Explainer

സംസ്ഥാനത്ത് പ്രളയസെസ് പ്രാബല്യത്തിലായപ്പോള്‍ സംഭവിക്കുന്നത് 

THE CUE

എന്താണ് പ്രളയ സെസ് ?

പ്രളയാനന്തര കേരളത്തിന്റെ നിര്‍മ്മാണത്തിന് പണം കണ്ടെത്താനാണ് പ്രളയസെസ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധിക നികുതി ചുമത്തും. 12%,18%,28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ്. അതായത് സ്വര്‍ണം ഒഴികെ 5 ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഇല്ല. ജിഎസ്ടിയുടെ കോമ്പോസിഷന്‍ രീതി പിന്‍തുടരുന്ന വ്യാപാരികളെയും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് 1200 കോടി സമാഹരിക്കുകയാണ് ധനവകുപ്പിന്റെ ലക്ഷ്യം. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമാണ് ഈ തുക. ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ്.

വില കൂടുന്നവ

കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍ എസി, വാഷിങ് മെഷീന്‍ മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്ക്ക് വില കൂടും. സിമന്റ് പെയിന്റ് അടക്കം കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ 928 ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും. സ്വര്‍ണ്ണത്തിന് കാല്‍ ശതമാനമാണ് വര്‍ധിക്കുക.

സെസ് ഇല്ലാത്തവ

അരി,പഞ്ചസാര, ഉപ്പ് പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 5 % മോ അതില്‍ താഴെയോ നിരക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ഇല്ല. പെട്രോള്‍, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ബസ് ടിക്കറ്റ് ബുക്കിങ്ങ് മദ്യം, എന്നിവയ്ക്കും ബാധകമല്ല.

സെസ് വിലക്കയറ്റം രൂക്ഷമാക്കുമോ ?

സെസ് ചുമത്തുമ്പോള്‍ അത്രയും തുകയുടെ സ്വഭാവിക വര്‍ധനവ് ഉല്‍പ്പന്നത്തിലും സേവനത്തിലുമുണ്ടാകും. ഇതുമൂലം വിപണിയില്‍ ഉറപ്പായും വിലക്കയറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. എംആര്‍പി സ്റ്റിക്കറില്‍ മാറ്റം വരുത്തി പുതിയ വില പതിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞതില്‍ നിന്ന് ഇത് വ്യക്തവുമാണ്. കേരള വിപണി സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ സെസ് കടുത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ പക്ഷം. സെസിനായി സോഫ്റ്റ് വെയര്‍ മാറ്റുന്നതടക്കം 9000 രൂപയുടെ അധികബാധ്യത സര്‍ക്കാര്‍ വരുത്തി. വിലക്കയറ്റമുണ്ടാക്കാന്‍ മാത്രം ഉപകരിക്കുന്നതാണ് നടപടിയെന്ന് കച്ചവടക്കാര്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ മേഖലയെ തളര്‍ത്തുമെന്നും വിലയിരുത്തലുണ്ട്.

ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേകാനുമതി

രാജ്യത്ത് ഒറ്റ നികുതിയെന്നതാണ് ജിഎസ്ടി, ഇതിന് പുറമെ സെസ് ചുമത്തുന്നത് നിയമ വിരുദ്ധമെന്ന് കച്ചവടക്കാര്‍ ആരോപിച്ചിരുന്നു. കൂടാതെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒറ്റ എംആര്‍പി എന്ന ചട്ടത്തിന്റെയും ലംഘനമാണ് സെസ് എന്നും കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ പ്രളയ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്നതിനാല്‍ സെസിന് ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേക അനുമതിയുണ്ട്.

പ്രളയ പുനര്‍നിര്‍മ്മാണത്തിനുള്ള അധിക വിഭവ സമാഹരണത്തിന് പ്രളയസെസ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് വിലക്കയറ്റം ഉണ്ടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. വിലക്കയറ്റമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രളയ ദുരിതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ജനതയ്ക്കുമേല്‍ ഇരുട്ടടിയാണ് സെസ് എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചടി. രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെയ്ക്കുമെന്നുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT