Around us

ഇവിഎം മാറ്റി സ്ഥാപിക്കുന്നുവെന്ന് ആരോപിച്ചതിന് യുപി പൊലീസിന്റെ മൂന്നാം മുറ; ഒടുവില്‍ മാധ്യമപ്രവര്‍ത്തകന് ജാമ്യം

യു.പി തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചതിന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഗൗരവ് ബന്‍സാലിന് ജാമ്യം. ജാമ്യാപേക്ഷ പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബന്‍സാലിന് തിങ്കളാഴ്ച വൈകിട്ടോടെ ജാമ്യം അനുവദിച്ചത്. ആഗ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൗരവ് ബന്‍സാലിനെ മാര്‍ച്ച് 15 നാണ് വിവിധ ഐ.പി.സി വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

മാര്‍ച്ച് 8 ന് ആഗ്രയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി, ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. കൂടാതെ പോലീസുകാരോട് അപമര്യാദയായി പെരുമാറിയെന്നും പോലീസ് ആരോപിച്ചു. മാര്‍ച്ച് 8 ന് രാത്രി 10 മണിയോടെ ബന്‍സാല്‍ ബലം പ്രയോഗിച്ച് വളപ്പില്‍ പ്രവേശിച്ചുവെന്നും ജീവനക്കാര്‍ ബാലറ്റ് പെട്ടികള്‍ മാറ്റിയെന്ന് ആരോപിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അറസ്റ്റ് ചെയ്ത സംഭവത്തില്‍, കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തിങ്കളാഴ്ച രംഗത്ത് വന്നിരുന്നു. ഗൗരവ് ബന്‍സാലിനോട് സംസ്ഥാന ഭരണകൂടം നീതിപൂര്‍വ്വം പെരുമാറണമെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ഇ.ജി.ഐ ആവശ്യപ്പെട്ടു. കൂടാതെ, പോലീസിന്റെ പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.

സെന്‍സിറ്റീവ് വിഷയങ്ങളില്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഉപകരണങ്ങളായി നിയമങ്ങള്‍ ഉപയോഗിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്ന് ഇ.ജി.ഐ പറഞ്ഞു. മാധ്യമങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും നിര്‍ഭയമായി ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് കഴിയുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഇ.ജി.ഐ ആവശ്യപ്പെട്ടു.

മാര്‍ച്ച് 15-ന് പുലര്‍ച്ചെ 1 മണിക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അറസ്റ്റ് നടന്നതെന്ന് ഗൗരവ് ബന്‍സാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'രാവിലെ കോടതിയില്‍ ഹാജരാക്കും വരെ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പോലീസുകാര്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു' അദ്ദേഹം പറഞ്ഞു.

ബന്‍സാലിനെതിരെ ഐപിസി സെക്ഷന്‍ 147 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 323 (സ്വമേധയ മുറിവേല്പിക്കുക), 353 (ഉദ്യോഗസ്ഥരെ ആക്രമിക്കല്‍), 504 (സമാധാനം തകര്‍ക്കാനുള്ള പ്രകോപനം), 7 ക്രിമിനല്‍ നിയമ ഭേദഗതി നിയമം എന്നിവ പ്രകാരമാണ് ആഗ്ര പോലീസ് കേസെടുത്തിരിക്കുന്നത്.

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘370 രൂപയുടെ ബിരിയാണി’ വെറും തമാശ മാത്രമാണോ?ഒളിച്ചു കടത്തുന്ന സ്ത്രീവിരുദ്ധത

ഗുണ്ടകള്‍ ഇനി പേടിച്ച് ജീവിക്കും, ഓപ്പറേഷന്‍ തൂഫാന്‍ കാരവാനിലും കയറും; രമേശ് ചെന്നിത്തല അഭിമുഖം

ദുബായ് വാഹനാപകടം: കുടുംബങ്ങൾക്ക് രണ്ടര കോടിരൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ,പരുക്കേറ്റവരിൽ രണ്ട് മലയാളികളും

'സിനിമക്കുള്ളിലെ ആരും പറയാൻ ധൈര്യപ്പെടാത്ത സത്യങ്ങൾ; പ്രേക്ഷക ശ്രദ്ധ നേടി മോളിവുഡ് ടൈംസ്

SCROLL FOR NEXT