അമ്പലപ്പുഴ കാക്കാഴത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ ആക്രമണം. പിരിവ് ചോദിച്ചപ്പോൾ നല്കാത്തതിനാലാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. വീട്ടിലേക്ക് ഓടിക്കയറിയ അവരെ അകത്ത് കയറി ആക്രമിക്കുകയായിരുന്നു.ഗുരുതര പരുക്കുകളൊന്നും ഇല്ലാത്തതിനാൽ തൊഴിലാളികളെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. വീട്ടിലേക്ക് ഓടിക്കയറുന്നതിന്റെയും തിരിച്ചിറങ്ങുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികൾ അമ്പലപ്പുഴ സി ഐക്കു പരാതി നൽകി.
അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിന് സമീപം താമസിക്കുന്ന നാല് ബിഹാർ സംസ്ഥാന തൊഴിലാളികളെയാണ് സംഘം കയ്യേറ്റം ചെയ്തത്. കാക്കാഴം, വളഞ്ഞവഴി, നീർക്കുന്നം കേന്ദ്രീകരിച്ച് രണ്ടായിരത്തോളം തൊഴിലാളികളാണ് അവിടെ താമസിക്കുന്നത്. കെട്ടിടനിർമ്മാണത്തിനും ഇലക്ട്രിസിറ്റി ഓഫിസിൽ ദിവസ വരുമാനത്തിനും പണിയെടുക്കുന്നവരാണ് ആക്രമിക്കപെട്ടവർ. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുക്കാരുടെ ആരോപണം. സ്ഥിരമായി അന്യസംസ്ഥാന തൊഴിലാളികളെ ഇവർ പിരിവു ചോദിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സമീപവാസിയായ സിദ്ദിഖ് ദ ക്യുവിനോടു പറഞ്ഞു. ഒരാഴ്ച്ച മുൻപ് പ്രദേശത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ബിഹാർ സ്വദേശിയെ പിരിവ് നൽകാത്തതിനാൽ ഇവർ കയ്യേറ്റം ചെയ്തിരുന്നു. കൂടാതെ കടയുടമയെ ചെന്ന് കണ്ട് കട പൂട്ടാനും നിർദേശിച്ചു. ജീവൻ ഭയന്ന് ബീഹാറി തൊഴിലാളി നാടുവിടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്ക് അടിമകളായ മൂന്നംഗ സംഘത്തെ പേടിയായതിനാലാണ് ഇതുവരെ പരാതിയൊന്നും നൽകാത്തത്. അമ്പലപ്പുഴ മേൽപ്പാലം കേന്ദ്രീകരിച്ച് ഒരു വലിയ കഞ്ചാവ് മാഫിയയുണ്ടെന്നും കാക്കാഴം നിവാസിയായ സിദ്ദിഖ് പറഞ്ഞു. ഇതിന് മുൻപ് അന്യസംസ്ഥാന തൊഴിലാളികൾ ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ ഇവർക്ക് സാധിക്കാത്തതിനാൽ പ്രതികളെ വെറുതെ വിടുകയായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം