Around us

കൊല്ലപ്പെട്ടത് ഇറാന്റെ പരമോന്നത നേതാവ്, സംഘര്‍ഷം തുടരുന്നു; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്‍ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, താസ്‌നിം എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അല്‍ജസീറ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും റോയിട്ടേഴ്‌സും വാര്‍ത്ത സ്ഥിരീകരിച്ചു. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ വ്യക്തികളില്‍ ഒരാളായ ഖമനേയി കൊല്ലപ്പെട്ടുവെന്നും ഇറാനിലെയും അമേരിക്കയിലെയും മറ്റനേകം രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് നീതി കിട്ടിയിരിക്കുന്നുവെന്നും ട്രംപ് പോസ്റ്റില്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ ഖമനേയിയുടെ മരണം സ്ഥിരീകരിച്ചത്. ഇസ്രായേലും അമേരിക്കയും തങ്ങളുടെ പ്രവൃത്തിയില്‍ ഖേദിക്കുമെന്നും ഒരിക്കലും മറക്കാത്ത പാഠം ഇരു രാജ്യങ്ങളെയും പഠിപ്പിക്കുമെന്നും ഇറാന്‍ പ്രതികരിച്ചു. ശനിയാഴ്ച തന്നെ ഖമനേയി കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇറാന്‍ സമയം രാവിലെ 9.30ന് ഖമനേയിയുടെ കൊട്ടാരത്തില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. ശക്തവും അപ്രതീക്ഷിതവുമായ ആക്രമണത്തില്‍ കൊട്ടാരം പൂര്‍ണ്ണമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക ബേസുകളില്‍ ആക്രമണം നടത്തിക്കൊണ്ടാണ് ഇറാന്‍ പ്രതികരിച്ചത്. ഇസ്രായേലിലും ഇറാന്‍ ആക്രമണം നടത്തി.

ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെ പ്രസ്താവനയില്‍ വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത വിധത്തില്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് കുറിച്ചു. ഇറാനില്‍ ഇതുവരെ ഇരുന്നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ അശാന്തി തുടരുകയാണ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT