Around us

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി സിപിഐ, 'സര്‍ക്കാര്‍ പണം കൈക്കലാക്കാന്‍ വരുന്നവരെ തിരിച്ചറിയണം'

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു എഴുതിയ കോളത്തിലാണ് കടലാസ് പ്രൊജക്ടുകളുമായി സര്‍ക്കാര്‍ പണം കൈക്കലാക്കാന്‍ വരുന്ന ആധുനിക മാരീചന്‍മാരെ തിരിച്ചറിയണമെന്ന് പ്രകാശ് ബാബു എഴുതുന്നു. കേരളത്തില്‍ പ്രൈസ് വാട്ടര്‍ കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒഴിവാക്കാന്‍ കഴിയുന്ന ചൂഷണമാണെന്ന് പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു.

പരസ്യ ടെന്‍ഡര്‍ ഇല്ലാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപന പദവികള്‍ ഉപയോഗിച്ച് കോടികളുടെ കരാര്‍ നേടുകയും അത് വന്‍കിടചെറുകിടക്കാര്‍ക്ക് സബ്ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷന്‍ വാങ്ങിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളും ഉണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി.

വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പല ''അവതാരങ്ങളും'' ഈ ഗവണ്‍മെന്റിനെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടവരാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍. അത്തരം അവതാരങ്ങളുടെ വലയില്‍ ഇടതുപക്ഷ നേതാക്കള്‍ വീഴുകയില്ലായെന്ന് ബോദ്ധ്യമായതുകൊണ്ടാവാം അവര്‍ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അത്തരം ഉന്നതര്‍ അവരുടെ വലയില്‍ വീണിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനുത്തരം പറയേണ്ടതായും വരും. ''ഉപ്പു തിന്നവര്‍ ആരോ അവര്‍ വെള്ളം കുടിക്കും'' എന്ന് കേരളാ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ജനയുഗം ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളിൽ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയോ രാജ്യദ്രോഹികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നൽകുകയോ ചെയ്തിട്ടുള്ള ഒരാളും അവർ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളിൽ കൂടി പോലും രക്ഷപ്പെടാൻ പാടില്ല. വലമുറുക്കുന്നതിന് എത്ര സമയമെടുത്താലും അത് അധികമാവുകയില്ല. തെറ്റു ചെയ്തവരെ ഈ സർക്കാർ സംരക്ഷിക്കുകയില്ലാ എന്നതുകൊണ്ടാണ് എം ശിവശങ്കർ ഐഎഎസ് ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടത്.

കേരളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികൾ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്റെ യഥാർത്ഥ ഡോണുകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതിൽ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാൻ നിയോഗിക്കുന്നു. അവരെ ഐടി പ്രൊഫഷണൽ എന്ന നിലയിൽ വിദേശ കൺസൾട്ടൻസികളുടെയും കരാറുകളുടെയും മറവിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു.

തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താൽ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. എന്തായാലും ഐ റ്റി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണ്.

കഴിഞ്ഞ എത്രയോ വർഷങ്ങളായി നമ്മുടെ വിവിധ എയർപോർട്ടുകൾ കള്ളക്കടത്തിന്റെ കേന്ദ്രങ്ങളാണ്. കൂണുകൾ പോലെ നമ്മുടെ നാട്ടിൽ സ്വർണക്കടകൾ പെരുകിയിട്ടും ഇവയുടെ ഉറവിടം കണ്ടെത്താൻ ഇന്റലിജൻസോ കസ്റ്റംസോ മറ്റേതെങ്കിലും ഏജൻസികളോ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്ത് നിർബാധം തുടരുന്നു.ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമ റിപ്പോർട്ടിൽ കണ്ടത് കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്ന്. ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും നമുക്കുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണ്.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT