Health and Wellness

കോവിഡ് പ്രതിരോധത്തിന് കേരളത്തില്‍ നിന്ന് 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍

അബുദാബി: യുഎഇ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍. അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള സംഘമാണ് ഇന്ന് രാവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായി കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള സംഘത്തിന്റെ യാത്ര. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പൂര്‍ണ്ണപിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപ്പൂര്‍ പറഞ്ഞു. 'ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കരുത്തേകുമെന്ന് നമ്മള്‍ എല്ലായ്‌പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നാണ് ഇന്ത്യയും യുഎഇയും ഇപ്പോള്‍ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങള്‍ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീര്‍ഘകാല ബന്ധത്തെ തുടര്‍ന്നാണ് ഇത് സാധ്യമായത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെത്തിയ 105 അംഗ സംഘത്തില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. അടിയന്തര പരിചരണത്തില്‍ വൈദഗ്ദ്യമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഇതിലുണ്ട്. ഇതിനു പുറമെ യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടില്‍ വന്നു ലോക്ക് ഡൌണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയതാണിവര്‍.

കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ആരോഗ്യരംഗത്ത് അനുഭവസമ്പത്തുള്ള മെഡിക്കല്‍ സംഘത്തെ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നബീല്‍ ഡിബൗണി പറഞ്ഞു. കോവിഡിനെ നേരിടാന്‍ യുഎഇ സര്‍ക്കാര്‍ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്ന് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ സംഘത്തെ കൊണ്ടുവരാന്‍ സഹായിച്ച യുഎഇ, ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യന്‍ എംബസി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫെയര്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയാണ് തുടക്കം മുതല്‍ ദൗത്യത്തിന് ലഭിച്ചിരുന്നത്.

വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ യാത്രയ്ക്ക് ആവശ്യമായ അനുമതികള്‍ നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളെ യാത്രയ്ക്കായി കൊച്ചിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സഹായിച്ചു. വിവിധ ജില്ലകളില്‍ താമസക്കാരായ ഇവരെ പ്രത്യേകം ഏര്‍പ്പാടാക്കിയ കെഎസ്ആര്‍ടിസി ബസുകളിലാണ് ഞായറാഴ്ച കൊച്ചിയില്‍ എത്തിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മെഡിക്കല്‍ സംഘത്തിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പിസിആര്‍ പരിശോധനയില്‍ എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT