കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ദുബായിലെ ആദ്യപാർപ്പിടസമുച്ചയം കോൺഫിഡന്‍റ് ലാൻകാസ്റ്റർ പൂർത്തിയായി. ദുബായ് ലീവാനിലുളള കോൺഫിഡന്‍റ് ലാൻകാസ്റ്ററിലെ ആദ്യ ഫ്ളാറ്റ് യൂണിറ്റ് ഉടമയ്ക്ക് കൈമാറി.പാർപ്പിട സമുച്ചയത്തിലെ 70 ശതമാനം യൂണിറ്റുകളും വിറ്റുപോയതായി ചെയർമാന്‍ ഡോ സിജെ റോയ് അറിയിച്ചു.ജനങ്ങളിലാണ് വിശ്വാസം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുളളതാണ് ജനങ്ങള്‍ക്ക് തങ്ങളിലുളള വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 11 മാസം കൊണ്ടാണ് റെക്കോർഡ് വേഗതയില്‍ നിർമ്മാണം പൂർത്തിയായതെന്ന് സിജോ റോയിയുടെ മകനും ദുബായ് ഡിവിഷന്‍ മേധാവിയുമായ രോഹിത് റോയ് പറഞ്ഞു.
വാടകയായി നല്‍കുന്ന പണം കൊണ്ട് ഫ്ളാറ്റ് സ്വന്തമാക്കാനാകുമെന്ന ആശയമാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. സ്റ്റുഡിയോ, 1,2 ബെഡ്റൂം എന്നിങ്ങനെ 81 യൂണിറ്റുകളാണുളളത്.ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഫെയർമോണ്ട് തിയറ്ററില്‍ നടന്ന ചടങ്ങില്‍ വരാന്‍ പോകുന്ന 3 പദ്ധതികളെ കുറിച്ചുളള സൂചനകളും നല്‍കി. എഞ്ചിനീയർ വലീദ് സലാഹയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയത്.
മുഴുവന്‍സമയ സുരക്ഷ, സ്വകാര്യപാർക്കിംഗ്,നീന്തല്‍ കുളങ്ങള്‍, ജിം,സ്പാ,സിനിമ,ബാർബിക്യൂ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, മെയ്ഡാന്‍, സിറ്റിസെന്‍റർ ഉള്‍പ്പടെയുളള ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകുന്ന തരത്തിലാണ് കോൺഫിഡന്‍റ് ലാൻകാസ്റ്റർ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.കേരളത്തിലേയും കർണാടകയിലേയും 18 വർഷത്തെ പ്രവർത്തനപരിചയത്തില്‍ യുഎഇയിലും ചുവടുറപ്പിക്കുകയാണ് കോൺഫിഡൻ്റ് ഗ്രൂപ്പ് .