മഹാഭാരതത്തിൽ ഭീഷ്മർക്ക് നേരെയുള്ള ആയുധമെന്നോണം മാത്രം ആവർത്തിക്കപ്പെട്ട, ശിഖണ്ഡി എന്ന പേരിൽ മാത്രം വായിക്കപ്പെട്ട ഒരു കഥാപാത്രത്തിനെ ചോരയും മാംസവും ഹൃദയവും തലച്ചോറുമുള്ള ഒരു മനുഷ്യനായി കണ്ട ആർ രാജശ്രീ അയാൾക്ക് ഉണരാൻ, ജീവിക്കാൻ കണ്ടെത്തിയ മണ്ണ്. നിരാലംബരായവരെയും, നിഷ്കാസിതരായവരെയും ഉൾക്കൊണ്ട് അവരുടെ മുറിവുകളിൽ മരുന്ന് വച്ച് കെട്ടി താമസിക്കാൻ ഇടം നൽകി ശരീരത്തിനും മനസ്സിനുമേറ്റ വ്രണങ്ങൾ സുഖപ്പെടുത്തുന്ന, പല നാഥന്മാരുണ്ടായിട്ടും രാജ്യങ്ങൾക്ക് വേണ്ടാത്ത മണ്ണ്. മണ്ണ് പുരണ്ട മരുന്നിന്റെ മണമുള്ള ഒരു ഗ്രാമം. ആത്രേയകം.
മഹാഭാരതം അറിയുന്നവർക്കത്രയും ശിഖണ്ഡിയെ അറിയാം. പക്ഷേ നിരമിത്രനെ അറിയണമെന്നില്ല. ഹസ്തിനപുരവും, പാഞ്ചാലവും, ദശാർണവും ഒത്തുചേരുന്ന ആത്രേയകം എന്ന അതിർത്തിഗ്രാമത്തെയും അറിഞ്ഞുകൊള്ളണമെന്നില്ല. കൃഷ്ണാജുനൻമാർ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്ന ആത്രേയകത്തിനെ ശമിപ്പിക്കാനുള്ള വെള്ളം ആ മണ്ണ് തന്നെ അടക്കിവച്ചിരുന്ന പോലെ വായിക്കപ്പെടാൻ കാത്തിരുന്ന വെള്ളം നിറഞ്ഞ വേരാണ് നിരമിത്രൻ. ആ വേര് തിരഞ്ഞ് കണ്ടെത്തി അവിടങ്ങളിൽ വായന സാധ്യമാക്കിയ ആർ രാജശ്രീ, കാലം ആവശ്യപ്പെടുന്ന കാവ്യനീതിയെന്ന പോലെയൊരു കഥനമാണ് നടത്തുന്നത്.
ശിഖണ്ഡി എന്ന പേര് ഒരു തവണ പോലും എഴുതാതെ നിരമിത്രൻ എന്ന പേര് വച്ച് നാനൂറോളം പേജുകൾ എഴുതുവാനുണ്ടായ പ്രേരണയിൽ നിന്ന് വേണം ആത്രേയകത്തെ പറ്റി സംസാരിച്ചു തുടങ്ങാൻ. ശിഖണ്ഡി എന്ന പേരുകൊണ്ട് വേദനിപ്പിക്കപ്പെട്ടവരുണ്ട്, അതുകൊണ്ട് ആ പേര് വേണ്ട എന്ന് തോന്നി എന്നാണ് കഥാകാരി പറയുന്നത്. ആരും നോവാതെ നേടുന്ന ജയങ്ങൾ മാത്രമേ ജയങ്ങളാകുന്നുള്ളൂ എന്ന് കൂടെ കഥാകാരി കൂട്ടിച്ചേർക്കുന്നുണ്ട്.
കഥ പോകുന്നത് നിരമിത്രനെന്ന, ജനിച്ച കാലം മുതൽ തന്റെ ശരീരത്തെ ചൊല്ലി, തന്റെ ജീവിതത്തെ ചൊല്ലി, തന്റെ മൃദുവികാരങ്ങളെയും കണ്ണീരിനെയും ചൊല്ലി ലോകത്തിൽ നിന്നും മുഴുവൻ പരിഹാസങ്ങൾ സഹിക്കേണ്ടി വന്ന ഒരു മനുഷ്യനൊപ്പമാണ്. ജീവിതവും മനുഷ്യരും അയാളെ തോൽപ്പിക്കുമ്പോഴും, സഹാനുഭൂതിയെന്ന ഭാരമില്ലാത്ത ദിവ്യാസ്ത്രം കൊണ്ട് സ്വയം മുറിവേൽപ്പിക്കപ്പെടുമ്പോഴും അയാളെ വായനക്കാർ സ്നേഹിച്ചേക്കും.
ഇളയും കൃഷ്ണയും വിശാഖയും ദശാർണ്ണ രാജകുമാരിയും ഒരു താളിൽ നിൽക്കുന്ന ലോകം മുറിവേൽപ്പിക്കുന്ന സ്ത്രീകളായിരിക്കെ, കുന്തിയും, ഹരിണിയും, പഞ്ചാല രാജ്ഞിയും, ഉലൂപിയും എല്ലാം മുന്നോട്ട് പോകാൻ അനുവദിക്കാതെ അടുത്ത തലമുറയും തങ്ങൾ കെട്ടിയിടപ്പെട്ട അതേ തൂണിൽ കെട്ടിയിടപ്പെടുന്നു എന്നുറപ്പ് വരുത്തുന്ന പുരുഷാധിപത്യത്തിന്റെ ആയുധങ്ങളാണ്. അധികാരം, അത് ഏത് തരത്തിലുള്ളതായാലും അത് പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം മാത്രമാണ്. ജാതിവെറിയും, സ്വാർത്ഥതയും, അനീതിയും, കൺകെട്ടും, ചതിയും കൊണ്ടും നേടിയ വിജയവും മാത്രമുള്ള പാണ്ഡവർ ആരെന്ന് കൂടെ നിരമിത്രൻ ചിന്തിക്കുന്നുണ്ട്.
ഒരു തരത്തിൽ പറഞ്ഞാൽ അർജുനൻ അജയ്യനാകാൻ വേണ്ടി ബലികഴിക്കപ്പെട്ട എത്രയോ ജന്മങ്ങളുടെ കഥകളാണ് മഹാഭാരതമത്രയും. ജയിക്കാൻ വേണ്ടി സ്വന്തം മകനെ വരെ ബലി കൊടുക്കുന്ന അർജുനൻ ഒരുപക്ഷേ മഹാഭാരതത്തിലെ ഏറ്റവും പരാജയപ്പെട്ട മനുഷ്യനായിരുന്നിരിക്കണം. ഘടോത്കജന്റെ മരണം നോക്കി നിൽക്കുന്ന ഭീമനെ കാണിച്ചു തന്നത് എംടിയാണ്. ആത്രേയകത്തിൽ എത്തുമ്പോൾ ആ മരണങ്ങൾ സഹിക്കേണ്ടി വരുന്ന ഒരുകൂട്ടം അമ്മമാരെ കാണാം. രാജതന്ത്രത്തെ സ്നേഹമായി തെറ്റിധരിച്ച എത്രയോ സ്ത്രീകൾ അവരുടെ നഷ്ടപ്പെട്ട മക്കളെയോർത്ത് വിലപിക്കുന്നു.
മഹാഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരി വായിച്ചതാണ് ആത്രേയകം എന്ന് പറയാം. ഒരു ഹെട്രോ നോർമിറ്റീവ് ബൈനറി ലോകത്തിനോട് പൊരുതുന്ന ചെറിയ പക്ഷം ആളുകളെങ്കിലും ജീവിക്കുന്ന കേരളത്തിന്റെ ഈ കാലത്ത്, മഹാഭാരതത്തെ ഹിന്ദുത്വ ഒരു ഉപകരണമാക്കുന്ന ഇന്ത്യയിലേക്കാണ് ആർ രാജശ്രീ എന്ന എഴുത്താൾ നിരമിത്രനെയും കൊണ്ട് വരുന്നത്. നിരമിത്രൻ എന്ന പേര് കന്നഡ തമിഴ് എഴുത്തുകളിൽ പ്രതിപാതിപ്പിക്കപ്പെടുന്നുണ്ട്. കേട്ട് പരിചരിച്ച കഥകളുടെ ഒത്തുചേരൽ ഉണ്ട് എന്നതൊഴിച്ചാൽ എഴുത്തുകാരിയുടെ ഭാവന തന്നെയാണ് ആത്രേയകം. അതുകൊണ്ട് തന്നെ ഈ പുസ്തകം മറ്റൊരു കാഴ്ചയാണ്. മഹാഭാരതത്തിലുള്ള അറിവോ അറിവില്ലായ്മയോ ഒരു പരിധിയിൽ കൂടുതൽ ഈ പുസ്തകത്തിന് ഒരു ബാധ്യതയല്ല. മറ്റേത് കഥയും വായിക്കുന്ന ലാഘവത്തിൽ ഈ നോവൽ വായിക്കാം.
തന്റെ മുന്നിലിട്ട് അമ്മയെ അച്ഛൻ, രാജാവ് രാജ്ഞിയെ ബലാത്സംഗം ചെയ്യുന്ന രംഗത്തോട് മാത്രം വിയോജിപ്പുണ്ട്. നിരമിത്രനെന്നോണം വായനക്കാരും നിസ്സഹായതോടെ മരവിച്ച് പോകുന്ന എഴുത്ത് വായിക്കുകയെന്നത് മുന്നറിയിപ്പില്ലാതെ വന്ന ആക്രമണം ആയിരുന്നു. എങ്കിലും വായന ആവശ്യപ്പെടുന്ന, മറ്റൊരു കാഴ്ച നൽകുന്ന, പാണ്ഡവരുടെ വിജയം ലോകത്തിന്റെ തോൽവിയായി വായിക്കപ്പെടാതിരിക്കാൻ പറഞ്ഞ കഥകൾക്ക് മറുകഥയായി ആത്രേയകവും നിൽക്കുന്നു.