വെള്ളിയാഴ്ചയാണ് പത്തനംതിട്ട, ഇലന്തൂര്‍, ഈസ്റ്റ് ഒടാലില്‍ പുത്തന്‍വീട്ടില്‍ തോമസ് ചെറിയാന്‍ എന്ന സൈനികന് നാട് പൂര്‍ണ്ണ ബഹുമതികളോടെ അന്ത്യയാത്ര നല്‍കിയത്. സൈനികരുടെ അകമ്പടിയോടെ, പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 56 വര്‍ഷം മുന്‍പുണ്ടായ ഒരു വിമാനാപകടത്തിലാണ് തോമസ് ചെറിയാന്‍ കൊല്ലപ്പെട്ടത്. 1968 ഫെബ്രുവരി 7ന് ചണ്ഡീഗഡില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-12 വിമാനം കാണാതായി. ഹിമാചല്‍ പ്രദേശിലെ റോഹ്തംഗ് പാസിന് സമീപമാണ് വിമാനം കാണാതായത്. തിരച്ചില്‍ ദൗത്യങ്ങള്‍ പലതും നടന്നെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത് 2003ല്‍ മാത്രമാണ്. 2019ല്‍ അഞ്ച് മൃതദേഹങ്ങളും കഴിഞ്ഞ തിങ്കളാഴ്ച തോമസ് ചെറിയാന്‍ അടക്കമുള്ള നാല് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പയനിയേഴ്‌സ് കോറിലെ ശിപായി മല്‍ഖന്‍ സിങ്, ആര്‍മി മെഡിക്കല്‍ കോറിലെ നാരായണ്‍ സിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് കോറിലെ തോമസ് ചെറിയാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. 102 പേരായിരുന്നു അപകടത്തില്‍ തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെടുമ്പോള്‍ തോമസ് ചെറിയാന് 26 വയസായിരുന്നു പ്രായം.
അപകടം നടന്നത് ഇങ്ങനെ
ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട വിമാന അപകടങ്ങളില്‍ ഒന്നാണ് 1968ല്‍ റോഹ്താംഗ് പാസില്‍ നടന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എഎന്‍-12 വിമാനമാണ് അപകടത്തില്‍ പെട്ടത്. സൈനികരുടെ യാത്രയ്ക്കായാണ് ഈ നാല് എന്‍ജിന്‍ വിമാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചണ്ഡീഗഡില്‍ നിന്ന് ലേയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ കരസേനാ ജവാന്‍മാര്‍ അടക്കം 102 പേരായിരുന്നു യാത്രക്കാര്‍. ഈ യാത്രയില്‍ ഹിമാലയത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെ വിമാനത്തിന് കടന്നു പോകേണ്ടതായുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റോഡാണ് റോഹ്താംഗ് പാസ്. ഇതിന് സമീപത്തെ മഞ്ഞുമലനിരകളില്‍ വെച്ച് വിമാനവുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് വിമാനം തകര്‍ന്നു വീണതായി വ്യോമസേന സ്ഥിരീകരിക്കുകയും കാണാതായവരുടെ ബന്ധുക്കളെ ഔദ്യോഗികമായി വിവരം അറിയിക്കുകയും ചെയ്തു. അപകടത്തിന് കാരണമെന്താണെന്ന് ഇതേവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥയും പ്രദേശത്തിന്റെ ദുഷ്‌കരാവസ്ഥയും അപകടത്തിലേക്ക് നയിച്ചു എന്ന് മാത്രമാണ് നിഗമനം. നാവിഗേഷന്‍ സംവിധാനങ്ങള്‍ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന കാലത്താണ് അപകടം നടന്നത്. ശക്തമായ കാറ്റും അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും ഹിമാലയത്തിലൂടെയുള്ള വ്യോമ ഗതാഗതത്തിന് അന്ന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
കാണാതായവര്‍ക്കായി നടത്തിയ ദൗത്യങ്ങള്‍
അപകടത്തിന് ശേഷം പല തെരച്ചില്‍ ദൗത്യങ്ങളും നടത്തിയെങ്കിലും 1968ല്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 2003ല്‍ മണാലിയില്‍ പ്രവര്‍ത്തിക്കുന്ന അടല്‍ ബിഹാരി വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആന്‍ഡ് അപ്ലൈഡ് സ്‌പോര്‍ട്‌സിലെ മലകയറ്റ വിദഗ്ദ്ധര്‍ കണ്ടെത്തിയതോടെയാണ് പ്രതീക്ഷകള്‍ ശക്തമായത്. വിമാന അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ കൊല്ലപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ബന്ധുക്കളിലുമുണ്ടായി. കാണാതായവര്‍ക്കു വേണ്ടി വര്‍ഷങ്ങളോളം കാത്തിരുന്നവര്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹമെങ്കിലും ലഭിക്കുമോയെന്ന് സൈനിക കേന്ദ്രങ്ങളോട് ചോദിച്ചു. അന്വേഷണങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. വിമാനം കണ്ടെത്തിയതിന് ശേഷം 2005ലും 2006ലും 2013ലും 2019ലും തെരച്ചില്‍ ദൗത്യങ്ങള്‍ നടന്നു. കരസേനയുടെ ദോഗ്ര സ്‌കൗട്ടിലെ സാഹസികരായ സൈനികരാണ് തെരച്ചിലില്‍ പങ്കെടുത്തത്. ഏറ്റവുമൊടുവില്‍ 2019ല്‍ മാത്രമാണ് വിമാന യാത്രികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. മഞ്ഞുമലയില്‍ വീണ് തകര്‍ന്ന വിമാനത്തിലെ യാത്രക്കാരായ സൈനികരുടെ മൃതദേഹങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ഇതോടെ കൂടുതല്‍ തെരച്ചില്‍ ദൗത്യങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
മോശം കാലാവസ്ഥയായിരുന്നു അപകടത്തിലേക്ക് നയിച്ചത്. അതേ കാലാവസ്ഥ തന്നെ അന്നു മുതലുള്ള തെരച്ചില്‍ ദൗത്യങ്ങളില്‍ വില്ലനായി തുടരുകയും ചെയ്തു. മഞ്ഞുപുതഞ്ഞ പ്രദേശത്തെ തിരച്ചില്‍ എന്നും ദുഷ്‌കരമായിരുന്നു. രക്ഷാ ദൗത്യം പതിറ്റാണ്ടുകള്‍ നീളാന്‍ കാരണമായതിന് കാരണവും അതു തന്നെ. 51 വര്‍ഷത്തിന് ശേഷം മാത്രമാണ് ആദ്യമായി മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു കൂടുതല്‍ മൃതദേഹങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍. എന്തായാലും ഇതോടെ പ്രതീക്ഷകള്‍ക്കും ചിറക് വെച്ചിരിക്കുകയാണ്. അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടി കൂടുതല്‍ തെരച്ചിലുകള്‍ ഇനിയും നടത്തും. നിലവില്‍ നടന്നു വരുന്ന ദൗത്യം ഒക്ടോബര്‍ 10 വരെ തുടരുമെന്നാണ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ദോഗ്ര സ്‌കൗട്ട്‌സിനൊപ്പം തിരംഗ മൗണ്ടന്‍ റെസ്‌ക്യൂ പ്രതിനിധികളും ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ 9 പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മഞ്ഞുമലയില്‍ എവിടെയെങ്കിലും അവര്‍ മറഞ്ഞു കിടക്കുന്നുണ്ടാകണം. അവരുടെ ബന്ധുക്കളില്‍ പലരും അവരെ കാത്തിരുന്ന് ആയുസ്സ് തീര്‍ത്തിട്ടുണ്ടാകണം. എങ്കിലും അടുത്ത തലമുറയിലൂടെ ആ കാത്തിരിപ്പ് നീളുകയാണ്.