പ്രമുഖ ബിസിനസ് മാധ്യമപ്രവര്‍ത്തകനും സംരംഭക മെന്ററുമായ ആര്‍.റോഷന്‍ രചിച്ച 'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ' പ്രകാശനം ചെയ്തു. മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന, രത്തന്‍ ടാറ്റയുടെ സമഗ്ര ജീവചരിത്ര ഗ്രന്ഥമാണ് 'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ'. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനുമായ ജോയ് ആലുക്കാസാണ് പ്രകാശനം നിര്‍വഹിച്ചത്. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി കെ.പി. പത്മകുമാര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
ടാറ്റാ ട്രസ്റ്റിലും ടാറ്റാ ട്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സിലും പ്രവര്‍ത്തിച്ചിട്ടുള്ള, മുന്‍ എംഎല്‍എ കൂടിയായ കെ.എസ്. ശബരീനാഥന്‍, രത്തന്‍ ടാറ്റ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് അധ്യക്ഷനായി. ഐശ്വര്യാ ദാസ് സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരനായ ആര്‍. റോഷന്‍ മറുപടി പ്രസംഗം നടത്തി. വ്യവസായ -സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.