പിണറായി
പിണറായി 
Around us

ഒമ്പത് വയസുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും; പിണറായിയുടെ നിയമസഭാ പ്രതികരണം പൂര്‍ണ്ണരൂപം

THE CUE

വാളയാറില്‍ പീഡിപ്പിക്കപ്പെട്ട ഒമ്പത് വയസുകാരി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി എഴുതിതയ്യാറാക്കിയ ഭാഗം നിയമസഭയില്‍ വായിച്ചത്. നാലടി ഉയരവും 20 കിലോഗ്രാം തൂക്കവും മാത്രമുള്ള ഒമ്പതുവയസുകാരി കഴുക്കോലില്‍ തൂങ്ങിമരിച്ചെന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരവേയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

ഒമ്പത് വയസുള്ള ഇളയ കുട്ടി ആത്മഹത്യ ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അട്ടപ്പള്ളം സ്വദേശി വലിയ മധു, പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
മുഖ്യമന്ത്രി

ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതിക്കാര്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി എടുത്തിരുന്നു. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. അപ്പീല്‍ അടക്കമുള്ള കേസിന്റെ തുടര്‍നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രതികരണം

പോക്‌സോ ആക്ട്, എസ് സി എസ് ടി ആക്ട്, പ്രകാരം അന്വേഷണം നടത്തുകയും ഫോറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. 13 വയസുകാരിയുടെ അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടപ്പള്ളം സ്വദേശി വലിയ മധു എന്നു വിളിക്കുന്ന മധു, രാജാക്കാട് സ്വദേശി ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, അട്ടപ്പള്ളം സ്വദേശി കുട്ടി മധു എന്ന് വിളിക്കുന്ന മധു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ അഞ്ച് പ്രതികളാണുള്ളത്. ഒമ്പത് വയസുള്ള ഇളയ കുട്ടി ആത്മഹത്യ ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അട്ടപ്പള്ളം സ്വദേശി വലിയ മധു, പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. പ്രതികള്‍ വ്യത്യസ്ത കാലയളവിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രതിക്കെതിരേയും പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ കുറ്റപത്രങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് ഹാജരാക്കിയത്.

ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെതിരെയുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി 30-9-19ല്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് ബഹുമാനപ്പെട്ട പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിക്ക് വേണ്ടി അഡ്വ. സുരേഷ് കോടതി മുമ്പാകെ ഹാജരായിരുന്നു. മറ്റ് പ്രതികളായ വലിയ മധു, ചെറിയ മധു, ഷിബു എന്നിവര്‍ക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കി 25-10-19ല്‍ പ്രതികളെ വെറുതേ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചിട്ടില്ല. മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെയുള്ള വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ നടന്നുവരുന്നു.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേയും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ 30-09-2019 വരെ 9,836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8,907 കേസുകളില്‍ പെട്ട 9,918 പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 30-09-2019 വരെ 46,842 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59,395 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമങ്ങള്‍ക്ക് 30-09-19 വരെ 609 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 434 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്കെതിരെയുണ്ടാകുന്ന സംഭവങ്ങള്‍ക്കെല്ലാം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന്റെ തെളിവാണ് മേല്‍ പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 97 ശതമാനം കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുകയും പ്രഗത്ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അവശേഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് കോടതിയിലെ കേസുകളിലും ഇതേ നിലപാട് സ്വീകരിക്കും. ഇതിന് പുറമേ ഇത് സംബന്ധിച്ച് പൊലീസിന് എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT