Right Hour

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ഗാസയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ ആശുപത്രിയിലുണ്ടായ ബോംബിങ്ങിൽ കൊല്ലപ്പെട്ട അനുഭവം വിവരിച്ച് ഡോ.എസ്.എസ്.സന്തോഷ് കുമാര്‍. ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തിലാണ് നൗഫല്‍ കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം 22 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ രണ്ട് ബോംബുകളാണ് ആശുപത്രിയില്‍ പതിച്ചത്. ആദ്യ ആക്രമണത്തിന് ശേഷം ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ നൗഫലിനെ അമ്മ ഫോണില്‍ വിളിച്ചു. റേഞ്ച് കുറവായിരുന്നതുകൊണ്ട് നൗഫല്‍ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് നൗഫലിന്റെ മൃതദേഹമായിരുന്നുവെന്നും അത് സര്‍ട്ടിഫൈ ചെയ്യേണ്ടി വന്നുവെന്നും ഡോ.സന്തോഷ് കുമാര്‍ വിശദീകരിക്കുന്നു.

ഡോ.സന്തോഷ് കുമാര്‍ പറഞ്ഞത്

എന്റെ കൂടെയുണ്ടായിരുന്ന ഒരു ഡോക്ടറുണ്ട് ഡോക്ടര്‍ നൗഫല്‍. എന്റെ കൂടെ നില്‍ക്കുവാ. ആദ്യ ബോംബിംഗ് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഫോണ്‍ വരുന്നുണ്ട്. എടുക്കുമ്പോള്‍ അയാളുടെ അമ്മയാ. അമ്മ ചോദിക്കുന്നുണ്ട്, അവര്‍ കരഞ്ഞുകൊണ്ട് ഇരിക്കുകയാണ്. താന്‍ സുരക്ഷിതനാണെന്ന് നൗഫല്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നില്ല. റേഞ്ച് ഇല്ലാത്തതുകൊണ്ട് കേള്‍ക്കുന്നില്ല. നൗഫല്‍ എന്നോട് പറഞ്ഞിട്ട് പോകുകയാണ്, ഞാന്‍ പുറത്തു പോയി റേഞ്ചുള്ള സ്ഥലത്ത് പോയി അമ്മയെ വിളിച്ചിട്ട് വരാമെന്ന്. ഇവന്‍ പുറത്തേക്ക് പോയി അമ്മയെ വിളിച്ചോണ്ടിരിക്കുന്ന സമയത്താണ് രണ്ടാമത്തെ ബോംബ്. എല്ലാം ഇടിഞ്ഞ് അവന്റെ മേല്‍ വീണു. ഒരു മിനിറ്റ് കഴിഞ്ഞ് അവന്റെ മൃതദേഹമാണ് ഞാന്‍ കാണുന്നത്. നമ്മള്‍ അത് സര്‍ട്ടിഫൈ ചെയ്യുകയാ.

ഹോസ്പിറ്റലിന് അകത്ത് നടക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ കഴിയില്ല. ഒരാള്‍ തലക്ക് വെടിയേറ്റ് ബ്രെയിന്‍ മാറ്റര്‍ പുറത്ത് കിടക്കുകയാണ്. ന്യൂറോസര്‍ജന്‍ ഇയാള്‍ മരിച്ചതാണെന്ന് മനസിലാക്കിയപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയുന്ന അടുത്തയാളെ നോക്കിപ്പോയി. മറ്റൊരു ഡോക്ടര്‍ ഇയാള്‍ മരിച്ചതായി അമ്മയോട് പറയുന്നു. ന്യൂറോ സര്‍ജന്‍ നോക്കാത്തതുകൊണ്ടാണ് അയാള്‍ മരിച്ചതെന്ന് അമ്മ പറയുന്നു. തുടര്‍ന്ന് കുറേയാളുകള്‍ ന്യൂറോസര്‍ജനെ തടയുന്നു, മര്‍ദ്ദിക്കുന്നു. ഇതിനിടയില്‍ രണ്ടു പേര്‍ സീലിംഗിലേക്ക് വെടിവെച്ചു. ഞങ്ങള്‍ തറയില്‍ കിടന്ന് ഉരുണ്ട് രക്ഷപ്പെട്ടു. രണ്ട് മണിക്കൂറിന് ശേഷം തിരികെയെത്തുമ്പോള്‍ കാഷ്വാലിറ്റിയില്‍ നിറയെ മൃതദേഹങ്ങള്‍. അവിടെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സുരക്ഷ എന്ന് പറയുന്നത് ഒരു വിശ്വാസം മാത്രമാണ്. ആശുപത്രികള്‍ ബോംബ് ചെയ്യില്ല എന്നതും ഒരു വിശ്വാസമാണ്. വലിയ കെട്ടിടമാകുമ്പോള്‍ മുകളില്‍ മിസൈല്‍ വന്ന് പതിച്ചാലും ഇടിഞ്ഞു വീഴില്ല എന്ന ധാരണയുണ്ട്.

എല്ലാ മേഖലയിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വെച്ചിട്ടോ ഹെല്‍മെറ്റ് വെച്ചിട്ടോ അല്ല പോകുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മളെ ഹ്യുമാനിറ്റേറിയന്‍സ് ആണെന്ന് പറയുകയും ആ കമ്യൂണിറ്റിയുടെ പ്രശ്‌നത്തില്‍ ഇടപെടുത്തുകയുമാണ് ചെയ്യുന്നത്. അതാണ് പ്രൊട്ടക്ഷന്‍ എന്ന് പറയുന്നത്. ഞങ്ങള്‍ മിക്കവാറും ആശുപത്രികളിലാണ് വര്‍ക്ക് ചെയ്തിരുന്നത്. ആശുപത്രികള്‍ സാധാരണ ഗതിയില്‍ ബോംബ് ചെയ്യില്ല എന്നത് അന്താരാഷ്ട്ര നിയമമാണ്. ട്രൈബല്‍ വിഭാഗങ്ങളുടെ യുദ്ധമാണെങ്കില്‍ ആശുപത്രി അവര്‍ക്ക് രണ്ട് പേര്‍ക്കും ആവശ്യമുണ്ട്. ഇവിടെ ഇസ്രായേലിന് ഈ ആശുപത്രി ആവശ്യമില്ലാത്തതിനാലാണ് ബോംബ് ചെയ്യുന്നത്. നമ്മള്‍ അവിടെ ആശുപത്രിക്ക് അകത്തു തന്നെയാണ് കഴിയുന്നത്.

നമ്മള്‍ ഭക്ഷണം കരുതിയിട്ടാണ് പോകുന്നത്. കാരണം ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും ഭക്ഷണത്തിനായുള്ള ക്യൂ നില്‍ക്കാന്‍ കഴിയില്ല. അവര്‍ ഭക്ഷണം കഴിക്കില്ല, നമുക്കും കഴിക്കാനാകില്ല. എന്നിട്ട് വൈകുന്നേരം എല്ലാവരുടെയും ഭക്ഷണം വാങ്ങിയിട്ട് ഖുബ്ബൂസോ എന്തെങ്കിലും പയര്‍ കറിയോ ഒക്ക ഉണ്ടാക്കി കഴിക്കും. ഒരു നേരത്തെ ഭക്ഷണമേ കിട്ടൂ. വെള്ളം ഇല്ലാത്തതു കണ്ട് കുളിയും നനയുമൊന്നും നടക്കില്ല. ഡോക്ടര്‍മാരായിട്ടു പോലും അവിടെയൊരു അഭയാര്‍ത്ഥികളായിട്ട് അവരുടെ കൂടെ നില്‍ക്കാനേ പറ്റൂ.

ആദ്യം നാസര്‍ ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഐസിയുവില്‍ ഹമാസ് നേതാവുണ്ടെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ഒരു മിസൈല്‍ ഐസിയുവിലേക്ക് വിടുകയായിരുന്നു. അവിടെയുണ്ടായിരുന്ന രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ഇരുപത്തഞ്ചോളം പേര് മരിച്ചു. ആ ഐസിയു അടച്ചു പൂട്ടേണ്ടി വന്നു. രണ്ടാമത്തെ തവണ ആശുപത്രിയുടെ ഏറ്റവും മുകളിലാണ്. എമര്‍ജന്‍സിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോളാണ് ബോംബ് ഏറ്റവും മുകളില്‍ ബോംബ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നഴ്‌സുമാരുമാണ് അവിടെ മരിച്ചത്. അവിടെ പരിക്കേറ്റവരെ രക്ഷിക്കാന്‍ പോയ അമ്പതോളം പേരുടെ നേര്‍ക്ക് ബോംബ് ചെയ്തു. എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീണു.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ അവസാനിക്കും

SCROLL FOR NEXT