പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ശനിയാഴ്ച ജന്തർ മന്ദിറിലേക്ക് വിദ്യാർത്ഥി നേതൃത്വം പ്രതിഷേധ മാർച്ച് നടത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഡിജിറ്റൽ കാമ്പെയ്നുകൾക്ക് ശേഷമാണ് ഈ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചത്. കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകനും ഉടമയുമായ അഭിജീത് ദിപ്കെ നേരിട്ട് ഡൽഹിയിൽ എത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ നേതാവ് ആനി രാജ, ലഡാക്കിൽ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്, ശിവസേന യുബിടി നേതാവും പാർലമെന്റ് അംഗവുമായ പ്രിയങ്ക ചതുർവേദി എന്നിവർ വിദ്യാർത്ഥി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചെത്തി. വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും പരീക്ഷാ നടത്തിപ്പിലെ പരാജയങ്ങളും ചൂണ്ടിക്കാണിച്ചാണ് സമരം സംഘടിപ്പിച്ചത്. എന്തുകൊണ്ട് ആയിരക്കണക്കിന് യുവാക്കൾ ജന്തർ മന്ദിറിൽ ഒത്തുചേർന്നു? സിജെപിയുടെ ഒരു ഇൻവിറ്റേഷൻ പോസ്റ്റ് മാത്രമാണോ അവരെ അവിടെ എത്തിച്ചത്?
എന്താണ് സിജെപി?
കോക്രോച്ച് ജനത പാർട്ടി അഥവാ സിജെപി ഒരു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ല. സാമൂഹിക മാധ്യമങ്ങളിലൂടെ രൂപപ്പെട്ട ഒരു യുവജന പ്രതിഷേധ കൂട്ടായ്മയാണ് ഇത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ, നിയമന നടപടികളിലെ സുതാര്യതക്കുറവ്, തൊഴിലില്ലായ്മ, വിദ്യാഭ്യാസ നയങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രസ്ഥാനം ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമങ്ങളിലെ മീമുകളും പരിഹാസ രാഷ്ട്രീയവും ഉപയോഗിച്ചാണ് സിജെപി ജനപ്രീതി നേടിയത്. എന്നാൽ പ്രസ്ഥാനത്തിന്റെ പ്രധാന സന്ദേശം വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച യുവാക്കളുടെ ആശങ്കകളായിരുന്നു.
എന്തുകൊണ്ടാണ് പ്രതിഷേധം?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ ദേശീയ പ്രവേശന പരീക്ഷകളെയും റിക്രൂട്ട്മെന്റ് പരീക്ഷകളെയും ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നിരുന്നു. പരീക്ഷാ പേപ്പർ ചോർച്ച, പരീക്ഷകൾ റദ്ദാക്കൽ, നിയമന നടപടികളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
എക്‌സിൽ നിന്ന് തെരുവിലേക്ക്
സിജെപിയുടെ ഉയർച്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു പ്രവണതയെ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും സാമൂഹിക മാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ജനപ്രീതി നേടുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും യഥാർഥ ലോകത്ത് പിന്തുണ ലഭിക്കണമെന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സ് പ്ലാറ്റ്ഫോമിൽ 'സിജെപി' വലിയ രീതിയിലുള്ള ഡിജിറ്റൽ കാമ്പെയ്ൻ നടത്തിവരികയായിരുന്നു. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഈ ക്യാമ്പെയ്ന്റെ ഭാഗമായി മാറി. ഡിജിറ്റൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സമരക്കാർ തെരുവിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ ജന്തർ മന്തറിലെ പ്രതിഷേധം സിജെപിക്ക് നിർണായക ഘട്ടമായി മാറുകയാണ്. ഓൺലൈൻ പിന്തുണയെ ഓഫ്‌ലൈൻ രാഷ്ട്രീയ സമ്മർദമാക്കി മാറ്റാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ആദ്യ പരീക്ഷണമായാണ് ഈ പ്രതിഷേധത്തെ നിരീക്ഷകർ കണ്ടത്.
ജൂൺ 6 ശനിയാഴ്ച രാവിലെ മുതൽ ജന്തർ മന്ദിറിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാജയങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്നു എന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിൽ മന്ത്രാലയം പൂർണ്ണമായി പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മന്ത്രി പദവിയിൽ തുടരാൻ ധർമേന്ദ്ര പ്രധാന് യോഗ്യതയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പിന്തുണയുമായി ആരൊക്കെ?
വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, യുവജന പങ്കാളിത്തം, ഭരണപരമായ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി ഇടപെടുന്ന വ്യക്തിയാണ് സോനം വാങ്ചുക്. അദ്ദേഹത്തിന്റെ പിന്തുണ സിജെപി പ്രതിഷേധത്തിന് കൂടുതൽ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. സാമൂഹിക മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രചാരണമല്ല ഇത് എന്ന സന്ദേശം നൽകുന്നതിലും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് പ്രാധാന്യമുണ്ട്. അദ്ദേഹം സമരത്തിന് ഓൺലൈൻ വഴിയും പ്രസ്താവനകൾ വഴിയും പിന്തുണ നൽകിയിരുന്നു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സോനം വാങ്ചുക് വ്യക്തമാക്കി.
വിഷയത്തിൽ ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുർവേദി എംപി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ സർക്കാരിന് കഴിയില്ലെന്ന് അവർ പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രമുഖ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) എന്നിവർ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഇവർക്ക് പുറമെ സിപിഐ (CPI) ദേശീയ സെക്രട്ടറി ആനി രാജ, പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസ്, എഴുത്തുകാരി വിജേത ദഹിയ, അശുതോഷ് രാങ്ക, ചലച്ചിത്ര താരവും സംവിധായകനുമായ പ്രകാശ് രാജ്, രാഷ്ട്രീയ നേതാവ് ആദിത്യ താക്കറെ എന്നിവരും വിദ്യാർത്ഥി മുന്നേറ്റത്തിന് തങ്ങളുടെ ഐക്യദാർഢ്യ പിന്തുണ പരസ്യമായി രേഖപ്പെടുത്തി.
വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ സർക്കാരിന് കഴിയില്ല. പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരും. വിദ്യാഭ്യാസ മന്ത്രി രാജി വെക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല.പ്രിയങ്ക ചതുർവേദി, എംപി
സുരക്ഷാ ക്രമീകരണങ്ങൾ
വിദ്യാർത്ഥി മാർച്ചിനെ തുടർന്ന് ജന്തർ മന്ദിറിലും പരിസര പ്രദേശങ്ങളിലും ഡൽഹി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
ജന്തർ മന്തറിൽ എന്താണ് നടന്നത്?
ഡൽഹി പൊലീസിന്റെ അനുമതിയോടെയായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും യുവാക്കളും ജന്തർ മന്തറിൽ എത്തി. ദേശീയ പതാകയും പുസ്തകങ്ങളും കൈയിൽ പിടിച്ചായിരുന്നു പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധം സമാധാനപരമായി തുടരണമെന്ന് സംഘാടകർ ആവർത്തിച്ച് ആവശ്യപ്പെട്ടു. അഭിജീത് ദിപ്കെ നടത്തിയ പ്രസംഗത്തിൽ യുവാക്കളുടെ ശബ്ദം അടിച്ചമർത്താനാകില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ശേഷമുള്ള വലിയ ചോദ്യം
ജന്തർ മന്തറിലെ പ്രതിഷേധം ഒരു ദിവസത്തെ രാഷ്ട്രീയ സംഭവമായി അവസാനിക്കുമോ? അതോ യുവാക്കളുടെ വിദ്യാഭ്യാസ-തൊഴിൽ ആശങ്കകളെ കേന്ദ്രീകരിച്ചുള്ള ദീർഘകാല പ്രസ്ഥാനമായി മാറുമോ? സാമൂഹിക മാധ്യമങ്ങളിലെ വൈറൽ പ്രചാരണത്തിൽ നിന്ന് ദേശീയ തലത്തിൽ ചർച്ചയാകുന്ന ഒരു പ്രതിഷേധ വേദിയിലേക്ക് സിജെപി എത്തിയിട്ടുണ്ട്. എന്നാൽ ഈ പിന്തുണയെ സ്ഥിരമായ രാഷ്ട്രീയമോ സാമൂഹികമോ ആയ ഇടപെടലാക്കി മാറ്റാൻ കഴിയുമോയെന്നതാണ് പ്രസ്ഥാനത്തിന്റെ അടുത്ത വെല്ലുവിളി.