Fact Check

Fact Check : ‘മുണ്ടക്കയത്ത് കോഴികളിലൂടെ നിപ്പാ ബാധ’ ; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. മുണ്ടക്കയം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ രണ്ട് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. മാക്‌സിമം ഷെയര്‍ ചെയ്യൂ. നിപ്പാ വൈറസ് പടര്‍ന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്നാണ് സൂചന. വൈറസ് വവ്വാലുകളില്‍ കണ്ടെത്താനായില്ലെന്നും എന്നാല്‍ കോട്ടയത്തുനിന്ന് എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോക്ടര്‍ അനന്ത് ബസു അറിയിച്ചു. കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറച്ചിക്കോഴികളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുക. ഷെയര്‍ ചെയ്യൂ ജീവന്‍ രക്ഷിക്കൂ.

രോഗബാധ നേരിടുന്ന കോഴികളുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റാണിത്. നിരവധിയാളുകളാണ് ഈ പോസ്റ്റ് ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും കൈമാറുന്നത്.

പ്രചരണത്തിന്റെ വാസ്തവം

മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുപേര്‍ക്ക് നിപ്പാ ബാധ സ്ഥിരീകരിച്ചെന്നത് വ്യാജ പ്രചരണമാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ബ്രോയിലര്‍ കോഴികളില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നതും തെറ്റായ പ്രചരണമാണ്. സന്ദേശത്തില്‍ പറയുന്നതുപോലെ മുണ്ടക്കയത്തെന്നല്ല കേരളത്തില്‍ എവിടെയും കോഴികളില്‍ ഇതുവരെ നിപ്പാ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അവയില്‍ നിന്ന് ആര്‍ക്കും പകര്‍ന്ന സംഭവങ്ങളുമുണ്ടായിട്ടില്ല. വവ്വാലുകളിലല്ലാതെ കോഴികളില്‍ ഇതുവരെ കേരളത്തില്‍ നിപ്പാ ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേരള പൊലീസ് എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വ്യാജ പ്രചരണത്തെ ഉദ്യോഗസ്ഥര്‍ പൊളിച്ചടുക്കുന്നുണ്ട്.

ഇതാദ്യമായല്ല കോഴികളിലൂടെ നിപ്പാ ബാധയുണ്ടാകുന്നുവെന്ന വ്യാജ പ്രചരണമുണ്ടാകുന്നത്. മേല്‍പറഞ്ഞ സന്ദേശം പ്രചരിപ്പിച്ചതിന് മൂവാറ്റുപുഴ സ്വദേശി പിഎം സുനില്‍കുമാര്‍ എന്നയാള്‍ക്കെതിരെ 2018 മെയ് മാസം കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇയാളുടെ നമ്പറില്‍ നിന്ന് സന്ദേശം പ്രചരിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. സമാന രീതിയില്‍ മറ്റൊരു സന്ദേശം പ്രചരിപ്പിച്ചതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ പത്രക്കുറിപ്പെന്ന വ്യാജേനയായിരുന്നു ആ സന്ദേശം. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ഉള്ളതായി ലാബ് പരിശോധനയില്‍ തെളിഞ്ഞെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കോഴി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുവെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

27.05.2018 എന്ന തീയതിയും പച്ച മഷിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വ്യാജ ഒപ്പും സീലും രേഖപ്പെടുത്തിയായിരുന്നു പ്രചരണം. വാട്‌സ് ആപ്പില്‍ എത്തിയ സന്ദേശം ശരിയാണെന്ന് തെറ്റിദ്ധരിച്ച് പലരും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇത് കോഴിവില്‍പ്പനയില്‍ വന്‍ ഇടിവുണ്ടാക്കുകയും ചെയ്തിരുന്നു. കോഴികളിലൂടെ നിപ്പാ പകരുന്നുവെന്ന സന്ദേശം ശ്രദ്ധില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ തന്നെ ഇത് തെറ്റാണെന്ന് വിശദീകരിച്ചു. തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT