Around us

‘ആ പൊതിച്ചോര്‍ നിറയെ സ്‌നേഹമായിരുന്നു’; കുവൈറ്റ് യുദ്ധകാലത്ത് ‘ഏറ്റവും രുചികരമായ ഭക്ഷണം’ കഴിച്ചതിനേക്കുറിച്ച് കുറിപ്പ്

THE CUE

ഭക്ഷണം അമൂല്യമാണെന്നും അതിന്റെ രുചി സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ച് മുന്‍ പ്രവാസി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. കുവൈറ്റ് ടൈംസില്‍ ലേഖകനായിരുന്ന ഷാര്‍ളി ബെഞ്ചമിനാണ് കുവൈറ്റ് യുദ്ധകാലത്തെ ഇല്ലായ്മയുടെ അനുഭവം പങ്കുവെയ്ക്കുന്നത്. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കുഞ്ഞുമകളെ മാത്രം കൈയിലേന്തി എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യണ്ടി വന്നതിനേക്കുറിച്ചും ധനികര്‍ ഉള്‍പ്പെടെയുള്ളവര്‍ മരുഭൂമിയില്‍ കുബ്ബൂസിന് വേണ്ടി യാചിച്ചതിനേക്കുറിച്ചും ഷാര്‍ളി ബെഞ്ചമിന്‍ എഴുതുന്നു. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ കയറിയപ്പോള്‍ ഒരു കൂട്ടം മുസ്ലീം ചെറുപ്പക്കാര്‍ നല്‍കിയ പൊതിച്ചോര്‍ കഴിച്ചതില്‍ വെച്ചേറ്റവും രുചികരമായിരുന്നെന്നും കുറിപ്പിലുണ്ട്. ഭക്ഷണ വിതരണത്തിലും ജാതിയും മതവും നിര്‍ബന്ധമാക്കുന്നവര്‍ കൂടി അറിയാന്‍ വേണ്ടിയാണ് എഴുതുന്നതെന്ന് പ്രവാസി പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ട്രെയിന്‍ വിടാറായി. ഒരു സംഘം മുസ്ലീം ചെറുപ്പക്കാര്‍ ട്രെയിനുള്ളിലേക്ക് ഓടിക്കയറി വന്നു. രാത്രി ഭക്ഷണത്തിനുള്ള പൊതിച്ചോറാണ് കൈവശം. ഭക്ഷണമുണ്ടെന്ന് പറഞ്ഞിട്ടും അവര്‍ സ്‌നേഹപൂര്‍വ്വം ഞങ്ങളെ നിര്‍ബന്ധിച്ചേല്‍പ്പിച്ചു. കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും രുചികരമായ ഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ആ പൊതിച്ചോര്‍. അത് നിറയെ സ്‌നേഹമായിരുന്നു.
ഷാര്‍ളി ബെഞ്ചമിന്‍

ഷാര്‍ളി ബെഞ്ചമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പൊതിച്ചോറിന്റെ ഓര്‍മ്മ

(ഭക്ഷണ വിതരണത്തിലും ജാതിയും മതവും നിർബന്ധമാക്കുന്നവർ കൂടി അറിയാൻ ... )

ഇന്ന് ഓഗസ്റ്റ് 2: 29 വർഷം മുൻപ്, ഇതു പോലെ ഒരു ദിനം, 1990 ഓഗസ്റ്റ് രണ്ടിന്, ഇറാഖ് കുവൈറ്റിലേക്ക് അധിനിവേശം നടത്തി. അന്ന് കുവൈറ്റ് ടൈംസിൽ ആയിരുന്നു ജോലി. നേരം പുലർന്നപ്പോഴേക്ക് ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്ക് അധിനിവേശം നടത്തി. സൈനികശേഷിയിൽ ദുർബലമായ കുവൈറ്റിനെ കീഴ്പ്പെടുത്താൻ ഇറാഖിന് എളുപ്പമായിരുന്നു.
ഭീതിയുടെ ദിനങ്ങൾ. .. വറുതിയുടെ ദിനങ്ങൾ. ഭാര്യ ലില്ലിയും മൂന്ന് മാസം പ്രായമുള്ള മകൾ ഹരിതയും ഒപ്പമുണ്ട്. ഭക്ഷണ സാധങ്ങൾക്ക് കടുത്ത ക്ഷാമം, മകൾക്ക് കൊടുക്കേണ്ട പാൽപ്പൊടി പോലും കിട്ടാനില്ല. ഒരു ടിൻ നിഡോ വാങ്ങി സൂക്ഷിച്ചു.
ബാങ്കുകളും കട കമ്പോളങ്ങളും അടഞ്ഞു കിടന്നു. ഇറാഖികളും, പട്ടാളക്കാരും കൂട്ടത്തോടെ എത്തി കടകളും വീടുകളും കൊള്ള ചെയ്തു. തോക്കു ചൂണ്ടി വാഹനങ്ങൾ കടത്തിക്കൊണ്ട് പോയി.
ഇന്ത്യൻ വ്യാപാരികളുടെ പക്കലുള്ള അരിയും പരിപ്പും മറ്റും റേഷനായി വിതരണം ചെയ്യാൻ ഇന്ത്യൻ എംബസിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെ വോളന്റിയറായി ഞാനും കൂടി. എന്റെ ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഷിഫ്റ്റിൽ ജോലി ചെയ്തവരെ ഇറാഖികൾ വളഞ്ഞ് പണം കവർന്നെടുത്തു. എതിർത്ത ചിലർക്ക് തോക്ക് കൊണ്ട് അടി കിട്ടി. പാസ്പോർട്ട് കൈവശം ഇല്ലാത്ത ഇന്ത്യാക്കാർക്ക് താൽക്കാലിക പാസ്പോർട്ട് എഴുതി നൽകാനുള്ള എംബസിയുടെ സന്നദ്ധ സംഘത്തിലും അംഗമാകാൻ കഴിഞ്ഞു.

കുവൈറ്റിനെ ഇറാഖിന്റെ പ്രവിശ്യയായി പ്രഖ്യാപിച്ചതിനാൽ വാഹനത്തിൽ ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലേക്കും അവിടെ നിന്ന് ജോർദാൻ അതിർത്തിയിലേക്കും നിരവധി ഇന്ത്യാക്കാർ പലായനം ചെയ്തു. മരുഭൂമിയിൽ അഭയാർത്ഥികളുടെ നീണ്ട നിര. കൊടു പട്ടിണി. കടുത്ത ചൂടും, മണൽക്കാറ്റും.... ദുരിത ജീവിതം. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ഇവരെ അയൽ രാജ്യമായ ജോർദാൻ അതിർത്തി കടത്തി , അമ്മാനിൽ നിന്ന് വ്യോമ മാർഗ്ഗം നാട്ടിൽ എത്തിച്ചു തുടങ്ങി. ഇന്ത്യ ചരിത്രത്തിൽ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവർത്തനം.
ധനികരായ ഇന്ത്യാക്കാർ പോലും മരുഭൂമിയിൽ ഒരു ഖുബൂസിനായി ( കട്ടിയുള്ള അറബിക് ചപ്പാത്തി) ഇരന്നു. ഇത്തിരി വെള്ളത്തിനായി കേണു.

കുഞ്ഞ് ഒപ്പമുള്ളതിനാൽ ആ മാർഗ്ഗത്തിലൂടെ രക്ഷപ്പെടുക അസാധ്യമായിരുന്നു. പിന്നെയും കാത്തിരുന്നു. ബാഗ്ദാദിൽ നിന്ന് അമ്മാനിലേക്ക് ഇറാഖ് എയർവൈസ് പറക്കുന്നുണ്ടെന്ന് അറിവ് ആശ്വാസമായി. പക്ഷേ, വലിയ ടിക്കറ്റ് നിരക്കായിരുന്നു. അതും ഡോളറിൽ നൽകണം. അടുത്ത ബന്ധുക്കളും, സുഹൃത്തുകളും അടങ്ങുന്ന ഒരു സംഘം ഭാഗ്യ പരീക്ഷണത്തിന് തുനിഞ്ഞു, ഒപ്പം ഞങ്ങളും. വീട്ടു സാധനങ്ങൾ ഉൾപ്പെടെ എല്ലാം വാങ്ങാൻ ഇറാഖികൾ ഉണ്ടായിരുന്നു. (വിലപ്പെട്ട പുസ്തകങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു ). എല്ലാം വിറ്റഴിച്ച് ഒരു വിധം കുറച്ച് പണം ഒപ്പിച്ചു. കൂടാതെ അമ്മയുടെ സഹോദരൻ രാജച്ചായൻ ( പരേതനായ തോമസ് ഫിലിപ്പ്) അമ്മയുടെ ഇളയ സഹോദരി മോളി അമ്മാമ്മ, ഭർത്താവ് ബാബുച്ചായൻ (ഫിലിപ്പ്സ് വർഗ്ഗീസ് ) എന്നിവർ സഹായിച്ചതിനാൽ ഞങ്ങളും സംഘത്തോടൊപ്പം കൂടി. ഒരു വിധത്തിൽ പണം ഒപ്പിച്ച് വാടകക്കെടുത്ത ബസിൽ ബാഗ്ദാദിലേക്ക്. അവിടെ,. മാസങ്ങളായി ആൾ താമസമില്ലാത്ത, പൊടിയും അഴുക്കും നിറഞ്ഞ ഹോട്ടലിൽ, താമസം. (അഭയാർത്ഥികൾ നിറഞ്ഞതിനാൽ മറ്റ് ഹോട്ടലുകൾ കിട്ടാനില്ലായിരുന്നു). മകൾ ഈ യാത്രയിലുടനീളം കരഞ്ഞു കൊണ്ടിരുന്നു.

അതിനിടയിൽ കൂട്ടത്തിൽ ഒരാളുടെ (കുടുംബ സുഹൃത്ത് എഞ്ചിനിയർ മുരളി) പെട്ടി ഹോട്ടലിൽ നിന്ന് മോഷണം പോയി. പാസ്പോർട്ട് ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു. ഇറാഖിലെ ഇന്ത്യൻ എംബസി താൽക്കാലിക പാസ്പോർട്ട് നൽകി സഹായിച്ചു. ബാഗ്ദാദ് എയർപോർട്ട് വഴി അമ്മാൻ എയർപോർട്ടിൽ എത്തി. അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുബൈയിലേക്ക്‌...! സ്വാതന്ത്രത്തിലേക്ക്...! വിമാനത്തിൽ ഞങ്ങളെക്കൂടാതെ മരുഭൂമിയിൽ നിരവധി ദിവസങ്ങൾ ജീവിച്ചവരും ഉണ്ടായിരുന്നു. അവർ പ്രാകൃതാവസ്ഥയിൽ. തളർന്ന് അവശരായിരുന്നു. വസ്ത്രങ്ങൾക്ക് മാത്രമല്ല, മുടിക്കും, താടിക്കും, എന്തിന് കൺപീലികൾക്ക് പോലും മണലിന്റെ നിറമായിരുന്നു. എയർഹോസ്റ്റസ് ജ്യൂസും സാന്റ്വിച്ചും നൽകിയപ്പോൾ അവരുടെ തിക്കിതിരക്കും കണ്ണുകളിലെ തിളക്കവും മറക്കാനാവുന്നില്ല.

മുംബൈയിൽ നിരവധി സന്നദ്ധ സംഘടനകൾ അഭയാർത്ഥികളെ സ്വീകരിക്കാനുണ്ടായിരുന്നു. ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളിയിൽ വിശ്രമിച്ചു. ''റഫ്യൂജി ട്രെയിൻ " എന്ന പേരിൽ നാട്ടിലേക്ക് ഒരു ട്രെയിൻ സൗജന്യമായസർവീസ് നടത്തിയിരുന്നു. യാത്രച്ചിലവിനുള്ള പണം കൂടി കൈവശം ഉള്ളതിനാൽ ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ കരുതിയിരുന്നു. ട്രെയിനിൽ വലിയ തിരക്കില്ലായിരുന്നു. മകൾ കരഞ്ഞു കൊണ്ടിരുന്നു. ട്രെയിൻ വിടാറായി. ഒരു സംഘം മുസ്ലീം ചെറുപ്പക്കാർ ട്രെയിനുള്ളിലേക്ക് ഓടിക്കയറി വന്നു. രാത്രി ഭക്ഷണത്തിനുള്ള പൊതിച്ചോറാണ് കൈവശം. ഭക്ഷണമുണ്ടെന്ന് പറഞ്ഞിട്ടും അവർ സ്നേഹപൂർവ്വം ഞങ്ങളെ നിർബന്ധിച്ചേൽപ്പിച്ചു. കഴിച്ചിട്ടുള്ളതിൽ വച്ചേറ്റവും രുചികരമായ ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു...ആ പൊതിച്ചോർ... അത് നിറയെ സ്നേഹമായിരുന്നു.

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

SCROLL FOR NEXT