Cue Interview

എഡിറ്റര്‍മാരുടെ ശ്രദ്ധ ഡിസൈനിലേക്ക് ചുരുങ്ങുന്നത് പത്രങ്ങളുടെ നിലവാരത്തെ ബാധിക്കുന്നു | ആര്‍ രാജഗോപാല്‍ അഭിമുഖം

'ദി ടെലഗ്രാഫ്' എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി രാജിവെച്ച ആര്‍ രാജഗോപാലുമായുള്ള അഭിമുഖം

തന്തവൈബ് നിര്‍ത്തണം, പുതികള്‍ ആളുകള്‍ വരട്ടെ

35 വര്‍ഷമായി പത്രപ്രവര്‍ത്തന മേഖലയിലുണ്ട്. 15 വര്‍ഷം ദി ടെലഗ്രാഫിന്റെ ഒന്നാം പേജിന്റെ ചുമതല ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ ചെയ്യാനായി. ഇനി ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണം. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ തന്തവൈബ് പരിപാടി നമ്മള്‍ തന്നെ നിര്‍ത്തണം. അതുകൊണ്ട് മാറിനില്‍ക്കാന്‍ തീരുമാനിച്ചു.

ജോലി ഒരു മാസാന്ത്യ കോളമെഴുത്ത്, ഒരു വര്‍ഷമായി പെയ്ഡ് ഹോളിഡേ

എഡിറ്ററില്‍ നിന്ന് എഡിറ്റര്‍ അറ്റ് ലാര്‍ജിലേക്ക് പദവി മാറ്റിയ ശേഷം എനിക്ക് പെയ്ഡ് ഹോളിഡേ പോലെയായിരുന്നു ജോലി. മാസത്തില്‍ നാല് ദിവസം മാത്രം പണിയെടുത്താല്‍ മതി. ഒരു മാസാന്ത്യ കോളമെഴുത്ത് മാത്രം. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ തവണ യാത്ര ചെയ്തത് മാറ്റിവെച്ചാല്‍ ബാക്കി ദിവസങ്ങളിലെല്ലാം വെറുതെ ഇരിപ്പാണ്. വളരെ കുറഞ്ഞ ദിവസങ്ങളിലെ ജോലിക്ക് ശമ്പളം വാങ്ങി തുടരുന്നത് ശരിയല്ല എന്നതിനാല്‍ രാജി എന്ന തീരുമാനത്തിലെത്തി.

രാജിയില്‍ മറ്റു അജണ്ടകളില്ല

രാജി വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പലരും പല അജണ്ടകളും പറയുന്നത് കണ്ടു. അങ്ങനെയൊന്നുമില്ല. മാനേജ്മെന്റ് എനിക്ക് നല്ല അവസരങ്ങള്‍ തന്നു. രാജിക്കാര്യം പറഞ്ഞപ്പോഴും സൗഹാര്‍ദ്ദപരമായാണ് സമീപിച്ചത്. രാജിക്ക് പിന്നില്‍ വ്യക്തിപരമായ മേല്‍പറഞ്ഞ കാരണങ്ങള്‍ മാത്രമേയുള്ളൂ.

പത്രപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ അവസരങ്ങളുണ്ട്, കടന്നുവരൂ

ഇന്ത്യയിലെ പത്രപ്രവര്‍ത്തന മേഖല ഒന്നാകെ അരക്ഷിതാവസ്ഥയിലാണ് എന്ന നിലപാട് എനിക്കില്ല, പ്രശ്‌നങ്ങളുണ്ട്. അവയെ നേരിടാന്‍ തയ്യാറാകണം. മനുഷ്യപക്ഷത്ത് നിന്ന് ഒരുപാട് വാര്‍ത്തകള്‍ ചെയ്യാന്‍ അനുയോജ്യമായ സ്ഥലമാണ് നമ്മുടെ നാട്. ഞാന്‍ തുടര്‍ന്നുപോന്നിരുന്ന 'തലക്കെട്ട് ശൈലി' കൊല്‍ക്കത്തയിലെ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്ന വിമര്‍ശനം ഉണ്ടായിരുന്നു. അത് വായനക്കാരുടെ താല്‍പര്യമാണ്. പക്ഷെ അതിന് കയ്യടിക്കുന്ന ഏറെ പ്രചാരം നല്‍കുന്ന ആളുകളും ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.

എഡിറ്റര്‍മാരുടെ ശ്രദ്ധ ഡിസൈനിലേക്ക് ചുരുങ്ങി

റിപ്പോര്‍ട്ടറും എഡിറ്ററും മാത്രമാണ് പത്രത്തിലെ പ്രധാന ചുമതലക്കാര്‍. ബാക്കി പദവികള്‍ എല്ലാം സീനിയേഴ്‌സിനെ തൃപ്തിപ്പെടുത്താനുള്ള ആലങ്കാരിക സ്ഥാനങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി എഡിറ്റര്‍മാരുടെ ശ്രദ്ധ ഡിസൈനിലേക്ക് മാത്രം ചുരുങ്ങുന്നതാണ്. പുതിയ ടെക്നോളജികളും ട്രെന്‍ഡുകളും വരുമ്പോള്‍ എഡിറ്റര്‍മാര്‍ അതിന് പിന്നാലെ പോകുന്നു. കെട്ടിലും മട്ടിലും മികച്ചതാക്കുക എന്നത് അനിവാര്യമാണ്. പക്ഷെ അതിനിടയില്‍ എഡിറ്റിങ് ഒട്ടും നടക്കുന്നില്ല. പത്രങ്ങളുടെ നിലവാരത്തകര്‍ച്ചക്കും ഇത് കാരണമായിട്ടുണ്ട്.

പ്രായമായവര്‍ മാറി നില്‍ക്കൂ, ചെറുപ്പക്കാര്‍ കാത്തുനില്‍പ്പുണ്ട്

ഏത് മേഖലകള്‍ പരിശോധിച്ചാലും യുവാക്കളാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാറുള്ളത്. തുടക്കത്തിന്റെ ആവേശവും മറ്റു സാഹചര്യങ്ങളും ഇതിന് അനുകൂല ഘടകങ്ങളാകുന്നു. എന്നാല്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രധാന പദവികളിലെല്ലാം പ്രായമായവരാണുള്ളത്. ഈ രീതി നിര്‍ബന്ധമായും മാറണം. ചെറുപ്പക്കാര്‍ പ്രധാന ചുമതലകളില്‍ വന്നാല്‍ രാഷ്ട്രീയക്കാരുടെയും മറ്റുമുള്ള സ്വാധീനങ്ങള്‍ ഇല്ലാതെയാകും. മറ്റു രാജ്യങ്ങളിലെല്ലാം റിട്ടയര്‍മെന്റ് രീതിയുണ്ട്. ആ സംവിധാനം ഇവിടെയും വരണം.

ഇനി കേരളത്തില്‍, ലീഡര്‍ഷിപ്പ് റോളുകളിലേക്കില്ല

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൊല്‍ക്കത്തയിലായിരുന്നു. ഇനി കേരളത്തില്‍ തുടരാനാണ് ആഗ്രഹം. പുതിയ കുട്ടികള്‍ക്ക് എന്റെ അനുഭവങ്ങള്‍ പറഞ്ഞുകൊടുക്കണം. പത്രങ്ങളുടെ ലീഡര്‍ഷിപ്പ് റോളുകള്‍ ഏറ്റെടുക്കാനില്ല. പത്രപ്രവര്‍ത്തന മേഖലയിലെ അധ്യാപന സാധ്യത നോക്കും.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT