പെയ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ രജത ജൂബിലി ആഘോഷം, സില്‍വിയോറയ്ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി വരെ വിവിധ പരിപാടികള്‍ നടക്കും. മാനസിക-ശാരീരികാരോഗ്യം കായികം എന്നിവ മുന്‍നിർത്തി ഒക്ടോബറില്‍ പെയ്സ് കെയർ പരിപാടി നടക്കും. വിവിധ സ്ഥാപനങ്ങളുടെ ഭാഗമായ വ്യക്തികളെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കുന്ന ലെഗസി&ലോരൈല്‍ നവംബറില്‍ നടക്കും. ടുഗെദർ ഫോർ 25 ജനുവരിയിലാണ് നടക്കുക. സ്ഥാപകനായ ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം വിവിധ അവാര്‍ഡുകളും സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആഘോഷപരിപാടിയുടെ പേരും ലോഗോയുമെല്ലാം വിദ്യാർത്ഥികള്‍ തന്നെയാണ് നിർദ്ദേശിച്ചത്. പെയ്സ് സില്‍വിയോറ എന്ന പേരിലെ ആഘോഷപരിപാടികള്‍ക്ക് “ഹോണറിംഗ് എ ലെഗസി, ഇല്ലുമിനെറ്റിംഗ് ദി ഫ്യുച്ചര്‍” എന്നീ ടാഗ് ലൈനുകളുംതിരഞ്ഞെടുക്കപ്പെട്ടു. ഇവയുടെ ഔദ്യോഗികപ്രഖ്യാപനം ചൊവ്വാഴ്ച പെയ്സ് ബ്രിട്ടീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ മത്സരങ്ങളിലൂടെയാണ് ലോഗോ തീരുമാനിച്ചത്. ലോഗോ മത്സരത്തില്‍ വിജയിയെ നിർണയിച്ചത് 19472 പേരുടെ വോട്ടുകളാണ്. നാമനിര്‍ദ്ദേശമത്സര ത്തിലും ടാഗ്ലൈന്‍ മത്സരത്തിലും പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.
ഏറ്റവും കുറഞ്ഞ ചിലവില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തോടെയാണ് പെയ്സ് ഗ്രൂപ്പ് ആരംഭിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് 2000 ഓഗസ്റ്റിൽ മംഗലാപുരം കേന്ദ്രീകരിച്ചു തുടങ്ങിയ പിഎ എഞ്ചിനീയറിംഗ് കോളേജ് ആണ് പെയ്സ് ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ ആദ്യ സംരംഭം. ഷാർജയിലെ മുവൈലയിൽ 2003-ല്‍ സ്ഥാപിതമായ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളാണ് പെയ്സ് ഗ്രൂപ്പിന്‍റെ യു.എ.ഇ.യിലെ പ്രഥമ സംരംഭം. ഇന്ന് പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 85 ലധികം രാജ്യങ്ങളില്‍ നിന്നുളള 36,000 ലധികം വിദ്യാർത്ഥികള്‍ പഠിക്കുന്നു. വാർത്താ സമ്മേളനത്തിൽ പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ സൽമാൻ ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസീഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.