News n Views

‘3 ചിത്രങ്ങള്‍ ഒറ്റ ദിനം കൊണ്ട് 120 കോടി വാരി’; രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രിയുടെ വിചിത്രവാദം 

THE CUE

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ന്യായീകരിക്കാന്‍ തിയേറ്ററുകളിലോടുന്ന ചിത്രങ്ങളുടെ വരുമാനക്കണക്ക് നിരത്തി വിചിത്ര വാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് 120 കോടി രൂപ സമാഹരിച്ചതായും സാമ്പത്തിക മാന്ദ്യമില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. വളര്‍ച്ചാ മുരടിപ്പിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.

ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് 3 ഹിന്ദി ചിത്രങ്ങള്‍ 120 കോടി രൂപയാണ് സമാഹരിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒറ്റ ദിവസം കൊണ്ട് സിനിമകള്‍ക്ക് വന്‍തുക വരുമാനം ലഭിക്കുക. ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണരംഗം, വിവര സാങ്കേതിക വിദ്യാ മേഖല, തുടങ്ങിയവ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മുദ്ര ലോണും വാണിജ്യ സേവനങ്ങളും നല്ല രീതിയില്‍ പുരോഗമിക്കുകയുമാണ്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ ചിലര്‍ സംഘംചേര്‍ന്ന് സര്‍ക്കാരിനെതിരെ തിരിഞ്ഞ് തൊഴിലില്ലായ്മ സംബന്ധിച്ച് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. 
രവിശങ്കര്‍ പ്രസാദ് 

വളര്‍ച്ചാ നിരക്ക് അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയെന്ന് ഇക്കഴിഞ്ഞയിടെ വെളിപ്പെട്ടിരുന്നു. കൂടാതെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ രൂക്ഷമായ രീതിയില്‍ പ്രകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്ന് നാഷണല്‍ സാംപിള്‍ സര്‍വേയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സിനിമകള്‍ കോടികള്‍ സമാഹരിച്ചെന്ന അവകാശ വാദം മുന്‍നിര്‍ത്തി സാമ്പത്തികമാന്ദ്യമില്ലെന്ന് സ്ഥാപിക്കാനാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവുകൂടിയായ രവിശങ്കര്‍ പ്രസാദിന്റെ ശ്രമം.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT