ഭൂമി തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. സ്ഥലം വില്‍പ്പനയിലൂടെ തട്ടിപ്പ് നടത്തി 97 ലക്ഷം തട്ടിയ കേസിലാണ് കോയമ്പത്തൂരില്‍ വെച്ച് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്.
ആധാരം റദ്ദാക്കിയത് മറച്ചുവെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആണ് സുനിലിനെ അറസ്റ്റ് ചെയ്തത്.
സുനില്‍ കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ആധാരം പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തു. ഇത് മറച്ചുവെച്ചാണ് സുനില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്നയാള്‍ക്ക് സ്ഥലം വിറ്റത്.
രജിസ്‌ട്രേഷന്‍ നടപടികള്‍ ചെയ്യുന്ന സമയത്താണ് സത്യാവസ്ഥ ഗിരിധരന്‍ മനസിലാക്കുന്നത്. ഭൂമി ഇടപാട് കോടതി റദ്ദാക്കി. എന്നാല്‍ പണം തിരികെ നല്‍കാന്‍ സുനില്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരായ സുനിലിനെ റിമാന്‍ഡ് ചെയ്തു.