്തിലെ ഇരകളെ ടീസ്റ്റ സ്വാധീനിക്കുകയായിരുന്നെന്നും ജസ്റ്റിസ് നിർസാർ ദേശായ് നിരീക്ഷിച്ചു.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT