Around us

'മഴയത്ത് കുഞ്ഞുങ്ങളെയും എടുത്ത് ഓടാന്‍ വയ്യ'; നിലമ്പൂരിലെ പ്രളയബാധിത മേഖലയിലെ ആദിവാസികള്‍ വനഭൂമി കൈയ്യേറി കുടില്‍കെട്ടി

നിലമ്പൂര്‍ എടക്കര പൂളക്കപ്പാറയില്‍ ആദിവാസികള്‍ വനഭൂമി കൈയ്യേറി കുടില്‍ കെട്ടി. വെള്ളപ്പൊക്കവും മഴക്കെടുതിയും എല്ലാ വര്‍ഷവും ഉണ്ടാകുന്നതിനാല്‍ പുഴയ്ക്കരികിലെ ഊരുകളില്‍ താമസിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 24 കുടുംബങ്ങള്‍ വനംവകുപ്പ് ഓഫീസിന് അടുത്തുള്ള ഭൂമി കൈയ്യേറി കുടില്‍ കെട്ടി. കാട്ടുനായ്ക്ക, പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് സമരം ചെയ്യുന്നത്. ചെറിയ മഴ വന്നാല്‍ പോലും ക്യാമ്പിലേക്ക് പോകേണ്ടി വരുന്നുവെന്ന് സമരക്കാര്‍ ദ ക്യുവിനോട് പറഞ്ഞു.

മൂത്തേടം പഞ്ചായത്തിലുള്‍പ്പെട്ട നെല്ലിക്കുത്ത്, പൂളക്കപ്പാറ ഊരുകളില്‍ നിന്നുള്ളവരാണ് സമരത്തിലുള്ളത്. പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനടുത്താണ് കുടില്‍കെട്ടി സമരം നടത്തുന്നത്. ഇന്ന് രാവിലെയാണ് വനഭൂമി കൈയ്യേറി കുടില്‍ കെട്ടിയത്. ഭൂമി ലഭിക്കാതെ പിന്‍മാറില്ലെന്ന് സമരത്തിലുള്ള നിശാന്തിനി ദ ക്യുവിനോട് പറഞ്ഞു.കഴിഞ്ഞ പ്രളയത്തില്‍ എല്ലാ വീടുകളിലും വെള്ളം കയറി. ക്യാമ്പിലേക്ക് മാറ്റി. അധികൃതര്‍ ക്യാമ്പിലെത്തിയപ്പോള്‍ ഭൂമിയും വീടും ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

മഴയുള്ള ദിവസങ്ങളില്‍ ഒരുപോള കണ്ണടച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടി ഉറങ്ങാതെയിരിക്കുകയായിരുന്നു.ഇവരെയും കൊണ്ട് എവിടേക്കാണ് പോകേണ്ടത്. ജനിച്ച കാലം മുതല്‍ ഞങ്ങള്‍ കാണുന്ന കാടാണ്. ഇവിടെ നിന്നും പുറത്താക്കുമെന്നാണ് ഫോറസ്റ്റുകാര്‍ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങള്‍ എവിടേക്കാണ് പോകേണ്ടത്. കാട്ടിലെ കനിയും കായയും വള്ളിയുമൊക്കെയെടുത്താണ് ഞങ്ങള്‍ വളരുന്നത്.
നിശാന്തിനി

വെള്ളം കയറുന്ന വീട്ടില്‍ എങ്ങനെ താമസിക്കുമെന്ന് രഞ്ജിനി ചോദിക്കുന്നു. കുട്ടികളെയും കൊണ്ട് രാത്രി ക്യാമ്പിലേക്ക് ഓടാന്‍ വയ്യ. ഇതിന് പരിഹാരം വേണം.

2010ല്‍ നിലമ്പൂരിലെ 503 ഏക്കര്‍ വനഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി വിധിയുണ്ടെന്ന് സമരസമതി നേതാവ് ചിത്ര ചൂണ്ടിക്കാണിക്കുന്നു. 278 ഏക്കര്‍ ഭൂമി മാത്രമാണ് വനംവകുപ്പ് നല്‍കിയത്. ബാക്കി ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. 16528 കുടുംബങ്ങളാണ് നിലമ്പൂരിലുള്ളത്. അതില്‍ പലര്‍ക്കും ഭൂമിയില്ല. രേഖ പോലും ഇല്ലാത്ത രണ്ട് സെന്റ് ഭൂമിയാണ് കാട്ടുനായ്കര്‍ക്കുള്ളത്. അധികൃതര്‍ ഇതിന് പരിഹാരം കാണണമെന്ന് ചിത്ര ആവശ്യപ്പെടുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT