Debate

നാളെ നിങ്ങളുടെ കുടുംബത്തിലേക്കും നുഴഞ്ഞുകയറാവുന്ന വിഷത്തെ ഇല്ലാതാക്കുവാനാണ് അപർണ്ണയും സംഘവും പോരാടിയത്

വിദ്യാർത്ഥികൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് ആത്യന്തികമായി ഓരോ വിദ്യാർത്ഥിസംഘടനകളുടേയും ഉത്തരവാദിത്വം. അതിൽ വിഭിന്നമായ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് പിടിക്കുന്ന കൊടിയുടെ നിറവും ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ വ്യത്യാസവും രൂപപ്പെടുന്നത്.

എന്നാൽ പല ക്യാമ്പസുകളിലും ആശയങ്ങൾ കൊണ്ട് വിദ്യാർത്ഥികളെ ചേർത്ത് നിർത്താൻ കഴിയില്ലെന്ന് തിരിച്ചറിയുന്ന സംഘടനകൾ വടിവാളും കുറുവടിയും ചുഴറ്റി എതിർശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ നാളിതുവരെ വിദ്യാലയങ്ങളിൽവച്ച് ഞങ്ങൾക്ക് നഷ്ടമായത് മുപ്പത്തഞ്ചോളം വരുന്ന സഖാക്കളെയാണ്.

വയനാട് മേപ്പാടി ഗവണ്മെന്റ് പോളിടെക്‌നിക്കൽ കോളേജിൽ അപർണ ഗൗരി എന്ന പെൺകുട്ടി ആക്രമിക്കപ്പെട്ടത് രാഷ്ട്രീയം പറഞ്ഞതുകൊണ്ടാണ്, ആ രാഷ്ട്രീയം എസ്.എഫ്.ഐയുടെ രാഷ്ട്രീയമായതുകൊണ്ടാണ്. എസ്.എഫ്.ഐയുടെ രാഷ്ട്രീയം ലഹരി ഉപയോഗത്തെ എതിർക്കുന്നതായതുകൊണ്ടാണ്. വയനാട് കോളേജിൽ എസ്.എഫ്.ഐക്കാരെ കയറ്റില്ല എന്ന് നിലപാടെടുത്ത് കോളേജാകെ വളഞ്ഞുനിൽക്കുന്ന വലത് സഖ്യത്തിന് നടുവിലൂടെ കൈ പുറകിൽക്കെട്ടി കൂസലില്ലാതെ നടന്നുകയറുന്ന അപർണ കാലങ്ങളായി മറ്റ് സംഘടനകളുടെ കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെയാണ് കോളേജ് ഇലക്ഷൻ നടക്കുന്ന ദിവസം തക്കംപാർത്തിരുന്ന് ഇത്രയും ക്രൂരമായൊരു ആക്രമണം അവർ ആസൂത്രണം ചെയ്തെടുത്തതും.

ദിവസം കഴിയുംതോറും ക്യാമ്പസുകളെ കൂടുതൽ കൂടുതൽ അരാഷ്ട്രീയവൽക്കരിക്കുന്ന വലത് സംഘടനകൾ ഇപ്പോൾ ഏറ്റവും തരംതാണ രീതിയിലേക്ക് അവരുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിക്കഴിഞ്ഞു. വിദ്യാർത്ഥികളെയെന്നല്ല മനുഷ്യജീവന് തന്നെ ഭീഷണിയാകുന്ന കഞ്ചാവും മയക്കുമരുന്നും പോലുള്ള ലഹരിവസ്തുക്കളുടെ വിതരണത്തിനും വിപണനത്തിനും കുടപിടിക്കുന്നതിലൂടെ എന്ത് സംഘടനാപാഠവമാണ്‌ MSF - KSU സഖ്യം ഉയർത്തിപ്പിടിക്കുന്നത്? വിദ്യാർത്ഥി സംഘടനാ എന്ന ടാഗ്‌ലൈനിൽ ഇന്നും ഇവരൊക്കെ എങ്ങനെയാണ് ഞെളിഞ്ഞ് നില്ക്കാൻ കെൽപ്പുള്ളവരാവുന്നത് ?

ഓണാഘോഷത്തിന് വേണ്ടി ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് പിന്നീട് ട്രാബിയോക് എന്ന പേരിൽ ലഹരിമാഫിയയ്ക്ക് വിദ്യാർഥികളിലേക്കെത്താനുള്ള എളുപ്പവഴിയായി രൂപപ്പെടുത്തുകയായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ വളരെ ക്രൂരമായാണ് നേരിട്ടിട്ടുള്ളത്. തുടക്കം മുതൽ തന്നെ കർശന നിലപാടുകളാണ് എസ് എഫ് ഐ ഇവർക്കുനേരെ സ്വീകരിച്ചിട്ടുള്ളത്. അതിന്റെയെല്ലാം ബാക്കിപത്രം തന്നെയാണ് ഈ ആക്രമണവും.

അപർണയുൾപ്പെടുന്ന വിദ്യാർത്ഥികളെ മതിലിനോട് ചേർത്ത് നിർത്തി വടി കൊണ്ടടിച്ചും നെഞ്ചത്ത് ചവിട്ടിയും ആക്രമിക്കുന്ന ദൃശ്യങ്ങൾ വളരെ വ്യക്തമായി ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ട്രാബിയോക് എന്നത് തങ്ങൾ പാലൂട്ടിവളർത്തിയ സംഘമാണെന്ന് ഒരുളുപ്പുമില്ലാതെ അവർ സമ്മതിക്കുന്നുമുണ്ട്. അപർണയോടൊപ്പം ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളിൽ മയക്കുമരുന്ന് സംഘത്തിൽ നിന്ന് മാറി എസ്.എഫ്.ഐയോടൊപ്പം ചേർന്ന് നിന്നവരുമുണ്ട്.

ഇത്രയും ക്രൂരമായൊരു ആക്രമണം ഒരു പെൺകുട്ടിയ്ക്ക് നേരെ, ഒരു വിദ്യാർത്ഥിയ്ക്ക് നേരെ ഉണ്ടായിട്ടും മുൻനിര മാധ്യമങ്ങൾ സ്വീകരിക്കുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ഇതിപ്പോൾ കേവലം ഒരു വിദ്യാർത്ഥി മാത്രമായിരുന്നു അക്രമിക്കപ്പെട്ടതെങ്കിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ഒന്നും ചെയ്യാത്ത വിദ്യാർത്ഥി സംഘടനയെന്ന് പറഞ്ഞ് മാധ്യമങ്ങളുടെ കോടതിയിൽ പണ്ടേയ്ക്കു പണ്ടേ എസ് എഫ് ഐയെ കുരിശിൽ കയറ്റി ആണിയും തറച്ച് കഴിഞ്ഞിരിക്കും. പക്ഷെ എസ്.എഫ്.ഐക്കാർക്ക് തല്ല് കൊണ്ടാൽ, അവരിലൊരാൾ ഇല്ലാതായാൽ ക്യാമ്പസുകളിൽ രാഷ്ട്രീയം വേണമോ വേണ്ടയോ എന്ന വിഷയത്തിൽ രണ്ട് എഡിറ്റോറിയലും മൂന്ന് അന്തിചർച്ചയും നടത്തി അവർ വിഷയമവസാനിപ്പിക്കും. അവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്കോ അവരുടെ സംഘടയ്ക്കോ പ്രസക്തിയില്ല.

എസ്.എഫ്.ഐ എന്ന മൂന്നക്ഷരവും ആക്രമണമെന്ന വാക്കും മാത്രം ബോൾഡ് ലെറ്റെറിൽ കൊടുത്ത് ഒറ്റവായനയിൽ എസ്.എഫ്.ഐയെ പ്രതിസ്ഥാനത്തുകയറ്റും. മേൽപ്പറഞ്ഞ സാഹചര്യങ്ങളൊന്നുമല്ല നിലനിൽക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ വിഷയത്തിലും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ ഉറക്കം നടിച്ചിരിക്കുകയാണ് ഉത്തരവാദിത്വബോധമുള്ള നാലാം തൂൺ.

ആകെയവർ ഞെട്ടിയെഴുന്നേറ്റത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന്റെ ബൈറ്റ് കൊണ്ടാണ്. ജയിലിൽ നിന്നിറങ്ങുന്ന അക്രമികളെ തിരിച്ചുള്ള യാത്രയിൽ എസ്‌ എഫ് ഐ അടിക്കും എന്ന ഒറ്റ വാക്കിൽ തൂങ്ങിയാണ്. ഇവരുടെ പ്രതീക്ഷയിലെ എസ്‌ എഫ് ഐ എന്നാൽ ഒരു കവിളത്തടിക്കുമ്പോൾ മറുകവിളും കൂടി കാണിച്ചുകൊടുക്കുന്ന ഗാന്ധിയുടെ പിന്മുറയാണെങ്കിൽ തല്ക്കാലം ആ താരാട്ട് ഞങ്ങൾക്ക് വേണ്ട എന്നതുതന്നെയാണ് എസ്‌.എഫ്.ഐയുടെ നിലപാട്.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലഹരി ഉപയോഗവും വിതരണവും തടയാൻ നിരവധി ക്യാമ്പയിനുകളാണ് കേരള സർക്കാർ ഏറ്റെടുത്ത് പോകുന്നത്. രണ്ട് സഖാക്കളെ കണ്ണൂരിൽ ലഹരിമാഫിയ കൊലപ്പെടുത്തിയിട്ട് ആഴ്ച ഒന്ന് തികയുന്നതേയുള്ളു. അങ്ങനെ നാടിനും കുടുംബത്തിനും ഭീഷണിയാവുന്ന, നാളെ നിങ്ങളുടെ കുടുംബത്തിലേക്കും നുഴഞ്ഞുകയറാവുന്ന വിഷത്തെ ഇല്ലാതാക്കുവാനാണ് സഖാവ് അപർണ്ണയും പോരാടിയത്. ആ പോരാട്ടത്തിൽ തീർച്ചയായും അപർണ്ണയും അവളുടെ പക്ഷവും വിജയം കാണുകതന്നെ ചെയ്യും. അന്ന് നിങ്ങൾ മയക്കുമരുന്നിനടിമപ്പെടാത്ത നിങ്ങളുടെ മക്കളെയോർത്ത് അഭിമാനിക്കുമ്പോൾ അതിലൊരുവളുടെ ചോരയുടെ മണമുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും.

This is an opinion piece. The views expressed above are the author’s own. The Cue neither endorses nor is responsible for them.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT