Around us

'ആ മെഡലുകളെങ്കിലും തിരിച്ച് തന്നൂടെ..?'; മേപ്പാടിയിലെ മോഷ്ടാവിനായി വീട്ടുടമയുടെ ഒരു തുറന്ന കത്ത്

എങ്കിലും മോഷണ വാർത്തകൾ വീണ്ടും വന്നു. ചൂരൽമലക്ക് സമീപത്തെ മേപ്പടിയിലുണ്ടായ മോഷണവും, വീട്ടുകാർ മോഷ്ടാവിനായി എഴുതിയ തുറന്ന കത്തുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്നാണ് മേപ്പാടിയിലെ വീട്ടിൽ മോഷണം നടന്നത്.

അടച്ചിട്ട വീടിന്റെ മുകളിലത്തെ നിലയിലെ ജനൽ ചില്ല് തകർത്ത് അകത്തുകയറിയ മോഷ്ടാവ്​, മൂന്നര പവൻ സ്വർണവും 30,000 രൂപ വില വരുന്ന റാഡോ വാച്ചുമടക്കം ​​മോഷ്ടിച്ചു. കുടുംബാംഗമായ സൈനികന്റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകളും കള്ളൻ കവർന്നത് കുടുംബത്തെയും ആ നാടിനെയും ഒന്നാകെ സങ്കടത്തിലാക്കിയിരിയ്ക്കുയാണ്.

ഞങ്ങളുടെ എല്ലാ സമ്പാദ്യവും കൊണ്ടുപോയി, അത് നിങ്ങൾ എടുത്തോളൂ, ആ മെഡൽ ഞങ്ങളുടെ അഭിമാനമാണ്, അതെങ്കിലും തിരിച്ച് തന്നൂടെ.. ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് ജീവനും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ നാട്ടുകാരുടെ നഷ്ടങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് സംഭവിച്ചത് ഒന്നുമല്ല. മഴയൊന്ന് ശക്തമായി പെയ്താൽ, ഭൂമി ഒരൽപ്പം വിറകൊണ്ടാൽ, കാറ്റിന് അൽപം കൂടി ശക്തിയേറിയാൽ പാറിപ്പോകുന്നതാണ് ലോകത്തെ സകല സമ്പത്തുകളും, വീട്ടുടമ ഹുമയൂൺ കബീർ കള്ളനായി തുറന്ന കത്തിൽ ഇങ്ങനെ കുറിച്ചിടുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട കള്ളന്,

സുഖമെന്ന് കരുതുന്നു

വയനാട് ജില്ല, ​പ്രത്യേകിച്ച് ഞങ്ങൾ താമസിക്കുന്ന മേപ്പാടിയും സമീപ പ്രദേശങ്ങളും സമാനതകളില്ലാത്ത ഒരു ദുരന്തം നേരിട്ടു നിൽക്കുന്നതിനിടെയാണ് താങ്കൾ എന്റെ ജേഷ്ഠന്റെ മേപ്പാടിയിലുള്ള വീട് കുത്തിപ്പൊളിച്ച് കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്ന് അതിസാഹസികമായി വീട്ടിൽ കയറി പണവും സ്വർണവും എടുത്തുകൊണ്ടുപോകണമെങ്കിൽ അത്രമാത്രം വലിയ എന്തോ സാമ്പത്തിക ആവശ്യം താങ്കൾക്കുണ്ടാവുമായിരിക്കും എന്നാണ് കരുതുന്നത്.

രണ്ടു മനുഷ്യാത്മാക്കൾ പകലന്തിയോളം അധ്വാനിച്ച് സമ്പാദിച്ചതാണ് താങ്കൾ മോഷ്ടിച്ചു കൊണ്ടുപോയ പണവും സ്വർണവു​മെല്ലാം.

ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് ജീവനും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ നാട്ടുകാരുടെ നഷ്ടങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് സംഭവിച്ചത് ഒന്നുമല്ല. മഴയൊന്ന് ശക്തമായി പെയ്താൽ, ഭൂമി ഒരൽപ്പം വിറകൊണ്ടാൽ, കാറ്റിന് അൽപം കൂടി ശക്തിയേറിയാൽ പാറിപ്പോകുന്നതാണ് ലോകത്തെ സകല സമ്പത്തുകളും.

താങ്കൾ എടുത്തു കൊണ്ടുപോയ സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കണക്കുകൂട്ടി തിട്ടപ്പെടുത്താനാവും. പക്ഷേ വിലയിടാൻ കഴിയാത്ത മൂല്യമുള്ള ഒരു സമ്പാദ്യം ഞങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങൾ എടുത്തു കൊണ്ടുപോയിട്ടുണ്ട്,അത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഞങ്ങളുടെ മുത്തൂസ്​ (കെ.വി. അമൽ ജാൻ, ഇന്ത്യൻ നേവി) അവന്റെ കഠിനാധ്വാനവും സമർപ്പണവും കൊണ്ട് നേടിയെടുത്ത സൈനിക മെഡലുകളാണത്. സാധാരണക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേപ്പാടിയുടെ പിന്നോക്കാവസ്ഥയും സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇപ്പോൾ കുറച്ചു ദിവസങ്ങളായി വിവിധ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും പിന്നോക്കമായ ഒരു പ്രദേശത്തു നിന്ന് ഒരു ബാലൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് സെലക്ഷൻ നേടി എത്തിപ്പെടണമെങ്കിൽ അവൻ അതിനായി നടത്തിയ പരിശ്രമങ്ങളും അവന്റെ മാതാപിതാക്കളും കുടുംബവും അനുഭവിച്ച ത്യാഗങ്ങളും എത്ര വലുതായിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ആ എൻ.ഡി.എയിൽ മിടുക്കനായി പരിശീലനം നേടിയതിനു ലഭിച്ച അഭിനന്ദന സമ്മാനങ്ങളാണ് താങ്കൾ പെറുക്കിക്കൊണ്ടുപോയ ആ മെഡലുകൾ. ഒരു സൈനികന്റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകൾ ഒരിക്കലും വിൽക്കാനോ പണയം വെക്കാനോ കഴിയില്ല. അത് കൊണ്ട് താങ്കൾക്ക് ഒരു പ്രയോജനവുമില്ല, ഞങ്ങൾക്കാവട്ടെ അത് ഏറ്റവും വലിയ അഭിമാനത്തിന്റെ അടയാള ചിഹ്നങ്ങളായിരുന്നു. ആ മെഡലുകളെങ്കിലും ഒന്ന് തിരിച്ചുതന്നുകൂടേ?

സ്നേഹത്തോടെ

ഹുമയൂൺ കബീർ

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT