ബ്രെയിന്‍ ട്യൂമര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയ ചികിത്സാരീതി. ഗ്ലിയോബ്ലാസ്‌റ്റോമ എന്ന ബ്രെയിന്‍ ട്യൂമര്‍ അത്ഭുതകരമായി കുറയ്ക്കുന്ന ചികിത്സാ രീതി യുഎസിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെ നടത്തിയ പഠനത്തില്‍ പുതിയ രീതി അവലംബിച്ച് നടത്തിയ ചികിത്സയിലൂടെ മൂന്ന് പേരുടെ രോഗനിലയില്‍ കാര്യമായ മാറ്റമുണ്ടായതായി കണ്ടെത്തി. ഇതുവരെ ഫലപ്രദമായ ചികിത്സയില്ലാതിരുന്ന മാരക രോഗത്തിനുള്ള ചികിത്സയില്‍ സുപ്രധാന ചുവടുവെയ്പാണ് ഇതിലൂടെ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. കാര്‍ട്ട്-ടീം എന്ന് പേരിട്ടിരിക്കുന്ന തെറാപ്പിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികളില്‍ വ്യക്തമായ മാറ്റം പ്രകടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗിയുടെ ശരീരത്തിലെ കോശങ്ങളെത്തന്നെ രോഗത്തോട് പൊരുതാന്‍ ശേഷിയുള്ളവരാക്കി മാറ്റുകയാണ് ഈ തെറാപ്പിയില്‍ ചെയ്യുന്നത്. ഇതിനായി ശരീരത്തില്‍ നിന്ന് കോശങ്ങള്‍ ശേഖരിക്കും. ഈ കോശങ്ങളുടെ ഉപരിതലത്തില്‍ ഷിമേറിക് ആന്റിജന്‍ റിസപ്റ്ററുകള്‍ എന്ന് അറിയപ്പെടുന്ന പ്രോട്ടീനുകള്‍ പ്രത്യക്ഷപ്പെടുന്ന വിധത്തില്‍ മാറ്റം വരുത്തുകയാണ് അടുത്ത പടി. ഇങ്ങനെ മാറ്റം വരുത്തിയ കോശങ്ങളെ കാര്‍ട്ട്-ടീം എന്നാണ് വിളിക്കുന്നത്. ഇവയെ രോഗിയുടെ ശരീരത്തിലേക്ക് വീണ്ടും കുത്തിവെയ്ക്കും. ട്യൂമര്‍ കോശങ്ങളെയായിരിക്കും ഇവ ലക്ഷ്യമിടുക. ഈ ചികിത്സ സ്വീകരിച്ച 74 വയസുള്ള രോഗിയുടെ ട്യൂമര്‍ ചുരുങ്ങുകയും പിന്നീട് നടത്തിയ പരിശോധനയില്‍ ട്യൂമറിന്റെ സാന്നിധ്യം പോലും കണ്ടെത്താത്ത വിധത്തില്‍ ഇത് ചെറുതാകുകയും ചെയ്തു. 72 വയസുള്ള മറ്റൊരു രോഗിയുടെ ട്യൂമര്‍ 60 ശതമാനം ചുരുങ്ങി. പിന്നീട് 69 ദിവസത്തോളം അതേ അവസ്ഥയില്‍ തന്നെ തുടര്‍ന്നു. ഏറ്റവും ആശാവഹമായ മാറ്റം കണ്ടെത്തിയത് 57കാരിയായ രോഗിയിലാണ്. കാര്‍ട്ട്-ടീം കുത്തിവെച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ഇവരുടെ ട്യൂമര്‍ ഏതാണ്ട് പൂര്‍ണ്ണമായും ചുരുങ്ങിയതായി കണ്ടെത്തി.
എന്നാല്‍ അല്‍പ ദിവസത്തിനകം തന്നെ ഈ മൂന്നു രോഗികളിലും ട്യൂമര്‍ വളര്‍ച്ച തിരിച്ചെത്തി. പനി, മാനസികനിലയിലെ വ്യതിയാനം തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഇവരിലുണ്ടായി. എങ്കിലും ബ്രെയിന്‍ ട്യൂമര്‍ ചികിത്സയില്‍ ആശാവഹമായ പുരോഗതിയാണ് ഈ തെറാപ്പിയുടെ കണ്ടുപിടിത്തത്തോടെ ഉണ്ടായിരിക്കുന്നതെന്ന് ന്യൂറോ ഓങ്കോളജിസ്റ്റും കാര്‍ട്ട്-ടീം പ്രോജക്ടില്‍ പങ്കാളിയുമായിരുന്ന എലിസബത്ത് ഗേര്‍സ്റ്റ്‌നര്‍ പറഞ്ഞു. കൂടുതല്‍ ഗവേഷണങ്ങളിലൂടെ പുതിയ ചികിത്സാരീതി ഫലപ്രദമായ ഒന്നാക്കി മാറ്റാനാകുമെന്നാണ് ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.