Book Review

'മനിതര്‍കാലം', ഇതൊരു സാധാരണ പുസ്തകമല്ല; ഈ ജീവിതങ്ങളുടെ ഭാരം എനിക്ക് താങ്ങാനാവുന്നില്ല

പുസ്തകങ്ങളുമായി എനിക്കിത് വലിയ സുഖമുള്ള കാലമല്ല. ആശുപത്രിയും പരിശോധനകളുമായി ചെറിയൊരു കാലം കടന്നുപോയി. ഇപ്പോള്‍ കുറേ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ ധാരണ. എങ്കിലും തുടര്‍ച്ചയായി വായിക്കാനാവില്ല. ബിജു മുത്തത്തിയുടെ 'മനിതര്‍കാലം' എന്ന പുസ്തകം മൂന്നില്‍ രണ്ടുഭാഗവും വായിച്ചു. 'ജോണ്‍ഹരി' ഉള്‍പ്പെടെയുള്ള ചില അധ്യായങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചു. എന്തൊരു ജീവിതമാണ് ഈ പുസ്തകം! സത്യം പറഞ്ഞാല്‍ ആ ജീവിതങ്ങളുടെ ഭാരം എനിക്ക് താങ്ങാനാവുന്നില്ല. അതുകൊണ്ട് ഇനി വായിക്കുന്നില്ല!

ജീവിതത്തിന്റെ പലതരം ശക്തിദുര്‍ഗങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുന്ന മനുഷ്യര്‍. ഈ പുസ്തകത്തിലെ പലരും എനിക്ക് നേരിട്ടും അല്ലാതെയും അറിയുന്നവരാണ്. എല്ലാവരും ചേര്‍ന്ന് നമ്മളെ ഓര്‍മ്മകളുടെ വേറൊരു അനുഭവലോകത്ത് എത്തിക്കുകയാണ്. ഓരോ അധ്യായവും വായിച്ചു തീരുമ്പോഴാണ് അവരെല്ലാം മരിച്ചു പോയെന്ന് നമ്മള്‍ അറിയുക. വായനയുടെ വല്ലാത്തൊരു നീറ്റലാണത്.

വാക്കുകള്‍ പോലെ ശക്തമായ വരകള്‍ കൊണ്ടുകൂടിയാണ് ഈ പുസ്തകത്തിലെ ഓരോ ജീവിതകഥയും പൂര്‍ണ്ണമാവുന്നത്. 'പൊക്കുടന്‍ കണ്ടല്‍' എന്ന അധ്യായത്തിന് വരച്ച ചിത്രം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആ മനുഷ്യന്റെ ഉറച്ച ജീവിതം പോലെ തന്നെ ഉറച്ച ശരീരവും!

ടിപ്പിക്കല്‍ വിജയികളുടെ എണ്ണം ഈ പുസ്തകത്തില്‍ കുറവാണ്. ഓരോ മനുഷ്യരും ഓരോ തരം ജീവിതത്തിലൂടെ വഴിമാറി നടക്കുന്നതു പോലെ ഈ പുസ്തകവും മാറി നടക്കുന്നു. മറ്റു പുസ്തകങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു സാധാരണ പുസ്തകമേയല്ല 'മനിതര്‍കാലം'. ഇത് വേറൊരു മാനത്തിലുള്ള മഹാമനുഷ്യരേഖയാണ്. സഹാനുഭൂതിയുടെ മനോഹരഭാഷ കൊണ്ട് എഴുത്തുകാരന്‍ മാത്രമല്ല വായനക്കാരും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചുപോകുന്നു.

ബിജു മുത്തത്തിയുടെ ടെലിവിഷന്‍ സഞ്ചാരമായ കേരള എക്‌സ്പ്രസ് ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ആ ടെലിവിഷന്‍ പരമ്പരയ്ക്കു വേണ്ടി ചെയ്തതാണ് ഇതിലെ അധ്യായങ്ങളെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം ടെലിവിഷന്റെ ഭാഷ വേറെയാണ്. ടെലിവിഷന്‍ കാഴ്ചയുടെ പരിമിതിയും ഈ പുസ്തകത്തിനില്ല. ഇതൊരു ഒറിജിനല്‍ പുസ്തകമായി തന്നെ ഉയര്‍ന്നുനില്‍ക്കുന്നു. ഒരുപക്ഷേ പുസ്തക രൂപത്തിലെത്തുമ്പോഴാണ് ഈ ജീവിതങ്ങള്‍ ശരിക്കും നമ്മോട് സംസാരിക്കുന്നതെന്ന് തോന്നുന്നു.

എന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് ഈ പുസ്തകം താങ്ങാനാവുന്നില്ലെന്ന് പറയുന്നത്. അത്രയേറെ 'ഹെവി'യാണ് ഓരോ അനുഭവകഥകളും. മുക്കാല്‍പ്പങ്കും വായിച്ച പുസ്തകം അതിനാല്‍ ഞാന്‍ മാറ്റിവയ്ക്കുകയാണ്. എപ്പോഴെങ്കിലും വീണ്ടും വായിച്ചേക്കാം ഇപ്പോള്‍ പറ്റുന്നില്ല. നമ്മളും അതിന്റെയൊക്കെ വക്കിലൂടെ നടന്നുപോയ ആളുകളാണല്ലോ

എഴുപതുകളിലെ മലയാളത്തിലെ നവതരംഗസിനിമയെ നയിച്ച സംവിധായകരില്‍ ഒരാളാണ് കെ പി കുമാരന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. 1972ല്‍ ആദ്യസിനിമയായ 'റോക്കി'ന് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. 1975ല്‍ പുറത്തിറങ്ങിയ 'അതിഥി' മലയാളത്തിലെ മാസ്റ്റര്‍ക്ലാസ് സിനിമകളിലൊന്നാണ്. 1988ല്‍ 'രുഗ്മിണി' ആ വര്‍ഷത്തെ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2008ല്‍ മോഹന്‍ലാല്‍ അഭിനയിച്ച 'ആകാശഗോപുരം' ലണ്ടനിലാണ് ചിത്രീകരിച്ചത്. 2022ല്‍ കുമാരനാശാന്റെ ജീവിതകഥയായ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' സംവിധാനം ചെയ്തുകൊണ്ട് 84-ാമത്തെ വയസ്സില്‍ മലയാള സിനിമയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്തി. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ പരമോന്നതമായ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT