Fact Check

Fact Check : ‘മദ്യപിക്കുന്നവള്‍, ഗര്‍ഭ നിരോധന ഉറ കൊണ്ട് മുടി കെട്ടിയവള്‍...’; ഇവര്‍ ജെഎന്‍യു സമരത്തിലുള്ളവരെന്നത് വ്യാജ പ്രചരണം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'കയ്യില്‍ മദ്യക്കുപ്പി, അതിനുപുറമെ ടേബിളില്‍ 300 രൂപ വിലയുള്ള ക്ലാസിക്ക് സിഗരറ്റിന്റെ രണ്ട് പാക്കുകളും കാണാം. ഒരെണ്ണം അവള്‍ വലിക്കുന്നു. മയക്കുമരുന്നിന് അടിമയായ ഇവളാണ് ജെഎന്‍യുവിലെ ഫീസ് വര്‍ധനയില്‍ പരാതിപ്പെടുന്നത്'. മദ്യക്കുപ്പിയെന്ന് തോന്നിപ്പിക്കുന്നത് ഇടതുകയ്യിലും സിഗരറ്റ് എന്ന് തോന്നിപ്പിക്കുന്നത് വലതുകൈയ്യിലും പിടിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. ഫോട്ടോയിലുള്ള പെണ്‍കുട്ടിയെ ജെഎന്‍യു വിദ്യാര്‍ത്ഥിയായി ചിത്രീകരിക്കുകയും ഇതുപോലുള്ളവരാണ് ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് വരുത്തിയുമാണ് പോസ്റ്റ്.

ഇതേ ചിത്രത്തോടൊപ്പം, ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന സമാന മുഖഛായയുള്ള മറ്റൊരു കുട്ടിയുടെ ഫോട്ടോ ചേര്‍ത്തും പ്രചരണമുണ്ട്. ജെഎന്‍യുവിലെ പാവം കുട്ടികള്‍ എന്നാണ് അതിന്റെ തലക്കെട്ട്.

ഒരു പെണ്‍കുട്ടി ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് മുടി കെട്ടിവെച്ചിരിക്കുന്നതിന്റെ ചിത്രമാണ് മറ്റൊന്ന്. 'ഈ ചിത്രത്തിലേതിനേക്കാള്‍ വ്യക്തമായി ജെഎന്‍യുവിന്റെ തകര്‍ച്ച വിവരിക്കാനാകില്ല' എന്നാണ് കുറിപ്പ്. ലഹരിവസ്തുക്കള്‍ നിര്‍ബാധം ഉപയോഗിക്കാനും മറ്റ് സുഖങ്ങള്‍ അനുഭവിക്കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരത്തിനിറങ്ങിയിരിക്കുകയാണെന്ന് ധ്വനിപ്പിച്ചാണ് പോസ്റ്റുകള്‍. ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജെഎന്‍യു സമരത്തെയും അതില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും പേജുകളും അക്കൗണ്ടുകളിലുമാണ് ഇത്തരം പോസ്റ്റുകള്‍ നിറയുന്നത്.

പ്രചരണത്തിന്റെ വാസ്തവം

ജെഎന്‍യു സമരത്തില്‍ പങ്കെടുക്കുന്നവരുടേതെന്ന പേരില്‍, തെറ്റായ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നത്. മദ്യക്കുപ്പിയെന്നും സിഗരറ്റെന്നും തോന്നുന്നവയുമായി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഗര്‍ഭനിരോധന ഉറ കൊണ്ട് മുടി കെട്ടിയ ചിത്രവും ജെഎന്‍യു സമരവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ഒന്നാമത്തെ ചിത്രം 2016 ഓഗസ്റ്റില്‍ ‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ‘എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. മദ്യവും സിഗരറ്റും എന്ന് തോന്നുന്നവ പിടിച്ചിരിക്കുന്ന പെണ്‍കുട്ടി ആരാണെന്നോ എവിടുത്തുകാരിയാണെന്നോ അടക്കം ചിത്രത്തിന്റെ പശ്ചാത്തല വിവരങ്ങളൊന്നും അതില്‍ ഇല്ല. ഇതേ ബ്ലോഗില്‍ സ്ത്രീകള്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ട്. അതായത് മൂന്ന് വര്‍ഷം മുന്‍പേ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് ഇപ്പോഴത്തെ ജെഎന്‍യു സമരത്തിലുള്ള വിദ്യാര്‍ത്ഥിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

കോണ്ടം കൊണ്ട് മുടി കെട്ടിയ പെണ്‍കുട്ടിയുടെ ചിത്രം 2017 ഡിസംബര്‍ 30 ന് ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പോസ്റ്റിലും ചിത്രത്തിന്റെ പശ്ചാത്തല വിവരങ്ങള്‍ ഇല്ല. അതായത് ഈ പെണ്‍കുട്ടി ജെഎന്‍യു വിദ്യാര്‍ത്ഥിയാണെന്ന് പറയാന്‍ തക്ക വിവരങ്ങളൊന്നും ലഭ്യമല്ല. സോഷ്യല്‍ മീഡിയയില്‍ രണ്ട് വര്‍ഷം മുന്‍പ് പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ജെഎന്‍യു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടേതെന്ന വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതാണോയെന്നതിന് പോലും വ്യക്തതയില്ല. ഫലത്തില്‍ ജെഎന്‍യു സമരത്തെയും അതില്‍ അണിനിരന്ന വിദ്യാര്‍ത്ഥിനികളെയും മോശമായി ചിത്രീകരിക്കാന്‍ അതിന് അനുയോജ്യമായ ചിത്രങ്ങള്‍ തിരഞ്ഞു കണ്ടെത്തി തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിച്ചതാണെന്ന് വ്യക്തം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

SCROLL FOR NEXT