Election

'വിഷ വ്യാപനത്തിന്റെ വേരോട്ടം', ഹിന്ദുരാഷ്ട്ര പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെ വിമര്‍ശിച്ച് സത്യദീപം

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി,സി. ജോര്‍ജ്ജിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. പി.സി ജോര്‍ജിനെ തള്ളിയും തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും ഐക്യദാര്‍ഡ്യമറിയിച്ചുമാണ് സത്യദീപം മുഖപ്രസംഗം.

ചുരുങ്ങിയ സമയത്തിനുള്ളില്‍ യുവനര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ 'ഡാന്‍സ് ജിഹാദ്' എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി. സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം 'മതേതര' കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്.

2030ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്.

സത്യദീപം എഡിറ്റോറിയല്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച, 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നൃത്തം വൈറലായി. 1970-കളില്‍ യുവത്വത്തിന്റെ ഹരമായിരുന്ന യൂറോ-കരീബിയന്‍ ഡാന്‍സ്, ബോണി എമ്മിന്റെ റാസ്പുടിന്‍ എന്ന അനശ്വരട്രാക്കിനൊപ്പമാണ് ഇവര്‍ ചുവട് വച്ചത്. ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്സ് ഡാന്‍സിനെ വ്യത്യസ്തമാക്കിയതോടെ രണ്ടുപരും വളരെ വേഗം സോഷ്യല്‍ മീഡിയായില്‍ താരങ്ങളായി. ചാനലുകളില്‍ അഭിമുഖവും നിറഞ്ഞു. കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുമ്പോഴാണ് ഒരഭിഭാഷകന്റെ വിയോജനക്കുറിപ്പ് എഫ്.ബിയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പേരുെടയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു, ആ വിദ്വേഷ പോസ്റ്റ്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ ‘അപാകത’ ചൂണ്ടിക്കാട്ടിയ ആ പ്രതികരണത്തില്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിന്റെ മുനയുണ്ടായിരുന്നു. ഇതിനു ചുവടുപിടിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ യുവനര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ ‘ഡാന്‍സ് ജിഹാദ്’ എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.

സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം ‘മതേതര’ കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍. നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറയ്ക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റം.

മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്. മതേതരത്വത്തെ ഇനി മുതല്‍ പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്ര ചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍ 2030-ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്.

നൃത്തം വൈറലായതിനൊപ്പം വര്‍ദ്ധിച്ചുവന്ന എതിര്‍ പ്രചരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ജാനകിക്കും നവീനും പറയാനുള്ളത്, അത് തങ്ങളെ ബാധിക്കുന്നില്ലെന്നതായിരുന്നു ‘അത് നിങ്ങള്‍ മുതിര്‍ന്നവരുടെ കാര്യമാണ്. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കുക.’ വിഭാഗീയതയുടെ വിദ്വേഷരാഷ്ട്രീയത്തില്‍ ‘മുതിര്‍ന്നു’പോയ മുഴുവന്‍ പേര്‍ക്കും ഇളമുറക്കാരുടെ ഈ പാകതയുടെ പ്രതികരണം പ്രചോദനമാകണം. നമ്മുടെ കുട്ടികള്‍ അവരായിത്തന്നെ വളരട്ടെ. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അദൃശ്യരേഖകള്‍ തെളിയാതിരിക്കട്ടെ, ആരും തെളിയ്ക്കാതെയും.

”അജ്ഞതയില്‍ നിന്നും ഉളവാകുന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഭയം സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്” എന്ന നോബല്‍ സമ്മാന ജേതാവും കനേഡിയന്‍ ചിന്തകനുമായ ലസ്റ്റര്‍ ബി. പിയേഴ്സന്റെ ഓര്‍മ്മപ്പെടുത്തല്‍ നമുക്കുള്ളതാണ്. ”ജീവനുള്ളതും ക്രിയാത്മകവുമായ ഒരു ജനത, വ്യത്യാസങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള കഴിവിലൂടെ ഒരു പുതിയ സമന്വയത്തിനായി നിരന്തരം തുറന്നിരിക്കുന്നു,” (FT 160) വെന്ന് ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യാശയില്‍ ഈ നാടിന്റെ ഭാവിയുണ്ട്. ഈ അടുത്തകാലത്ത് നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ഏറെ മെച്ചപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്നു. അപ്പോഴും മലയാളിയുടെ പൊതു ബോധാന്തരീക്ഷം വിശുദ്ധവും വിശാലവുമാണെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ എന്ന പ്രശ്നമുണ്ട്. വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്റെ വിനിമയത്തിലേക്കല്ല, സംവാദത്തിന്റെ സമന്വയത്തിലേക്ക് നമ്മെ നയിക്കട്ടെ. മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാര്‍ത്ഥ ഐശ്വര്യകേരളം. അതാകട്ടെ ഭാവി യുവകേരളവും

ഹിന്ദുരാഷ്ട്രവാദം ആവര്‍ത്തിച്ച് പി.സി.ജോര്‍ജ്ജ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഞാൻ പറഞ്ഞത് അബദ്ധവാക്കോ, എനിക്ക് സംഭവിച്ച ഒരു പിഴവോ അല്ല.

45 മിനിറ്റുള്ള പ്രസംഗം, 20 സെക്കൻറ് സംപ്രേഷണം ചെയ്ത് "ആരും പറയാൻ പാടില്ലാത്ത" എന്തോ ഒന്ന് ഞാൻ പറഞ്ഞെന്ന രീതിയിൽ വാർത്താ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് കണ്ടു , അതവരുടെ രാഷ്ട്രീയം.

പക്ഷെ വരാൻ പോകുന്ന വലിയ വിപത്തെന്തെന്ന് എൻ്റെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയാണ്.തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഞാനിത് പറഞ്ഞിരുന്നതെങ്കിൽ അതിനെ ഇവർ മറ്റൊരു രീതിയിൽ ചിത്രീകരിക്കുമായിരുന്നു.

കഴിഞ്ഞ 40 വർഷത്തെ പൊതുപ്രവർത്തനത്തിൽ ഞാൻ നേരിടാത്ത വെല്ലുവിളികൾ ഒന്നും തന്നെയില്ല.ചില അപ്രിയ സത്യങ്ങൾ സമൂഹത്തോട് പറഞ്ഞത് വഴി ധാരാളം ആളുകൾ എന്നെ ശത്രുപക്ഷത്തു നിർത്തിയിട്ടുണ്ട്. അവയെ ഒന്നും തന്നെ ഞാൻ കാര്യമാക്കിയിട്ടുമില്ല.

എന്നാൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ഭീകരസഘടനകളുടേതടക്കം എനിക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പരസ്യവും, രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്.

കേരള സമൂഹം തിരഞ്ഞെടുപ്പുകാലത്ത് ആകെ അറിഞ്ഞത് ഈരാറ്റുപേട്ടയിലെ തേവരുപാറ എന്ന സ്ഥലത്ത് എനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാർത്ത മാത്രമാണ്എന്നാൽ 179 ബൂത്തുകൾ ഉള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ ഉൾപ്പെടെയുള്ള ജിഹാദി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള 26-ഓളം ബൂത്തുകളിൽ എന്നെ അനുകൂലിക്കുന്നവർക്ക് നേരെ നടന്ന കൈയേറ്റ ശ്രമങ്ങളും, ഭീഷണികളും ലോകം അറിഞ്ഞില്ല.

ഞാൻ പറയുന്നതിന്റെ അർത്ഥമെന്തെന്ന് ഈ നാളുകളിൽ സ്വന്തം അനുഭവത്തിലൂടെ അറിയാവുന്ന ഒരു വലിയ സമൂഹം എന്നെ പിന്തുണച്ചപ്പോൾ അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത് ജിഹാദികളെ പേടിച്ച് പോളിംഗ് ബൂത്തിൽ പോയി സ്വതന്ത്രമായി വോട്ടവകാശം രേഖപ്പെടുത്തുവാൻ എന്നെ അനുകൂലിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് എന്റെ പൂഞ്ഞാർ നിയോകജകമണ്ഡലത്തിൽ കഴിയാതെ വന്ന കാര്യം പൊതുസമൂഹം അറിയണം.

20 ശതമാനത്തിൽ താഴെ വരുന്ന ജിഹാദികൾ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്ക്കളക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വർഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്.ഇത് ഇനി ആവർത്തിച്ചുകൂടാ.ഇത് ചില പ്രവണതകളുടെ തുടക്കമാണ് പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇതിനെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു.

ന്യൂനപക്ഷ പ്രീണനം നടത്തി ഏതുവിധേനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപ്പൂർവ്വമോ, അല്ലാതെയോ കാണാതെ പോകുന്നു.ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പല നേതാക്കളും, മണിക്കൂറുകൾകൊണ്ട് നിലപാട് തിരുത്തുന്നത് സംഘടിതമായ ഈ ശക്തിയുടെ സമ്മർദ്ദം എന്താണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എസ്.ഡി.പി.ഐ നേതാവ് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ 2031-ൽ ഞങ്ങൾ കേരളം ഭരിക്കുമെന്നും,2047-ൽ ഞങ്ങൾ ഇന്ത്യ ഭരിക്കുമെന്നും പറയുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുമെന്ന് പറയുന്നത് ഒരു മതേതര പാർട്ടിയുടെ നേതാവല്ല മറിച്ച് ഒരു വർഗീയ ന്യൂനപക്ഷ സംഘടനയുടെ നേതാവാണ്.ഇതിൽ നിന്നും നാം ഒന്നു മനസിലാക്കേണ്ടത് നമ്മുടെ രാജ്യത്ത് വരാൻ പോകുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ അല്. മറിച്ച് വർഗീയ സംഘർഷങ്ങളുടെയും, ലഹളകളുടെയും അശാന്തിയുടെയും നാളുകൾ എന്നാണ്.

കഴിഞ്ഞ 7-8 വർഷത്തിൽ യൂറോപ്പിൽ നടന്ന കുടിയേറ്റങ്ങൾക്ക് ശേഷം ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും, ആ രാജ്യങ്ങളിലെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനും സമാധാനമായി ജീവിച്ചിരുന്ന ജനതയെ ഭീതിയുടെ ദിനങ്ങളിലേക്ക് തള്ളിവിട്ടതും നാം കണ്ടതാണ്. ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾ നമ്മുടെ മുൻപിലുണ്ട്.

ലോകമെമ്പാടും വർഗീയ വിഭജനങ്ങളും, വർഗീയ അധിനിവേശങ്ങളും ഉണ്ടായപ്പോൾ അവർക്കെല്ലാം അഭയം നൽകിയ നാടാണ് നമ്മുടെ ഭാരതം.

യഹൂദന്മാർ ലോകമെമ്പാടും പീഡിപ്പിക്കപ്പെട്ടപ്പോഴും, പേർഷ്യയിൽ നിന്നും (ഇന്നത്തെ ഇറാൻ ) വർഗീയ അധിനിവേശത്തിന്റെ പേരിൽ പലായനം ചെയ്ത റ്റാറ്റാ, ഫിറോസ്ഗാന്ധി (ഇന്ദിരാഗാന്ധിയുടെ ഭർത്താവ്) എന്നിവരുടെ പൂർവ്വികരായ പാഴ്സികൾക്കും അഭയം നൽകിയ വലിയ പാരമ്പര്യമാണ് നമ്മുടെ ഭാരതത്തിനുള്ളത്.

1947-ൽ മതത്തിന്റെ പേരിലാണ് ഈ മഹാരാജ്യത്തെ വെട്ടി മുറിച്ചത്. അങ്ങനെ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അവിടെ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കൾക്കും, സിഖുകാർക്കു, ക്രൈസ്തവർക്കും എന്ത് തരത്തിലുള്ള സംരക്ഷണമാണ് ലഭിച്ചത്, എന്തുകൊണ്ട് അവർ കൂട്ടക്കൊലക്ക് ഇരയായി, എന്തുകൊണ്ട് അവർ നാടുവിട്ട് ഇന്ത്യയിലേക്ക് വരേണ്ടി വന്നത് എന്നും നാം ആലോചിക്കേണ്ടതാണ്.

ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഈ രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് നിന്ന് എതിർക്കേണ്ടത് തന്നെയാണ്.

എന്നെ വിമർശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാൻ എന്ന വാക്കിനർത്ഥം മനസ്സിലാക്കിയാൽ നന്ന്...

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT