Around us

സ്ത്രീയായതിനാല്‍ ഏതറ്റം വരെയും വേട്ടയാടാമെന്നത് വ്യാമോഹം; വീണ വിജയനെതിരായ ആരോപണങ്ങളില്‍ ആര്യ രാജേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ സംരംഭമായ എക്‌സാലോജികുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വേട്ടയാടപ്പെടുന്നത് സ്ത്രീയാണ് എന്നതുകൊണ്ട് ആക്രമണം ഏതറ്റം വരെയും ആകാം എന്നത് വ്യാമോഹമാണെന്നും ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ്. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല. ഒന്നര പതിറ്റാണ്ടായി അവര്‍ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ആര്യ പറയുന്നു.

ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കില്‍ അതിന്റെ ഹരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകള്‍ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവര്‍ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

വീണയുടെ സ്ഥാപനത്തിന്റെ വെബ് സൈറ്റിലെ പഴയ വിവരങ്ങള്‍ പുറത്തു വിട്ടുവിട്ടുകൊണ്ട് മാത്യുകുഴല്‍ നാടന്‍ രംഗത്തെത്തിയിരുന്നു.

പി.ഡബ്ല്യു.സി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹം മെന്റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. വിവാദം ഉയര്‍ന്നപ്പോഴാണ് വിവരം നീക്കിയതെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. പി.ഡബ്ല്യു.സിയ്‌ക്കെതിരെ ആരോപണം വന്ന ഘട്ടത്തില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്നത് സംബന്ധിച്ച വിവരങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്.

കേരളത്തില്‍ നടന്നിട്ടുള്ള വിവാദങ്ങളില്‍ സ്ത്രീകള്‍ ഉള്‍പെട്ടാല്‍ അത് ഒരു പ്രത്യേക ഹരത്തോടെ ചര്‍ച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കില്‍ ആ ഹരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകള്‍ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവര്‍ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം. പറഞ്ഞ് വന്നത് വീണ വിജയന്‍ എന്ന സംരഭകയെ കുറിച്ചാണ്. അവര്‍ മാത്രമല്ല ഞാനടക്കം ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന, അല്ലെങ്കില്‍ ഇടതുപക്ഷ നിലപാടുള്ള സ്ത്രീകള്‍ക്ക് മേല്‍ നടക്കുന്ന വെര്‍ബല്‍ അറ്റാക്ക് അതിന്റെ എല്ലാ സീമകളും ലംഘിച്ചിട്ടും ചില ബുദ്ധികേന്ദ്രങ്ങളും മാധ്യമ ന്യായാധിപന്മാരും തുടര്‍ന്നതും തുടരുന്നതുമായ മൗനം അശ്ലീലമാണെന്ന് പറയാതെ വയ്യ.

രാഷ്ട്രീയ പ്രവര്‍ത്തകരെ കുറിച്ച് ആരോപണങ്ങള്‍ സ്വാഭാവികമാണ്, വീണ എന്ന സ്ത്രീയ്ക്ക് കേരളത്തിലെ സമകാലീന രാഷ്ട്രീയത്തില്‍ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ? ഏതൊരാളെയും പോലെ അവകാശങ്ങളും സ്വകാര്യതയും എല്ലാമുള്ള ഒരു സ്ത്രീയാണ് അവരും. അനാവശ്യ വിവാദങ്ങളില്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ചവര്‍ ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നൊന്നും ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കുന്നില്ല. എന്തെങ്കിലും ഭോഷ്‌ക്ക് വിളിച്ച് പറയുക, എന്നിട്ട് അതിനുമേല്‍ ചര്‍ച്ച നടത്തുക. ചര്‍ച്ച നടത്തിയിട്ട് ഈ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുന്നുണ്ടോ? അതുമില്ല.

ചര്‍ച്ചയുടെ പേരില്‍ അവരെ ആവര്‍ത്തിച്ച് അപമാനിക്കുക. ഇതാണിപ്പോ നടന്ന് വരുന്നത്.

വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ്. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല. ഒന്നര പതിറ്റാണ്ടായി അവര്‍ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇക്കണ്ട ആരോപണങ്ങള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളു. കാണാന്‍ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ. നമുക്ക് കാണാം...

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT